സര്‍ക്കാര്‍ യന്ത്രങ്ങള്‍ നോക്കുകുത്തി; കൊയ്യാന്‍ അന്യസംസ്ഥാന യന്ത്രങ്ങള്‍ ആശ്രയം

Saturday 14 February 2015 9:16 pm IST

ആലപ്പുഴ: കുട്ടനാട്-അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ പുഞ്ചകൃഷി വിളവെടുപ്പ് അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ കര്‍ഷകര്‍ക്ക് ആശ്രയംഅയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള  കൊയ്ത്തു യന്ത്രങ്ങള്‍. സര്‍ക്കാര്‍ കൊയ്ത്തു യന്ത്രങ്ങള്‍ സംബന്ധിച്ച് കൃഷിവകുപ്പിനു പോലും ധാരണയില്ല. കഴിഞ്ഞ പുഞ്ചകൃഷിയെ അപേക്ഷിച്ച് ഇക്കുറി നേരത്തെ തന്നെ വിളവെടുപ്പ് നടത്തേണ്ട സാഹചര്യത്തില്‍ യന്ത്രങ്ങളുടെ ലഭ്യതക്കുറവ് കര്‍ഷകരെ ആശങ്കയിലാക്കുന്നു. പുഞ്ചക്കൃഷി കൃത്യമായി കൊയ്‌തെടുക്കുന്നതിന് 250 കൊയ്ത്തു യന്ത്രങ്ങള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കാര്‍ഷിക കലണ്ടര്‍ പ്രകാരം എത്തിക്കാനാണ് കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. യന്ത്ര വാടക മണിക്കൂറിനു പരമാവധി നിരക്ക് 1,750-1,900 രൂപയായിരിക്കും. കഴിഞ്ഞ വര്‍ഷം 1,800-2,000 രൂപയായിരുന്നു. ഔദ്യോഗികമായി ഇത്തരത്തില്‍ പ്രഖ്യാപനം എല്ലാവര്‍ഷവും ഉണ്ടാകാറുണ്ടെങ്കിലും യന്ത്ര ഏജന്റുമാരാണ് പലപ്പോഴും വാടക തീരുമാനിക്കുന്നത്. കൊയ്ത്ത് വ്യാപകമാകുന്നതോടെ ഒരേസമയം മുന്നൂറിലേറെ യന്ത്രങ്ങള്‍ ആവശ്യമായി വരും. കെയ്‌ക്കോയ്ക്ക് 90 യന്ത്രങ്ങളുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നാല്, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മൂന്ന്, സഹകരണ ബാങ്കിന്റെ എട്ട്, സ്വകാര്യ ഏജന്‍സികളുടെ 20 യന്ത്രങ്ങള്‍ ഉള്‍പ്പെടെ ആകെ ജില്ലയില്‍ 125 കൊയ്ത്തു യന്ത്രങ്ങളുണ്ട്. ഇതില്‍ ജില്ലാ പഞ്ചായത്തിന്റെ നാലു യന്ത്രവും പ്രവര്‍ത്തന സജ്ജമല്ല. കുട്ടനാട് പാക്കേജില്‍ കൃഷി വകുപ്പ് വാങ്ങി കെയ്‌കോയ്ക്കു നല്‍കിയ യന്ത്രങ്ങള്‍ കര്‍ഷകര്‍ക്കു വേണ്ട പോലെ ഉപകരിക്കില്ലെന്നു പരാതിയുയര്‍ന്നു. അമ്പലപ്പുഴയിലെ അഗ്രോ-ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ ഓഫീസിലും ആലപ്പുഴയിലെ കളര്‍കോട് കൃഷി എന്‍ജിനിയറിങ് വര്‍ക്ക്‌ഷോപ്പിലുമാണ് സാധാരണയായി ജില്ലയിലെ കൊയ്ത്തുയന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവ എവിടെയാണെന്നതിനെ കുറിച്ച് കര്‍ഷകര്‍ക്ക് യാതൊരു വിവരവുമില്ല. വിളവെടുപ്പ് തുടങ്ങാറായിട്ടും ജില്ലയിലെ അംഗീകൃത വര്‍ക്ക്‌ഷോപ്പുകളിലൊന്നും യന്ത്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനായി എത്തിച്ചിട്ടില്ല എന്നതാണ് ലഭിക്കുന്ന വിവരം. മാത്രമല്ല കാര്യക്ഷമമാക്കുന്നതിനു തീരുമാനിച്ചാല്‍ തന്നെ പ്രഗത്ഭരായ മെക്കാനിക്കുകളുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കും. ജില്ലയില്‍ ആകെ 567 പാടശേഖരങ്ങളിലായി 26,158 ഹെക്ടര്‍ സ്ഥലത്താണു പുഞ്ചക്കൃഷിയുള്ളത്. ഏറ്റവും കൂടുതല്‍ യന്ത്രം വേണ്ടി വരുന്നതു മാര്‍ച്ച് 16 മുതല്‍ 31 വരെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.