അപകട കാരണം പാളത്തിലെ വിള്ളല്‍

Saturday 14 February 2015 11:15 pm IST

റെയില്‍പാളത്തിലെ തകര്‍ന്നുപോയ ഭാഗം

ബംഗളൂരു/കൊച്ചി: ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ ഹൊസൂര്‍ ട്രെയിനപകടത്തെപ്പറ്റി റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ എസ്.കെ.മിത്തല്‍ വിശദമായ അന്വേഷണം തുടങ്ങി. ഇതുസംബന്ധിച്ച് ഇന്നലെ അപകടസ്ഥലത്ത് തെളിവെടുപ്പ് തുടങ്ങി. ആദ്യം 11 പേര്‍ മരിച്ചെന്നായിരുന്നു വാര്‍ത്തകള്‍. വൈകിയാണ് മരണം ഒന്‍പതാണെന്ന് റെയില്‍വേ സ്ഥിരീകരിച്ചത്.

പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നാണ് സംശയം. ഈ വിള്ളല്‍ സ്വയം ഉണ്ടായതാണോ ആരെങ്കിലും ഉണ്ടാക്കിയതാണോയെന്നാണ് കണ്ടെത്തേണ്ടത്.
ഇന്നലെ അപകടം നടന്ന ശേഷം ചിലര്‍ എടുത്ത ഫോട്ടോ റെയില്‍വേയ്ക്ക് ലഭിച്ചിട്ടുണ്ട്. പാളത്തിന്റെ ഒരു ചെറിയ ഭാഗം തന്നെ  നഷ്ടപ്പെട്ടതായി ഇതില്‍ കാണാം. അതായത് സാമാന്യം വലിയ വിള്ളല്‍. ഇതെങ്ങനെ ഉണ്ടായിയെന്നതിലേക്കാണ് അന്വേഷണം നീളുന്നത്.
ഒന്നുകില്‍ പാളത്തിലുണ്ടായിരുന്ന ചെറിയ വിള്ളല്‍ ഏതാനും കോച്ചുകള്‍ കടന്നുപോയതോടെ വലുതായതായിരിക്കാം. അതിന് വളരെ സാധ്യതയുണ്ടെന്ന് പരിചയസമ്പന്നരായ ലോക്കോ പൈലറ്റുമാര്‍ പറയുന്നു. അല്ലെങ്കില്‍ ഈ വിളളല്‍ ആരെങ്കിലും ഉണ്ടാക്കിയതുമാകാം. പാളത്തിന്റെ ഒരു ഭാഗം പൊട്ടിച്ചുണ്ടാക്കിയ വിള്ളല്‍. അങ്ങനെയെങ്കില്‍ ഇത് അട്ടിമറിയാണ്. ലോക്കോ പൈലറ്റുമാര്‍ പറയുന്നു.

അപകട കാരണം വിള്ളല്‍ തന്നെയാണെന്നാണ് ഫോട്ടോ തെളിയിക്കുന്നത്.
സംഭവത്തിനു പിന്നില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കടുത്ത നടപടി എടുക്കുമെന്നാണ് ഇന്നലെ ദുരന്തസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍
മന്ത്രി  ഉത്തരവിട്ടു. സംഭവത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും പറഞ്ഞു. വേഗത്തില്‍ വന്ന ട്രെയിനിനടിയിലേക്ക് പാറക്കഷണം വീണതാണ് അപകട കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ അത്തരമൊരു സാഹചര്യം ഇല്ലായിരുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ട്രെയിന്‍ അമിത വേഗത്തിലായിരുന്നില്ല. ഈ ഭാഗത്ത് 85 കിലോമീറ്ററാണ് വേഗ പരിധി. അപകടത്തില്‍ പെട്ട ട്രെയിനിന് ഈ ഭാഗത്ത് എത്തിയപ്പോള്‍ വെറും 78 കിലോമീറ്റര്‍ വേഗതയേ ഉണ്ടായിരുന്നുള്ളൂ. സ്പീഡ് സ്വയം റെക്കാര്‍ഡ് ചെയ്തു വയ്ക്കുന്ന സംവിധാനം ഇന്ന് എല്ലാ ട്രെയിനുകളുടേയും എന്‍ജിനുകളിലുണ്ട്. ഒരോ സെക്കന്റിലും ഉള്ള വേഗത അതില്‍ രേഖപ്പെടുത്തും. ഇന്നലെ സുരക്ഷാ കമ്മീഷണര്‍ സ്ഥലത്ത് എത്തി ഈ സംവിധാനം സീല്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.
പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകട കാരണമെന്ന സംശയവും ഇന്നലെ ഉയര്‍ന്നിരുന്നു. ട്രെയിനില്‍ തീ പടരുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പെട്ടെന്ന് താന്‍ ബ്രേക്കിട്ടിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് മൊഴി നല്‍കിയത്. എന്നാല്‍  ബ്രേക്കിട്ടാല്‍ കോച്ചുകള്‍ പാളം തെറ്റില്ലെന്ന് ലോക്കോ പൈലറ്റുമാര്‍ പറയുന്നു. പെട്ടെന്ന് ബ്രേക്കിട്ടാല്‍ ട്രെയിന്‍ പാളം തെറ്റുമെങ്കില്‍ പിന്നെ ഈ സംവിധാനം തന്നെ വേണ്ടല്ലോ.. ഒരു ലോക്കോ പൈലറ്റ് ജന്മഭൂമിയോട് പറഞ്ഞു. ബ്രേക്കിട്ടാല്‍ എല്ലാ കോച്ചുകളും ഒന്നിച്ചുതന്നെ നില്‍ക്കും. അദ്ദേഹം പറഞ്ഞു.
ചില കോച്ചുകള്‍  പഴക്കം ചെന്നതായിരുന്നുവെന്നും സംശയമുണ്ട്. ഇക്കാര്യം സേഫ്റ്റി കമ്മീഷണര്‍ പരിശോധിക്കുന്നുണ്ട്.

പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഡി 8, 9 കോച്ചുകളില്‍ യാത്ര ചെയ്തിരുന്നവരടക്കമുള്ളവരില്‍ നിന്ന് കമ്മീഷന്‍ തെളിവെടുക്കും. അവരുടെ മൊഴികളില്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വെള്ളിയാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് ബംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് കര്‍ണ്ണാടകത്തിലെ ഹൊസൂരിനടുത്ത് പാളം തെറ്റി അഞ്ച് മലയാളികളടക്കം 9 പേര്‍ മരിച്ചത്.

ബജറ്റില്‍ സുരക്ഷയ്ക്ക്
കൂടുതല്‍ തുക: മന്ത്രി
ബംഗളൂരു: റെയില്‍വേയുടെ സുരക്ഷക്കായി അടുത്ത ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. അതിനായി കൂടുതല്‍ വിഭവസമാഹരണം ലക്ഷ്യം വെക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് അടിയന്തര ശ്രദ്ധ ആവശ്യമുള്ള കാവല്‍ക്കാരില്ലാത്ത പതിനൊന്നായിരത്തിലേറെ റെയില്‍വേ ഗേറ്റുകള്‍ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.