കൊച്ചി: കെഎസ്ഇബിയുടെ കുത്തക പ്രീണനനയത്തില്‍ പ്രതിഷേധിച്ച് കേരള കേബിള്‍ ടിവി ഫെഡറേഷന്റെ നേതൃത്വത്തില്‍ ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ തിങ്കളാഴ്ച്ച തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലേക്കു മാര്‍ച്ചു ധര്‍ണയും നടത്തുമെന്ന് കേബിള്‍ ടി വി ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റിലയന്‍സ് ഇന്‍ഫോകോമിന്റെ 4ജി സേവനത്തിനായി 5 വര്‍ഷത്തേക്ക് കെഎസ്ഇബി പോസ്റ്റുകള്‍ വാടകക്കു നല്കുവാനുള്ള കെഎസ്ഇബിയുടെ തീരുമാനമാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. ചെറുകിട കേബിള്‍ ടിവി ശൃംഖലയാണ് കെഎസ്ഇബിയുടെ 75ശതമാനം പോസ്റ്റുകളും നിലവില്‍ ഉപയോഗിക്കുന്നത്. അവയുള്പ്പെടെയാണ് 5 വര്‍ഷത്തെ വാടക മുന്‍കൂറായി വാങ്ങി റിലയന്‍സിനു വിട്ടു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.അതിനു പുറമേ ഒന്നിലധികം പേര്‍ക്ക് ഇലക്ട്രിക് പോസ്റ്റുകള്‍ വാടകക്കു നല്‍കണമെന്ന ചെറുകിട കേബിള്ടിവിക്കാരുടെ ആവശ്യം 15 വര്‍ഷത്തോളമായി പോസ്റ്റിന്റെ സുരക്ഷ ജീവനക്കാരുടെ സുരക്ഷ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിയിരുന്ന ഇലക്ട്രിസിറ്റി ബോര്‍ഡ് റിലയന്‍സിന്റെ സമാനമായ ആവശ്യം അനുവദിക്കുകയും ചെയ്തു.
കുത്തക കേബിള്‍ കമ്പനികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വര്‍ഷങ്ങളോളമായി തങ്ങളുടെ ആവശ്യം ബോര്‍ഡ് നിരാകരിച്ചതെന്നും ഫെഡറേഷന് ഭാരവാഹികള്‍ ആരോപിച്ചു.ഒന്നിലധികം കമ്പനികള്‍ക്ക് പോസ്റ്റുകള്‍ വിട്ടു നല്കുമ്പോള് അതിനനുസരിച്ച് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് വാടകനിരക്ക് പങ്കുവക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുക, ഉപയോഗിക്കാത്ത കാലത്തെ പോസ്റ്റ് വാടകനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ കേബിള്‍ടിവി ഫെഡറേഷന് പ്രസിഡണ്ട് ഇ.ജയദേവന്, സെക്രട്ടറി ആര്.സുനില്‍കുമാര്‍, വൈസ് പ്രസിഡണ്ട് പ്രദീപ്കുമാര്‍, എറണാകുളം ജില്ലാ പ്രസിഡണ്ട് വിക്ടര്‍.എ.ജെ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: