ചേര്‍ത്തല മിനി ബസ് സ്റ്റാന്‍ഡ് കടലാസിലൊതുങ്ങി

Saturday 14 February 2015 9:20 pm IST


ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡിനായി ഏറ്റെടുത്ത സ്ഥലം കാടുപിടിച്ച നിലയില്‍

ചേര്‍ത്തല: റെയില്‍വേ സ്‌റ്റേഷന് സമീപത്തെ നഗരസഭയുടെ മിനി ബസ് സ്റ്റാന്‍ഡ് കടലാസിലൊതുങ്ങി. 2008 ഏപ്രില്‍ ഒന്നിനു ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിക്കും എന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. ഒരു ദശാബ്ദം പിന്നിടുമ്പോഴും മിനി ബസ് സ്റ്റാന്‍ഡ് ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.

2005ലാണ് മിനി ബസ് സ്റ്റാന്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ചേര്‍ത്തല വടക്ക് വില്ലേജിലെ ഒരേക്കര്‍ 31 സെന്റ് സ്ഥലം ഇതിനായി വാങ്ങുകയും ചെയ്തു. 2005 മെയ് മാസത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ബസ് സ്റ്റാന്‍ഡിനു തറക്കല്ലിട്ടു. 2006ല്‍ 41,55,000 രൂപ നല്‍കി നഗരസഭ ഈ സ്ഥലം സ്വന്തമാക്കി. പിന്നീട് ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനായി മൂന്നു കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി പൂഴി വിരിച്ചതൊഴിച്ചാല്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നിട്ടില്ല. ബസ് സ്റ്റാന്‍ഡിനൊപ്പം ബഹുനില ഷോപ്പിങ് കോംപ്ലക്‌സ്, താമസ സൗകര്യത്തിനായുള്ള മുറികള്‍ തുടങ്ങിയവയും നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കോടികളുടെ ഈ പദ്ധതി പര്യാപ്തമായ ഫണ്ടില്ലെന്ന് പറഞ്ഞ് അധികൃതര്‍ അട്ടിമറിക്കുകയാണ്.

ജനങ്ങളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റയില്‍വേ സ്‌റ്റേഷനു സമീപത്തെ മിനി ബസ് സ്റ്റാന്‍ഡ് വിഭാവനം ചെയ്തത്. ബസ് സ്റ്റാന്‍ഡ് യാഥാര്‍ത്ഥ്യമായാല്‍ സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകളൊക്കെ ഇവിടെയെത്തും. ഇത് റയില്‍വേ സ്‌റ്റേഷനിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുകയും ചെയ്യും. നിലവില്‍ റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ ദേശീയപാതയോരത്താണ് ബസുകള്‍ നിര്‍ത്തുന്നത്. വളരെ തിരക്കുള്ള ഇവിടെ ബസ് നിര്‍ത്തുന്നത് അപകടങ്ങള്‍ക്ക് വഴിയൊരുക്കും. ജനോപകരപ്രദമായ പദ്ധതിക്ക് വേണ്ടി ചേര്‍ത്തല നിവാസികള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.