നെല്ലുവില നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല; കര്‍ഷകര്‍ കടക്കെണിയിലേക്ക്

Monday 16 February 2015 6:59 pm IST

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നെല്ല് വില നല്‍കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോക്കം പേകുന്നു. കര്‍ഷകര്‍ക്ക് ഉടന്‍ ലഭിക്കുക കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം മാത്രം. നെല്ലു വില വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന് വ്യാപകമായി ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ഉള്ള വില പോലും നല്‍കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുന്നത്. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ വില നല്കുന്നത് ഇക്കാരണത്താല്‍ സപ്ലൈകോ വെട്ടിക്കുറച്ചു. കിലോഗ്രാമിന് 19 രൂപ നെല്ലുവിലയുള്ളപ്പോഴും  സംഭരിച്ച നെല്ലിന്റെ പിആര്‍എസ് എഴുതുമ്പോള്‍ ഇനി മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിലയായ 13.60 രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശേഷിക്കുന്ന 5.40 രൂപ സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയായാണ് നല്‍കിയിരുന്നത്. ഈ തുക ഇനി മുതല്‍ കര്‍ഷകരുടെ അക്കൗണ്ടു മുഖേന നല്‍കാനാണ് തീരുമാനം. ഈ തുക എപ്പോള്‍ നല്‍കുമെന്നതു സംബന്ധിച്ച് വ്യക്തതയൊന്നുമില്ല. ഫലത്തില്‍ നെല്ലുവിലയായി കര്‍ഷകര്‍ക്ക് കിലോയ്ക്ക് 13.60 രൂപ മാത്രമാണ് ലഭിക്കുക. രാസവളം, കീടനാശിനികള്‍, കൃഷിച്ചെലവുകള്‍ എന്നിവ വര്‍ധിച്ചതിനെ തുടര്‍ന്ന് നെല്ലുവില കിലോയ്ക്ക് 25 രൂപയാക്കി ഉയര്‍ത്തണമെന്ന ആവശ്യം കര്‍ഷകരും സംഘടനകളും ഉന്നയിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ഈ സംവിധാനം നടപ്പിലായാല്‍ നെല്‍കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്കു തന്നെ ഇതു കാരണമാകും. കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കാനും നിര്‍ബന്ധിതരാകും. സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി തുക ലഭിക്കാന്‍ വര്‍ഷങ്ങള്‍ വൈകുന്നത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും. ഏക്കറിന് 20,000 രൂപ വരെ പാട്ടം നല്‍കി കൃഷിയിറക്കിയിരിക്കുന്ന കര്‍ഷകരെയാണ് സര്‍ക്കാരിന്റെ നയം സാരമായി ബാധിക്കുന്നത്. നിലമൊരുക്കല്‍, വിത്തുവില, വിതക്കൂലി, കളനാശിനിയുടെ വില, തളിക്കല്‍ കൂലി, വളപ്രയോഗങ്ങള്‍, നടീല്‍, കളപറിക്കല്‍, കൊയ്ത്തുകൂലി, സംഭരണ ചെലവുകള്‍ എന്നിവയുള്‍പ്പടെ കുറഞ്ഞത് 15,000 രൂപയെങ്കിലും ചെലവു വരും. പാട്ടത്തുക കൂടിയാകുമ്പോള്‍ ഇതു 35,000 രൂപയെങ്കിലുമാകും. ഒരു പറ നിലത്തില്‍ ശരാശരി രണ്ടര ക്വിന്റല്‍ വിളവു ലഭിച്ചാല്‍ പോലും ഈ സാഹചര്യത്തില്‍ കൃഷി നഷ്ടത്തിലേ കലാശിക്കൂ. ഒരു ഭാഗത്ത് കൃഷിക്ക് പ്രോത്‌സാഹനം നല്‍കുന്നതിനായി പദ്ധതികള്‍ പ്രഖ്യാപിക്കുകയും മറു ഭാഗത്ത് കര്‍ഷകര്‍ക്ക് നെല്ലുവില നല്‍കാന്‍ പോലും തയ്യാറാകാതെ അവരെ സര്‍ക്കാര്‍ കടക്കെണിയിലേക്ക് നയിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.