ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞം; സ്കൂളുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും

Thursday 27 October 2011 11:46 pm IST

കൊച്ചി: ജില്ലയിലെ കൗമാരത്തെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന്‌ നവംബര്‍ ഒന്നിനു തുടക്കമാവുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 52 വിദ്യാലയങ്ങളിലും രാവിലെ അര മിനുട്ട്‌ ലഹരി വിരുദ്ധ സത്യ പ്രതിജ്ഞ ചൊല്ലും. അഞ്ച്‌ മുതല്‍ പ്ലസ്‌-ടു വരെയുള്ള വിദ്യാര്‍ത്ഥികളാണ്‌ പ്രതിജ്ഞ ചൊല്ലുക. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 52 സ്കൂളിന്‌ പുറമെ ജില്ലയിലെ മുഴുവന്‍ കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടെക്നിക്കല്‍ സ്ഥാപനങ്ങള്‍, യൂത്ത്‌ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവ കൂടി ഉള്‍പെടുത്തിയാവും ലഹരി വിരുദ്ധ ബോധവല്‍കരണം നടക്കുക. ലഹരിയാസക്തി ഭീതി ജനിപ്പിക്കും വിധം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലഹരിയില്‍ നിന്നും കൗമാരത്തെ രക്ഷിക്കുന്നതിന്‌ ലഹരിരഹിത കൗമാരം അനുഗ്രഹീതം, ലഹരി രഹിത കൗമാരം നാടിന്‍ സമ്പത്ത്‌ എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചാവും പരിപാടി നടക്കുക. കൗമാരത്തെ ലഹരിയില്‍ നിന്നും രക്ഷിച്ച്‌ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വ ബോധമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കുകയാണ്‌ ലക്ഷ്യം. ഇതിനായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്റ്റിയറിംഗ്‌ കമ്മിറ്റി രൂപീകരിച്ചു. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ലഘുലേഖകള്‍, ബാനറുകള്‍ എന്നിവ വിതരണം ചെയ്യും. വിദഗ്ധരെ ഉള്‍പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക്‌ സെമിനാറുകളും എക്സിബിഷനും സംഘടിപ്പിക്കും. അഞ്ചര ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്ന ബോധവല്‍കരണ യജ്ഞത്തിന്റെ പ്രവര്‍ത്തനം സ്പോണ്‍സര്‍മാരെ ഉള്‍പെടുത്തിയാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.