പ്രതീക്ഷകള്‍ക്കപ്പുറത്തെ സുവര്‍ണ്ണ നേട്ടവുമായി അങ്കത്തട്ടില്‍ കേരളം

Saturday 14 February 2015 10:57 pm IST

നെടുമ്പാശേരി: ദേശീയ ഗെയിംസില്‍ നെടുമ്പാശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫെന്‍സിങ്ങ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വിജയമാണ് കേരള വനിതാടീം കൈവരിച്ചതെന്ന് പരിശീലകരും ടീം മാനേജരും പറയുന്നു. നാല് സ്വര്‍ണവും നാല് വെങ്കലവും ഒരു വെള്ളിയുമടക്കം ഒന്‍പത് മെഡലുകളാണ് കേരളത്തിന്റെ ആര്‍ച്ചമാര്‍ അങ്കത്തട്ടില്‍ നിന്ന് കൊയ്‌തെടുത്തത്. അന്താരാഷ്ട്ര റാങ്കിംഗില്‍ 66ാം സ്ഥാനത്തുള്ള ഭവാനിദേവി, വ്യക്തിഗത മെഡലുകള്‍ നേടിയ വി.പി.ദില്‍ന, സ്‌റ്റെഫിത ചാലില്‍, രാധിക പി.അവതി,ഐശ്വര്യ ജി നായര്‍ എന്നിവരും നിഷ ഡൊമിനിക്, വി.ഡെസ്‌നി,അനുമോള്‍ ജോസഫ്,  അശ്വതി രാജ്, ജോസ്‌ന ക്രിസ്റ്റി, നേഹ ഖരേ, അമ്പിളി എന്നീ താരങ്ങളുമാണ് കേരള വനിതാടീമില്‍ അണിനിരന്നത്. കേരളം കൈവരിച്ച നേട്ടത്തില്‍ അഭിമാനമുണ്ടെന്നും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി കൂടുതല്‍ മികച്ച പരിശീലനത്തിനാണ് ഇനി പ്രാധാന്യം നല്‍കുന്നതെന്നും ടീം കോച്ച് സാഗര്‍ ലാഗു പറയുന്നു. രണ്ട് മാസത്തെ പരിശീലനമാണ് ദേശീയഗെയിംസിനായി സാസിസുടെ നേതൃത്വത്തില്‍ നല്‍കിയത്. ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള പരിശീലനത്തിനാണ് ഇനി പ്രാധാന്യം നല്‍കുകയെന്നും സാഗര്‍ പറയുന്നു. സായ് പരിശീലന കേന്ദ്രത്തില്‍ ആണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നില്ല. ഫെന്‍സിങ്ങ് രംഗത്തെത്തുന്ന ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ സമയത്തെ പരിശീലനത്തിലും ഫെന്‍സിങ്ങ് മത്സരത്തില്‍ നാല് സ്വര്‍ണവും നാല് വെങ്കലവും സ്വന്തമാക്കിയ കേരള ടീമിനെക്കുറിച്ച് പറയുമ്പോള്‍ അഭിമാനമാണ് ടീമിന്റെ കോച്ച് ഷീജയ്ക്ക്. കഴിഞ്ഞ ദേശീയഗെയിംസില്‍ രണ്ട് സ്വര്‍ണംമാത്രംനേടിയ ടീം  ഇത്തവണ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ സന്തോഷത്തോടൊപ്പം  കേരളത്തിന്റ ജൂനിയര്‍ താരം ബിബീഷ് വെങ്കലം നേടിയതിന്റെ സന്തോഷവും ഷീജ പങ്കിടുന്നു. തലശേരിയിലും എറണാകുളത്തും മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനക്യാമ്പുകള്‍ നടന്നത്. കേരളത്തിലെ പുരുഷ കായികതാരങ്ങള്‍ക്ക് സായി പോലുള്ള കോച്ചിങ്ങ് സെന്ററുകളില്ലാത്തതാണ് പ്രശ്‌നമെന്നും കോച്ച് വിലയിരുത്തുന്നു. പുരുഷ ടീമുകളുടെ പ്രകടനം മെച്ചപ്പെട്ടു വരുന്നുണ്ട്. കൂടുതല്‍ പരിശീലനത്തിലൂടെ മികച്ച ടീമാക്കി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഷീജ പറയുന്നു. 12 വനിതകളും 12 പുരുഷന്മാരുമടങ്ങു ടീമില്‍ ആല്‍ബര്‍ട്ട് ആന്റോ, ശശിധര്‍ സിംഗ്, എസ്. അക്ഷയ്, എസ്. അഖില്‍ ജിത്തു, ആര്‍.എസ്. സഞ്ജയ്, എം.എസ്. അക്ഷയ്, എസ്.ആര്‍.പ്രബിന്‍, എ. സനില്‍ കുമാര്‍, പി.എം. അഫ്‌സല്‍, പി.എ. മുജീബ് റഹ്മാന്‍, കെ.ആര്‍. ബിബീഷ്, പി.എല്‍. പ്രഭിലാല്‍ എിവരാണ് കേരളത്തിന്റെ പുരുഷ ടീമിനു വേണ്ടി പൊരുതിയത്. സാഗര്‍ സുരേഷ് ലാഗു, വി.കെ. ഷീജ എിവരെക്കൂടാതെ ജിജോ നിതീഷ്, ഒ. രജീഷ് എന്നിവരാണ് ടീമിന്റെ പരിശീലകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.