ഭക്തിയുടെ സ്വരൂപം

Saturday 14 February 2015 8:05 pm IST

ഭക്തി സ്‌നേഹസ്വരൂപമാണ്. സ്‌നേഹം ജന്തുസാധാരണമായ ഒരു സ്വഭാവമാണല്ലോ. പ്രാകൃതജന്തുക്കളില്‍പോലും അതു പ്രകടമായി കാണപ്പെടുന്നുണ്ട്. ഇണയേയും സ്വസന്താനങ്ങളേയും മാത്രമെങ്കിലും സ്‌നേഹിക്കാത്ത ജന്തുക്കളില്ല. എന്നാല്‍ ബുദ്ധിവികാസം സിദ്ധിച്ച മനുഷ്യന്‍, തന്നെയും തന്റെ ചുറ്റുപാടും കാണുന്ന എല്ലാറ്റിനേയും സ്‌നേഹിക്കുന്നതുകൊണ്ടുമാത്രം തൃപ്തിപ്പെടുന്നില്ല. അവന്റെ ബുദ്ധിയില്‍ ഈ പ്രപഞ്ചകാരണമായ ഈശ്വരനെക്കുറിച്ചുള്ള ചിന്തകളും അങ്കുരിക്കാറുണ്ട്. അതിന്റെ ഫലമായി മനുഷ്യര്‍ എല്ലാറ്റിലും കൂടുതലായി ഈ സകല ധര്‍മ്മങ്ങളിലുംവെച്ചു പരമമായ ധര്‍മ്മം ഭക്തിയാണെന്നു ധര്‍മ്മശാസ്ത്രങ്ങള്‍ അനുശാസിക്കുന്നു. ''സ വൈ പുംസാം പരോ ധര്‍മ്മോ യതോ ഭക്തിരധോക്ഷജേ'' എന്ന ഭാഗവതവാക്യം അതിനു പ്രമാണമാണ്. നശ്വരമായ വിഷയങ്ങളെ സ്‌നേഹിക്കുന്നതിന്റെ ഫലം സന്താപമായിരിക്കും. കാരണം, സ്‌നേഹത്തിനു വിഷയമായ വസ്തു നശിക്കുമ്പോള്‍ സ്‌നേഹിക്കുന്നവന്‍ സന്തപ്തനായിത്തീരുന്നത് നാം എവിടെയും കണ്ടുവരുന്നു. അനുകൂലമായ വസ്തുവില്‍ സ്‌നേഹവും പ്രതികൂലമായ വസ്തുവില്‍ ദ്വേഷവും ഉണ്ടാകുക ജന്തുക്കള്‍ക്കെല്ലാമുള്ള ഒരു സ്വഭാവമാണ്. സ്‌നേഹിക്കപ്പെടുന്ന വസ്തുതന്നെ എങ്ങനെയെങ്കിലും പ്രതികൂലമാകുമ്പോള്‍ അതിനോടും നമുക്ക് വിദേ്വഷമുണ്ടാകുന്നു.  അതിനാല്‍ പ്രതികൂലമാകാത്ത വസ്തുക്കളെ വേണം സ്‌നേഹിക്കുവാന്‍. അത് ഒന്നേയുള്ളൂ അതാണ് പരം പൊരുളായ ഈശ്വരന്‍. ഈശ്വരന്‍ ഒരിക്കലും പ്രതികൂലമാകാറില്ല. അദ്ദേഹം നമ്മുടെ ആത്മാവാണ്. ആനന്ദസ്വരൂപനുമാണ്. ദേഹവഷം ഇന്ദ്രിയങ്ങളും മനസ്സും മറ്റും നമുക്കു പലപ്പോഴും പ്രതികൂലമായിത്തോന്നാം. എന്നാലും അവയെല്ലാം പ്രകാശിപ്പിക്കുന്ന അവയ്‌ക്കെല്ലാം ജീവനശക്തി നല്‍കുന്ന ആത്മാവ് ഒരു കാലത്തും ഒരുവിധത്തിലും നമുക്കു പ്രതികൂലമായിത്തീരുന്നില്ല. അത്രമാത്രമല്ല, ആ ആത്മാവിന് അനുകൂലമായിരിക്കുന്നിടത്തോളം കാലമേ നാം ദേഹാദി ദൃശ്യവിഷയങ്ങളേയും