സിപിഎമ്മിലെ തമ്മിലടി; കെട്ടിടം ഉടമ ഓഫീസ് താഴിട്ടു പൂട്ടി

Tuesday 17 February 2015 6:32 pm IST

തോട്ടപ്പള്ളി: പാര്‍ട്ടി അണികളുടെ കൂട്ടയടിയെ തുടര്‍ന്ന് സിപിഎം തോട്ടപ്പള്ളി എല്‍സി ഓഫീസ് ഉടമ താഴിട്ടു പൂട്ടി. കഴിഞ്ഞദിവസം വൈകിട്ട് ഓഫീസില്‍ നടന്ന കൂട്ടയടിയില്‍ ഒരാള്‍ക്ക് കുത്തേറ്റതോടെയാണ് പാര്‍ട്ടി അനുഭാവിയായ ഉടമ ഓഫീസ് കെട്ടിടം താഴിട്ടു പൂട്ടിയത്. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് നടക്കുന്ന റെഡ് വോളന്റിയേഴ്‌സ് പരേഡിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയവരാണ് ചേരിതിരിഞ്ഞ് തല്ലിയത്. ഒരാള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തിരുന്നു. അടിക്ക് തുടക്കമിട്ടത് വിഎസ് വിഭാഗത്തെ അനുകൂലിക്കുന്നവരാണെന്ന് പറയപ്പെടുന്നു. വര്‍ഷങ്ങളായി വിഎസ് വിഭാഗത്തിന് ആധിപത്യം ഉണ്ടായിരുന്ന ലോക്കല്‍ കമ്മറ്റി കഴിഞ്ഞ സമ്മേളനത്തോടെ പിണറായി പക്ഷം പിടിച്ചെടുത്തിരുന്നു. പാര്‍ട്ടി സമ്മേളനം വിജയിപ്പിക്കുവാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ കൂട്ടിപിടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഏറ്റുമുട്ടിയവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങള്‍ ഇതിനു തെളിവാണെന്നും ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് പാര്‍ട്ടി സമ്മേളനം വിജയിപ്പിക്കാന്‍ നടത്തുന്ന നീക്കം പാര്‍ട്ടിക്ക് വിനയാകുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ തോട്ടപ്പള്ളിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതായും അറിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.