കൊപ്രയ്ക്കും നാളികേരത്തിനും വിലസ്ഥിരത നിലനില്‍ക്കുമെന്ന് ബോര്‍ഡ്

Saturday 14 February 2015 6:37 pm IST

കൊച്ചി: കൊപ്ര, നാളികേരം, ഇതര മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് തദ്ദേശ വിപണിയില്‍ ആവശ്യകത കൂടിയതിനാല്‍ നാളികേരത്തിനും മറ്റ് കേരോല്‍പന്നങ്ങള്‍ക്കും വിലസ്ഥിരത നിലനില്‍ക്കാനാണ് സാദ്ധ്യതയെന്ന് നാളികേര വികസന ബോര്‍ഡ്. കയറ്റുമതിക്കും തദ്ദേശീയമായ ആവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും പച്ചത്തേങ്ങ നല്‍കി വരുന്നതിനാല്‍ വില ഉയര്‍ന്നു തന്നെ നില്‍ക്കും. പച്ചത്തേങ്ങയുടെ ആവശ്യകത വര്‍ദ്ധിച്ചതിനാല്‍ കൊപ്രയാക്കി മാറ്റാനുള്ള സാദ്ധ്യത കുറയുകയും അതോടൊപ്പം വിപണിയിലേയ്ക്കുള്ള കൊപ്രയുടെ വരവിലും കുറവ് അനുഭവപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും നല്ലയിനം കൊപ്ര മാര്‍ച്ച് 2015-ഓടെ വിപണിയില്‍ എത്തിച്ചേരുകയും കൊപ്ര വിപണിയില്‍ ഉണര്‍വ് അനുഭവപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ബോര്‍ഡ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നാഫെഡ് സംഭരിച്ച മില്ലിംഗ് കൊപ്ര സ്റ്റോക്ക് മുഴുവനായി ഉപയോഗപ്പെടുത്തി. പ്രമുഖ നാളികേര ഉത്പാദക സംസ്ഥാനങ്ങളിലെ 2014-15 വര്‍ഷത്തെ കണക്കുകള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ച്ചയൊന്നും കാണിക്കുകയും ചെയ്യാത്തതിനാല്‍ വിപണിയില്‍ മില്ലിംഗ് കൊപ്രയ്ക്ക് കുറവനുഭവപ്പെടുന്നു. തദ്ദേശീയമായി വില കൂടുതല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും അയല്‍ രാജ്യങ്ങളിലേക്കുള്ള വിളഞ്ഞതേങ്ങയുടെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവാണ് കാണുന്നത്. വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ കയറ്റുമതിയിലും ഡിസംബര്‍ 2014 മുതല്‍ വന്‍ വര്‍ദ്ധനവാണ് കാണാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ വിലയിടിവിന് ഒരു സാധ്യതയും കാണുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.