സ്‌നേഹിക്കുന്നുള്ളൂ. ഇതില്‍നിന്നും തീരുമാനിക്കാം. നാം എല്ലാറ്റിനേയുംകാള്‍ ഇഷ്ടപ്പെടുന്നതും സ്‌നേഹിക്കുന്നതും ആത്മാവിനെയാണെന്ന്. അതുതന്നെയത്രെ സര്‍വ്വത്ര നിറഞ്ഞിരിക്കുന്ന സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്‍. അതിനാല്‍ നാം അറിഞ്ഞായാലും അറിയാതെയായാലും ശരി ഈശ്വരനെ സ്‌നേഹിച്ചുകൊണ്ടാണിരിക്കുന്നത്. പക്ഷേ, പലരും ദൃശ്യവിഷയങ്ങള്‍വഴിയാണ് സ്‌നേഹിക്കുന്നതെന്നുമാത്രം. ഈ സ്‌നേഹം വിഷയങ്ങള്‍വഴിയല്ലാതെ, നേരെ ഈശ്വരനില്‍ ചെന്നുചേരുമ്പോള്‍ നാം സ്വയം ഭക്തന്മാരാകുന്നു. ഈശ്വരന്‍ നിത്യനായതുകൊണ്ട് ഈശ്വരവിഷയകമായുള്ള ഭക്തി നശിക്കുന്നില്ല. അതുകൊണ്ടാണ് ''പരമപ്രേമരൂപമായ ഭക്തി'യെ അമൃതസ്വരൂപമായി നാരദഭക്തിസൂത്രത്തില്‍ നിര്‍വചിച്ചിരിക്കുന്നത്. ആ ഭക്തിയുണ്ടായാല്‍ മനുഷ്യന്‍ സിദ്ധനും അമൃതനും തൃപ്തനുമായിത്തീരുന്നു. അവന്‍ പിന്നീടു മറ്റൊന്നുമാഗ്രഹിക്കുന്നില്ല. ഒരുവിധത്തിലും സങ്കടപ്പെടുന്നില്ല, ഒന്നിനേയും ദ്വേഷിക്കുന്നില്ല. ഒന്നിലും രമിക്കുന്നുമില്ല. എപ്പോഴും ഈശ്വരഭക്തിയില്‍ മത്തനായും സ്തബ്ധനായും  ആത്മാരാമനായും വിജയിക്കുന്നു. അങ്ങനെയുള്ള മനുഷ്യനെയാണു നാരദമഹര്‍ഷി ഭഗവത് ഭക്തനെന്നു പ്രഖ്യാപിക്കുന്നത്. മഹാനുഭാവനായ പ്രസ്തുത ഭക്തന്റെ ഹൃദയത്തില്‍ സഹജമായി പ്രകാശിക്കുന്ന അനിര്‍വചനീയമായ പ്രേമസ്വരൂപമാണ് ശരിയായ പരാഭക്തി. ''യാ പ്രീതിരവിവേകാനാം വിഷയേഷ്വനപായി നീ ത്വാമനുസ്മരരസ്സാ മേ ഹൃദയാന്മാപസര്‍പ്പതു.'' (പ്രാകൃതജനങ്ങളുടെ ഹൃദയത്തില്‍ പുത്രകളത്രാദികളേയും ധനധാന്യാദികളെയും കുറിച്ചുണ്ടാകുന്ന സ്‌നേഹാതിരേകം ഈശ്വരന്റെ നേരെ തിരിഞ്ഞാല്‍ അതാണു യഥാര്‍ത്ഥഭക്തി) ''യുവതീനാം യഥാ യൂനി യുനാം ച യുവതൌ യഥാ മനോഭിരമതേ യദ്വത് മനോ മേ രമതാം ത്വയി.'' (ഒരു യുവാവിന്റെ മനസ്സു തന്റെ പ്രേമാസ്പദമായ യുവതിയിലും, യുവതിയുടെ മനസ്സു  യുവാവിലും രമിക്കുന്നതുപോലെ നമ്മുടെ ചിത്തം ഈശ്വരനില്‍ രമിച്ചാല്‍ അതാണു ഭക്തി.) .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.