232. മഹാശയാഃ – മഹത്തായ ആശയമുള്ളവള്. ആശയം എന്നപദത്തിന് മനസ്സെന്നും മനസ്സില്‍ രൂപംകൊള്ളുന്ന സാര്‍ത്ഥകമായ സങ്കല്പം എന്നും അര്‍ത്ഥം പറയാം. കാലവും പ്രപഞ്ചവും ദേവാസുര മനുഷ്യാദിയായി അണുജീവികള്‍ വരെയുള്ളവയുടെ പരസ്പരബന്ധങ്ങളും എല്ലാം ദേവിയുടെ സങ്കല്പം മാത്രമാകയാല്‍ ദേവി എന്ന നാമം അര്‍ഹിക്കുന്നു.
ആശയത്തിന് ഇരിപ്പിടം എന്നും അര്‍ത്ഥം. ബ്രഹ്മാണ്ഡകോടികളുള്പ്പെട്ട പ്രപഞ്ചത്തിന്റെ ഭരണാധിപത്യം സൂചിപ്പിക്കുന്ന സിംഹാസനം ഇരിപ്പിടമായുള്ള ദേവി എന്നു വ്യാഖ്യാനിക്കാം.
മഹത്തുക്കളായ സജ്ജനങ്ങളുടെ ഹൃദയമാകുന്ന ആസനത്തില്‍ സ്ഥിതിചെയ്യുന്നവളാകയാലും മഹാശയ.
232. മഹാദേവിഃ – മഹതിയായ ദേവി. ദേവീശക്തികളില് ഏറ്റവും ശ്രേഷ്ഠയായ പരാശക്തി. അളക്കാനോ ഊഹിക്കാനോ കഴിയാത്ത പ്രപഞ്ചാതീതയാകയാല് മഹാദേവി എന്നു നാമം.
മഹാദേവനായ ശ്രീപരമേശ്വരന്റെ പത്നിയാകയാലും മഹാദേവി.
234. മഹാശക്തിഃ – സര്വശ്രേഷ്ഠയായ ശക്തി, പരാശക്തി. ശക്തി എന്ന പദത്തിന് ഊര്‍ജ്ജം, ബലം, ശേഷി, പാടവം, കരുത്ത്, അധികാരം, പ്രഭാവം എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍. അസംഖ്യം രൂപങ്ങളില്‍ പ്രപഞ്ചം കവിഞ്ഞു പ്രവര്‍ത്തിക്കുന്ന ദേവിയുടെ മഹാശക്തി ഏറ്റവും ചെറിയ അണുവിനുള്ളില്‍ സര്‍വസംഹാരകമായ സ്ഫോടകശക്തിയാലും മഹാസമുദ്രത്തില്‍ ശാന്തതയായും വര്‍ത്തിക്കുന്നു. പല കഴിവുകളുള്ള ജീവികളായും അവയെ താങ്ങുന്ന ധരണിയായും കാറ്റായും വെളിച്ചമായും ചൂടായും തണുപ്പായും മറ്റനേകം പ്രതിഭാസങ്ങളാലും വര്‍ത്തിക്കുന്ന സര്‍വാതീതമായ പരാശക്തിയാകയാല് ഏറ്റവും മഹത്തായ ശക്തിയായി, മഹാശക്തിയായി സ്തുക്കുന്നു.
ശക്തിക്ക് മായ, ലക്ഷ്മി, ഗണപതി, പ്രകൃതി എന്നീ അര്‍ത്ഥങ്ങളുമുണ്ട്. മഹാ എന്ന വിശേഷണം ചേരുമ്പോള്‍ മഹാമായ, മഹാലക്ഷ്മി, മഹാഗണപതി, മൂലപ്രകൃതി എന്നീ അര്‍ത്ഥങ്ങളും ഈ നാമത്തിനുണ്ട്.
ആയുധം, വാള്, വേല് എന്നീ അര്‍ത്ഥങ്ങളും ശക്തി എന്ന പദത്തിനുണ്ട്. സംഹാരശക്തിയുടെ പ്രതീകങ്ങളായ ആയുധങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായവ ദേവീരൂപമാണെന്നും വ്യാഖ്യാനിക്കാം.
235. മഹാത്രിപുരസുന്ദരീഃ – ത്രിപുരനായ ശ്രീപരമേശ്വരന്റെ സുന്ദരിയും മഹതിയുമായ പത്നിയാകയാല്‍ മഹാത്രിപുരസുന്ദരി. ത്രിപുര എന്ന പദത്തിന് ത്രിമൂര്‍ത്തികളെക്കാള്‍ പുരാതനയായവള്‍ എന്ന് ഒരു വ്യാഖ്യാനം. ”മൂര്‍ത്തിത്രയസ്യാപി പുരാതനത്യാത് തദംബികായാഃ ത്രിപുരേതിസംജ്ഞാ” എന്ന ശാക്തേയമതം. ത്രിപുരങ്ങളില്‍ വസിക്കുന്ന സുന്ദരിയും മൂന്നുമൂര്ത്തികളെക്കാള് പുരാതനയുമാകയാല്‍ ത്രിപുരസുന്ദരി.
മൂന്നു മൂര്‍ത്തികള്‍, മൂന്നുശക്തികള്, മൂന്നു കാലങ്ങള്‍,മൂന്നു സ്വരങ്ങള്‍, മൂന്നു ലോകങ്ങള്‍ തുടങ്ങി മൂന്ന് എന്ന വിഭാഗം കാണുന്നിടത്തെല്ലാം ത്രിത്വമായി പ്രത്യക്ഷപ്പെടുന്ന മഹാസുന്ദരി എന്നും ഈ നാമത്തെ വ്യാഖ്യാനിച്ചു കാണുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: