യുവാവിന്റെ ഇരുകൈകളും തല്ലിയൊടിച്ചു: ഒരാള്‍ അറസ്റ്റില്‍

Tuesday 17 February 2015 9:34 pm IST

ചെങ്ങന്നൂര്‍: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിന്റെ ഇരുകൈകളും തല്ലിയൊടിച്ച സംഭവത്തില്‍ ചെങ്ങന്നൂര്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കുറ്റൂര്‍ ഓതറ വൃന്ദാവനം കോളനിയില്‍ കഴിക്കണ്ണംചിറ വീട്ടില്‍ അഖില്‍ കുമാറി (അജി-19)നെയാണ് എസ്‌ഐ: സെല്‍വണ്‍സണ്‍ നെറ്റോയുടെ നേതൃത്വത്തില്‍ കുറ്റൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ വൃന്ദാവനം കോളനിയില്‍ കോട്ടപ്പുറത്ത് വീട്ടില്‍ അഭിലാഷ് (കണ്ണന്‍-18) ഒളിവിലാണ്. കഴിഞ്ഞ 29ന് വൈകിട്ട് 5.30 ഓടെ പ്രാവിന്‍കൂട് ജങ്ഷനിലായിരുന്നു സംഭവം. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ അറ്റന്‍ഡറും കുറ്റൂര്‍ പാട്ടയുഴത്തില്‍ വീട്ടില്‍ അജു (40), ഭാര്യ സിന്ധു (39) എന്നിവര്‍ നടന്നുവരുമ്പോള്‍ പ്രതികളായ ഇരുവരും സിന്ധുവിനെ കൈയേറ്റം ചെയ്യുകയും, തടസം പിടിക്കാനെത്തിയ അജുവിന്റെ ഇരുകൈകളും സമീപമുള്ള കടയുടെ മുന്‍ഭാഗത്ത് കിടന്ന തടികൊണ്ട് പ്രതികള്‍ തല്ലിയൊടിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോകുകയും ചെയ്തു. അക്രമത്തില്‍ പരുക്കേറ്റ അജു ചെങ്ങന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. പ്രതികള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് അജു മുന്‍പ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നില്‍ എന്ന് പോലീസ് അറിയിച്ചു. പ്രതിയായ അഖില്‍കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.