തൂലികയ്ക്ക് തോക്കിന്‍കുഴലിനേക്കാള്‍ കരുത്ത്: മേജര്‍ രവി

Saturday 14 February 2015 7:34 pm IST

തിരുവല്ല: തൂലികയ്ക്ക് തോക്കിന്‍ കുഴലിനേക്കാള്‍ കരുത്തുണ്ടെന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ മേജര്‍ രവി അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യവേദി മുപ്പത്തിയൊമ്പതാം വാര്‍ഷിക ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹജീവികളെ സ്‌നേഹിക്കുവാനും ബഹുമാനിക്കാനും പഠിപ്പിക്കുന്ന സംസ്‌ക്കാരമാണ് ഭാരതീയത. ഭാരതത്തിന്റെ സംസ്‌ക്കാരത്തെയും ആചാരങ്ങളെയും സംരക്ഷിക്കുവാന്‍ ഒരോ ഭാരതീയനും കടമയുണ്ട്. എന്നാല്‍ ഭാരതീയ തത്വചിന്തകളെ ബോധപൂര്‍വ്വം മറക്കുവാനുള്ള ശ്രമമാണ് ഇന്ന് നടന്നുവരുന്നത്. ഉധം സിംഗിന്റെയും ഭഗത്‌സിംഗിന്റെയും ജന്മദിനങ്ങള്‍ ആഘോഷിക്കുവാന്‍ മറക്കുന്ന സമൂഹം ഇന്ന് വാലന്റൈന്‍സ്‌ഡെ പോലെയുള്ള വൈദേശിക പാരമ്പര്യത്തിനു പിന്നാലെ പായുന്ന കാഴ്ചയാണ് കാണുന്നത്. മാനുഷിക മൂല്യങ്ങളെ അടിച്ചമര്‍ത്തി ഭരണാധികാര വര്‍ഗ്ഗങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചപ്പോള്‍ അതിനെതിരെ പടപൊരുതുവാന്‍ തോക്കിനെക്കാള്‍ കരുത്തുള്ള തൂലികയാണ് നേതാക്കള്‍ ആയുധമാക്കിയതെന്നും രവി പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന്‍ കവി എസ്. രമേശന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കാര്‍ ഭാരതി ദേശീയ സെക്രട്ടറി വെങ്കിടേഷ്, ആഷാ മേനോന്‍, പ്രൊഫ. ടോണി മാത്യു, കവി പി. നാരായണക്കുറുപ്പ്, ഡോ. ബി.ജി. ഗോകുലന്‍, പി.കെ. രാമചന്ദ്രന്‍, സന്തോഷ് സദാശിവമഠം, തിരുവല്ല വിനോദ്കുമാര്‍, അമൃതകല ശിവകുമാര്‍, ആര്‍ട്ടിസ്റ്റ് ദിലീപന്‍ നമ്പൂതിരി, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 9ന് സമ്മേളനവേദിയായ സത്രം ഓഡിറ്റോറിയത്തില്‍ തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന്‍ നായര്‍ ധ്വജാരോഹണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.