അംബേദ്കര്‍ ആര്‍എസ്എസ് ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്നു: സര്‍സംഘചാലക്

Sunday 15 February 2015 10:00 pm IST

കാണ്‍പൂര്‍: ഡോ. ബി. ആര്‍. അംബേദ്കള്‍ ആര്‍എസ്എസ് ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്നുവെന്നും സ്വയംസേവകര്‍ സാമൂഹ്യഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകങ്ങളാണെന്നു വിശേഷിപ്പിച്ചിരുന്നുവെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഉന്നാവോയിലെ സന്ത് പുരാണ്‍ ദാസ് നഗറില്‍ ആര്‍എസ്എസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പട്ടികജാതിക്കാരെ പൊതുധാരയില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനപദ്ധതി ആര്‍എസ്എസ് ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഭാരതത്തിന്റെ ദേശീയ പതാകയായി ആര്‍എസ്എസ് പൂജിക്കുന്ന ഭഗവദ്ധ്വജം സ്വീകരിക്കണമെന്ന് അംബേദ്കര്‍ പറഞ്ഞിരുന്നു. നമുക്ക് വിവിധ സമൂഹങ്ങള്‍ക്കിടയിലുള്ള അകല്‍ച്ച ഇല്ലാതാക്കാന്‍ നപടികള്‍ എടുക്കണം. ഈ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിച്ചിരുന്ന അംബേദ്കര്‍ ഹിന്ദുത്വത്തിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ആര്‍എസ്എസ് ആചാര്യന്മാരില്‍ ഒരാളായ ദത്തോപാന്ത് ഠേംഗ്ഡിയുമായി ചര്‍ച്ചചെയ്തിരുന്നു, ഡോ. ഭാഗവത് പറഞ്ഞു. സംസ്‌കൃതം ദേശീയ ഭാഷയാകണമെന്നും കാവിക്കൊടിയാകണം ദേശീയ പതാകയാകേണ്ടതെന്നും അംബേദ്കര്‍ പറഞ്ഞിരുന്നു. പക്ഷേ, അക്കാലത്ത് അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ഭാഗ്യംകൊണ്ടു സാധിച്ചില്ല, ഡോ. ഭാഗവത് പറഞ്ഞു. സമൂഹത്തില്‍ താഴ്ന്നവിഭാഗത്തില്‍ പെട്ടവരെ ചില ശക്തികള്‍ക്ക് അവരുടെ രാഷ്ട്രീയായുധമായി വിനിയോഗിക്കാന്‍ അവസരമായത് നിര്‍ഭാഗ്യകരമായെന്ന്  സര്‍സംഘചാലക് പറഞ്ഞു. ആ ശക്തികള്‍ രാഷ്ട്രത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ എന്നും വിഭജിച്ചു നിര്‍ത്തുന്ന കാര്യത്തില്‍ വിജയിച്ചു. ''അംബേദ്കറുടെ ആദര്‍ശായുധം വിനിയോഗിച്ച് ദളിത് വിഭാഗത്തില്‍ പെട്ടവരേയും മുഖ്യധാരയില്‍ കൊണ്ടുവരുന്ന പ്രശ്‌നം ആര്‍എസ്എസ് ഏറ്റെടുക്കും. ഞങ്ങളുടെ ഏറ്റവും പ്രഗത്ഭരായവരെ ഈ യജ്ഞത്തിനായി ഞങ്ങള്‍ വിന്യസിക്കും,'' സര്‍സംഘചാലക് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.