കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി; ജനം വലയുന്നു

Tuesday 17 February 2015 9:30 pm IST

കുട്ടനാട്: വേനല്‍ക്കാലം തുടങ്ങിയതോടെ കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടങ്ങി. നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന്, നെടുമുടി, കൈനകരി, ചമ്പക്കുളം പ്രദേശങ്ങളിലാണ് ഇപ്പോള്‍ത്തന്നെ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത്. കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളില്‍ പൊതുടാപ്പുകള്‍ വഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളവിതരണം നിലച്ചിട്ടു ഒരു ദശാബ്ദത്തോളമായി. മറ്റുപഞ്ചായത്തുകളിലും ശുദ്ധജലവിതരണം ഭാഗീകമാണ്. ചമ്പക്കുളം പഞ്ചായത്തില്‍ എട്ട്, ഒമ്പത്, 11, 12 വാര്‍ഡുകളിലേക്കു കുടിവെള്ളം വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഒരാഴ്ചയോളമായി പ്രദേശങ്ങളില്‍ ലഭിക്കുന്ന വെള്ളത്തിന്റെ അളവില്‍ ഗണ്യമായ കുറവാണനുഭവപ്പെടുന്നത്. രണ്ടു പമ്പ്ഹൗസുകളും സമീപത്തെ കുഴല്‍ക്കിണറുകളില്‍ നിന്നുള്ള വെള്ളമാണ് പമ്പുചെയ്യുന്നത്. പമ്പ്ഹൗസുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങള്‍ കാലഹരണപ്പെട്ടവയായതിനാലാണ് വെള്ളത്തിന്റെ അളവില്‍ കുറവുവരുന്നതെന്നാണു വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. കുടിവെള്ളക്ഷാമം അറിയിക്കാന്‍ ജനപ്രതിനിധികള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഫോണെടുക്കാറില്ലെന്നും പരാതിയുണ്ട്. കുടിവെള്ളം ഏറെക്കുറെ പൂര്‍ണമായി വിതരണം നടന്നിരുന്ന സ്ഥലങ്ങളില്‍പോലും വേനല്‍ ആരംഭത്തില്‍ തന്നെ ക്ഷാമം നേരിട്ടപ്പോള്‍ വരുംമാസങ്ങളില്‍ ജലവിതരണം കുറവായ പ്രദേശങ്ങളെ ക്ഷാമം രൂക്ഷമായി ബാധിക്കാനിടയുണ്ട്. കടുത്ത വേനലിനു മുമ്പായി ലൈനിലെ തകരാറുകള്‍ പരിഹരിക്കുകയും പുതിയ പൈപ്പുലൈനുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ അതിവേഗം പൂര്‍ത്തിയാക്കുകയും വേണമെന്നാണു ആവശ്യമുയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.