പള്ളുരുത്തി: പെരുമ്പടപ്പ്, കോണം പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. പെരുമ്പടപ്പ് മൂന്തുംപുളി പ്രദേശം, കുപ്പക്കാട്ട് ലൈന്‍, വി.എന്‍.പുരുഷന് റോഡ് എന്നിവിടങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്കുറ്റപ്പെടുത്തുന്നു. ഇവിടങ്ങളില്‍ പൊതുടാപ്പിലൂടെ വെള്ള വന്നിട്ട് നാളുകളായി.
കഴിഞ്ഞ മൂന്നുമാസങ്ങള്‍ക്കുമുമ്പ് കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ആവശ്യപ്പെട്ട് ജലഅതോറിറ്റി അധികാരികള്‍ക്കും, വകുപ്പു മന്ത്രിക്കും ബിജെപിയുടെ നേതൃത്വത്തില്‍ ആയിരം പേര് ഒപ്പിട്ട ഭീമഹര്‍ജി സമര്‍പ്പിച്ചിട്ടും കുടിവെള്ള വിതരണം സുഗമമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. കുടിവെള്ളവിതരണം അടിയന്തരമായി പുനസ്ഥാപിക്കാന്‍ നടപടിവേണമെന്ന് ബിജെപി പെരുമ്പടപ്പ് യൂണിറ്റ് അധികാരികളോട് ആവശ്യപ്പെട്ടു.
നഗരസഭാ കൗണ്‍സിലര്‍മാരും, കുടിവെള്ളടാങ്കറുകളും, തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഇവിടേക്ക് പൊതുടാപ്പിലൂടെ കുടിവെള്ള വിതരണം നടക്കാത്തതെന്നും പ്രദേശത്തുകാര്‍ പറയുന്നു. കുടിവെള്ള വിതരണം നടത്തി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ നടപടിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി പള്ളുരുത്തി സൗത്ത് ഏരിയാ ഭാരവാഹിയോഗം മുന്നറിയിപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: