കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേക്ക് പോയ വോള്‍വോ ബസ് കത്തിനശിച്ചു

Saturday 14 February 2015 11:13 am IST

കല്‍പ്പറ്റ: കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന വോള്‍‌വോ (കല്ലട) ബസ് കത്തിനശിച്ചു. വയനാട് കാട്ടിക്കുളത്തു വച്ച്‌ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ബസില്‍ നിന്നു രക്ഷപെടാനുള്ള ശ്രമത്തിനിടെ ഒരാള്‍ക്കു നിസാര പരുക്കേറ്റു. മുഖം റോഡിലിടിച്ചു വീണ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് മാനന്തവാടിയില്‍ നിന്ന് പുറപ്പെട്ട് പത്ത് മിനിറ്റിനുള്ളിലായിരുന്നു അപകടം. വൈദ്യുതി ലൈനില്‍ തട്ടിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി ലൈനില്‍ തട്ടിയ ശബ്ദംകേട്ട യാത്രക്കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ യാത്രക്കാര്‍ ജീവനും കൊണ്ട് പുറത്തേക്കിറങ്ങി ഓടി. യാത്രക്കാരില്‍ പലരും ഉറങ്ങാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. ടയറിന്‍റെ മുന്‍ഭാഗത്തു നിന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ബസില്‍ ആകെ 36 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെ മാനന്തവാടിയിലെ സ്വകാര്യ ഹോട്ടിലില്‍ താമസിപ്പിച്ചിരിക്കുകയാണ്. ബസ് 90 ശതമാനവും കത്തി നശിച്ചു. യാത്രക്കാരില്‍ ചിലരുടെ ബാഗുകളും മറ്റും കത്തി നശിച്ചിട്ടുണ്ട്. മാനന്തവാടിയില്‍ നിന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.