എങ്കിലും പ്രതീക്ഷയുടെ ചില പുതുനാമ്പുകള്‍

Tuesday 17 February 2015 10:13 pm IST

മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് കൊടിയിറങ്ങി. ഇനി അടുത്ത ഗെയിംസ് ഗോവയില്‍. മൈതാനങ്ങള്‍ക്ക് പുറത്ത് ഏറെ വിവാദങ്ങള്‍ ഉണ്ടായെങ്കിലും അകത്ത് യാതൊരുവിധ പരാതികള്‍ക്കും ഇടനല്‍കാതെയാണ് ദേശീയ ഗെയിംസ് കൊടിയിറങ്ങിയത്. എന്നാല്‍ സമാപന ചടങ്ങില്‍ കസേരയുടെ പേരില്‍ സംസ്ഥാനത്തെ കായികമന്ത്രി അടക്കം കല്ലുകടി ഉയര്‍ത്തിയത് നാണക്കേടായി. അതേസമയം ഗെയിംസിലുണ്ടായ ജനപങ്കാളിത്തം ശരിക്കും അത്ഭുതപ്പെടുത്തുക തന്നെയാണ് ചെയ്തത്. എന്നാല്‍ ഒരു ഒന്നാംനിര പ്രകടനം പോലും ഗെയിംസില്‍ കാണാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല ഒരു രണ്ടാംകിട മേളയായി മാറുന്നതിനും മീറ്റ് സാക്ഷ്യം വഹിച്ചു. അത്‌ലറ്റിക്‌സിലെയും നീന്തലിലെയും ചെറിയ ചിലമിന്നലാട്ടങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഗെയിംസ് ഏറെയൊന്നും സംഭാവന ചെയ്തില്ല. പലപ്രമുഖരുടെയും വിട്ടുനില്‍ക്കലും കൂടിയായതോടെ ഗെയിംസിന്റെ നിറം മങ്ങി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രത്യേകിച്ചും അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ബാഡ്മിന്റണ്‍, ഗുസ്തി താരങ്ങളുടെ പിന്മാറ്റം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചത് നടത്തിപ്പിലെ കെട്ടുകാഴ്ചകളെയാണ്. എന്നാല്‍ പുതിയൊരു താരത്തെ രാജ്യത്തിന് സമ്മാനിക്കാന്‍ കേരളത്തിനുമായില്ല. മെഡല്‍ വേട്ടയില്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിന് കേരള ടീമിനും സര്‍വ്വീസസ് ടീമിനും കഴിഞ്ഞത് ഒഴിച്ചു നിര്‍ത്തിയാല്‍ രാജ്യാന്തര നിലവാരത്തിലേക്ക് എത്തുന്ന എത്ര താരോദയങ്ങളുടെ പിറവി നാം കണ്ടു. കേരളത്തിന്റെ ഗെയിംസിലെ മുന്നോട്ടുള്ള കതിപ്പിന് വഴിയൊരുക്കിയത് വില്‍സണ്‍ ചെറിയാനും ഡോ. വി.സി. അലക്‌സാണ്ടറും ഉള്‍പ്പടെയുള്ളവരുടെ തണലില്‍ താരങ്ങള്‍ കാട്ടിയ അര്‍പണ മനോഭാവം തന്നെയാണ് എന്ന കാര്യത്തിലും തര്‍ക്കമില്ല. അജയ്യരായി നില്‍ക്കുന്ന സര്‍വീസസിന് തൊട്ടുതാഴെ കേരളത്തെ എത്തിക്കാന്‍ നീന്തല്‍കുളത്തിലെ സ്വര്‍ണ മല്‍സ്യമായ സജന്‍ പ്രകാശിന്റെ പ്രകടനം സഹായകമായി. നീന്തലിലും അത്‌ലറ്റിക്‌സിലും സൈക്ലിംഗിലും തുഴച്ചലിലും മറുനാട്ടുകാരുടെ സഹായത്തോടെ ബോക്‌സിംഗിലും ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിന് കെട്ടുകാഴ്ചകള്‍ മാത്രം നല്‍കിയാണ് ദേശീയ കായിക മാമാങ്കം അവസാനിച്ചത്. നീന്തല്‍ക്കുളത്തില്‍ മാത്രമാണ് ഇന്ത്യയിലെ പ്രമുഖതാരങ്ങളെല്ലാം മത്സരിക്കാനെത്തിയത്. റിച്ച മിശ്ര, സന്ദീപ് സേജ്‌വാള്‍, വീര്‍ ധവാല്‍ ഘാഡെ, ആരോണ്‍ ഡിസൂസ തുടങ്ങി അന്താരാഷ്ട്ര താരങ്ങള്‍ മത്സരിക്കാനെത്തിയപ്പോള്‍ പിരപ്പന്‍കോട്ടെ അന്താരാഷ്ട്ര നീന്തല്‍ക്കുളത്തില്‍ പോരാട്ടം ആവേശകരമായി എന്നു പറയാതെ വയ്യ. ദേശീയ ഗെയിംസിലെ മികച്ച പുരുഷതാരമായി കേരളത്തിന്റെ നീന്തല്‍താരം സാജന്‍പ്രകാശിനെയും വനിതാ താരമായി മഹാരാഷ്ട്രയുടെ നീന്തല്‍താരം ആകാംക്ഷ വോറയെയും തെരഞ്ഞെടുത്തു.  ആറ് സ്വര്‍ണ്ണവും മൂന്ന് വെള്ളിയുമാണ് സാജന്‍ കേരളത്തിനു സമ്മാനിച്ചത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസ്‌ട്രോക്, 4ഃ100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ, 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 800 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക് മത്സരങ്ങളില്‍ റെക്കോഡോടെയാണ് സാജന്റെ സ്വര്‍ണ്ണനേട്ടം. കൂടാതെ മൂന്ന് വെള്ളിയും സാജന്‍ നീന്തിയെടുത്തു. ഇതോടെ ഒമ്പത് മെഡലുമായി സാജന്‍ മെഡല്‍ നേട്ടത്തില്‍ കേരളത്തിന്റെ മുന്‍താരം സെബാസ്റ്റ്യന്‍ സേവ്യറിനൊപ്പമായി. 2011ലെ റാഞ്ചി ദേശീയ ഗെയിംസില്‍ നീന്തലില്‍ ഒരെണ്ണം പോലും നേടാന്‍ കേരളതാരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അന്ന് വാട്ടര്‍പോളിയില്‍ നേടിയ രണ്ട് സ്വര്‍ണ്ണം മാത്രമായിരുന്നു കേരളത്തിന്റെ സമ്പാദ്യം. വനിതകളില്‍ ആകാംക്ഷ വോറ 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 800 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 4ഃ100 മീറ്റര്‍ റിലെ ഫ്രീസ്‌റ്റൈല്‍, 4ഃ200 മീറ്റര്‍ റിലെ ഫ്രീസ്‌റ്റൈല്‍, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും സ്വര്‍ണ്ണവും 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ വെള്ളിയും നേടിയാണ് ഗെയിംസിന്റെ താരമായത്. എന്നാല്‍ അത്‌ലറ്റിക്‌സിന്റെ സ്ഥിതി മറിച്ചാണ്. ഹരിയാനയുടെ രജീന്ദര്‍ സിംഗ് ജാവലിന്‍ പായിച്ച ഒരേയൊരു ദേശീയ റെക്കോര്‍ഡ് മാത്രമാണ് മികച്ചുനിന്ന പ്രകടനം. ഇതുള്‍പ്പെടെ െമാത്തം 21 മീറ്റ് റെക്കോര്‍ഡുകള്‍ ട്രാക്കിലും ഫീല്‍ഡിലുമായി പിറന്നുവെങ്കിലും രജീന്ദര്‍ സിംഗ് ഒഴികെയുള്ളവരുടെ പ്രകടനം ശരാശരയിലും താഴെയാണെന്ന് പറയേണ്ടിവരും. 