യോഗ്യതയില്ലാത്തവര്‍ക്കും എഞ്ചിനീയറിംഗ് പഠിക്കാം

Monday 16 February 2015 12:47 am IST

കൊച്ചി: കേരളത്തില്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ വിദ്യാഭ്യാസകൊള്ളക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. സ്വാശ്രയ കോളേജുകളില്‍  പഠനത്തിന് യോഗ്യതയുള്ള വിദ്യാര്‍ത്ഥികളെ കിട്ടാനില്ല എന്നതാണവസ്ഥ.  സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ മിക്കതും  യോഗ്യതയുള്ള വിദ്യാര്‍ത്ഥികളെ കിട്ടാത്ത അവസ്ഥയില്‍ അയോഗ്യരെ കൃത്രിമയോഗ്യതകളുണ്ടാക്കി പ്രവേശനം നല്‍കുകയാണ്. എഞ്ചിനീയറിംഗ് പ്രവേശനത്തിന്   എന്‍ട്രന്‍സ് പരീക്ഷയും മിനിമം മാര്‍ക്കും ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കത്തിനു പിന്നിലും സ്വാശ്രയ മാനേജ്‌മെന്റുകളുടെ സ്വാധീനമാണ്. വന്‍ അഴിമതിയും ഈനീക്കത്തിന് പിന്നിലുള്ളതായി സംശയിക്കുന്നു.എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കം സംസ്ഥാനത്ത്്  എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ മരണമണി മുഴക്കും. കേരളത്തില്‍ ആകെ 148 എഞ്ചിനീയറിംഗ് കോളേജുകളിലായി ആകെ 52211 സീറ്റുകളാണുള്ളത്. ഇതില്‍ പകുതിയിലേറെ സീറ്റുകളും ഇപ്പോള്‍ തന്നെ ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കിയുള്ള സീറ്റുകളില്‍ പഠിക്കുന്ന കുട്ടികളിലേറെയും ഹയര്‍ സെക്കണ്ടറിക്കും എന്‍ട്രന്‍സിനും മിനിമം മാര്‍ക്ക് നേടിയവരുമാണ്. എഞ്ചിനീയറിംഗ്  പരീക്ഷയില്‍ ഇവരുടെ വിജയശതമാനമാകട്ടെ 20ല്‍ താഴെയും.മിക്ക സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലും 80 ശതമാനത്തിലധികം  വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയിലും തോല്‍ക്കുകയാണ്. എന്‍ട്രന്‍സ് പരീക്ഷയും മിനിമം മാര്‍ക്കും ഒഴിവാക്കുന്നതോടെ കൂടുതല്‍ കുട്ടികളെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്വാശ്രയകോളേജ് മാനേജ്‌മെന്റുകള്‍. എന്നാല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് അടിസ്ഥാന യോഗ്യതയില്ലാത്തവരില്‍ നിന്ന് എത്രശതമാനം വിജയിക്കും എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. അതിനിടെ ചില സ്വാശ്രയകോളേജുകളില്‍ പരീക്ഷ ജയിപ്പിച്ചുകൊടുക്കാനുള്ള സംവിധാനവുമുള്ളതായി പറയുന്നു. കോപ്പിയടിക്കാനുള്ള സൗകര്യവും അധ്യാപകരുടെ സഹായവും ഇതിനുണ്ട് എന്നാണ് വിവരം. എഞ്ചിനീയറിംഗ് പരീക്ഷാ ഹാളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന കോടതി നിര്‍ദ്ദേശത്തെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ അട്ടിമറിച്ചത് ഇക്കാരണം കൊണ്ടാണെന്ന് പറയുന്നു. കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച വന്‍കിട കമ്പനികളും തൊഴില്‍ ദാതാക്കളും ഗൗരവത്തോടെയാണ് കാണുന്നത്. കേരളത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുമായി ചെന്നാല്‍ പലപ്പോഴും പരിഗണിക്കപ്പെടാറില്ലെന്ന് ഉദ്യോഗാര്‍ത്ഥികളും പറയുന്നു. നിലവാരം കുറഞ്ഞതോടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള കമ്പനികളുടെ കാമ്പസ് സെലക്ഷനും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കാമ്പസ് സെലക്ഷനിലുണ്ടായ കുറവ് 60 ശതമാനത്തിലേറെയാണ്. സംസ്ഥാനത്ത് എസ്എസ്എല്‍സിക്കും ഹയര്‍ സെക്കണ്ടറിക്കും നിരന്തര മൂല്യനിര്‍ണ്ണയം എന്ന ഓമനപ്പേരില്‍ ഓള്‍പ്രമോഷന്‍ ഏര്‍പ്പെടുത്തിയതും സ്വാശ്രയ ലോബിയുടെ സമ്മര്‍ദ്ദഫലമായാണെന്ന് വിദ്യാഭ്യാസവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൂണുകള്‍പോലെ മുളച്ചു പൊങ്ങിയ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ഹയര്‍ സെക്കണ്ടറി എങ്ങനെയെങ്കിലും പാസ്സായ വിദ്യാര്‍ത്ഥികളെ കിട്ടിയാല്‍ മതിയെന്നാണ്. എന്തുവിലകൊടുത്തും മക്കളെ എഞ്ചിനീയര്‍മാരാക്കാന്‍ താത്പര്യമുള്ള രക്ഷകര്‍ത്താക്കളാകട്ടെ അവരുടെ കഴിവും യോഗ്യതയും പരിഗണിക്കാതെ ലക്ഷങ്ങള്‍ നല്‍കി സ്വാശ്രയ കോളേജുകളില്‍ പ്രവേശനം തരപ്പെടുത്തുകയും ചെയ്യുന്നു. ഇനി എന്‍ട്രന്‍സ് പരീക്ഷയും മിനിമം മാര്‍ക്കും കൂടി ഒഴിവാകുന്നതോടെ സ്വാശ്രയ ലോബിയുടെ താത്പര്യങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാവും. നിശ്ചിത ശതമാനം വിജയമില്ലാത്ത എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് പോലും ഇങ്ങനെ അടച്ചുപൂട്ടിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.