1984-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പി.ടി. ഉഷ സ്ഥാപിച്ച 400 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെടാതെ കിടക്കുന്നതു മാത്രം രാജ്യത്തെ കായികതാരങ്ങളുടെ നിലവാരം അളക്കാന്‍. മാത്രമല്ല കെ.ടി. ഇര്‍ഫാന്‍, വികാസ് ഗൗഡ, ഓംപ്രകാശ്, കൃഷ്ണ പൂനിയ, സീമ ആന്റില്‍, എം.ആര്‍. പൂവമ്മ തുടങ്ങിയവര്‍ ഗെയിംസില്‍ നിന്ന് വിട്ടുനിന്നതും അത്‌ലറ്റിക്‌സിന്റെ ശോഭയ്ക്ക് മങ്ങലേല്‍പ്പിച്ചു. ഇതിനിടയിലും ഹരിയാനക്കാരന്‍ രജീന്ദര്‍സിംഗിന്റെ ജാവലിന്‍ പ്രകടനം വേറിട്ടുനിന്നു. മികച്ച പരിശീലനവും അടിസ്ഥാനസൗകര്യങ്ങളും നല്‍കാന്‍ രാജ്യം തയ്യാറായാല്‍ അടുത്ത 2016ലെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ സ്വപ്‌നം കാണാന്‍ കഴിയുന്ന പ്രകടനമായിരുന്നു ഇത്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയ ട്രിനിഡാഡ് താരം ഏറിഞ്ഞത് 85 മീറ്ററിന് താഴെയാണ്. രജീന്ദ്രര്‍ എറിഞ്ഞത് 82.23 മീറ്ററും. ഈയൊരു പ്രകടനമല്ലാതെ മറ്റൊന്നും ട്രാക്കില്‍നിന്നോ ഫീല്‍ഡില്‍നിന്നോ എടുത്തു പറയാനില്ല. ഈ പ്രകടനവുമായാണ് നമ്മള്‍ ഏഷ്യന്‍ ഗെയിംസിനും ഒളിമ്പിക്‌സിനും പോകുന്നതെങ്കില്‍ വട്ടപ്പൂജ്യമായി മടങ്ങുമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. എങ്കിലും പ്രതീക്ഷയുടെ ചില പുതുനാമ്പുകളും മീറ്റില്‍ കാണാന്‍ കഴിഞ്ഞു. സ്‌കൂള്‍ ട്രാക്കുകളിലെ രാജകുമാരിയായിരുന്ന പി.യു ചിത്രക്ക് തന്റെ ആദ്യ ദേശീയ ഗെയിംസില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുഹമ്മദ് അഫ്‌സലും വി.വി. ജിഷയും ശ്രീനിത് മോഹനും മുഹമ്മദ് ഹഫ്‌സീറും മഹാരാഷ്ട്രയുടെ രേഷ്മ ഷെരാഗറും നര്‍സാരിയുമെല്ലാം ഭാവിയുടെ വാഗ്ദാനങ്ങളാണെന്ന് തെളിയിക്കുകയുണ്ടായി. ഇവരുടെ ചില ഒറ്റപ്പെട്ട പ്രകടനങ്ങളും രജീന്ദര്‍ സിംഗിന്റെ ദേശീയ റെക്കോര്‍ഡും ഒഴിച്ചുനിര്‍ത്തിയാല്‍ പുതിയ താരോദയങ്ങളൊന്നും സൃഷ്ടിക്കപ്പെട്ടില്ല. ഇനി വരാനിരിക്കുന്ന രാജ്യാന്തര പോരാട്ടങ്ങളുടെ ട്രാക്കിലേക്ക് ഓടിക്കയറാന്‍ കെല്‍പ്പുള്ള പുതിയ താരങ്ങളെ നമുക്ക് കണ്ടെത്താനായില്ല. സ്പ്രിന്റില്‍ മികച്ച പ്രകടനം ഉണ്ടായി. ഗെയിംസ് റെക്കോര്‍ഡിന് അപ്പുറം പോവാന്‍ ഒറ്റലാപ്പുകാര്‍ക്കും കഴിഞ്ഞില്ല. ഹരിയാനക്കാരന്‍ ധരംബീറും  (റെക്കോര്‍ഡ് സ്പ്രിന്റ് ഡബിള്‍) ഒഡീഷക്കാരി ദ്യുതി ചന്ദും അതിവേഗക്കാരായി. ലിംഗവിവാദത്തിന്റെ യാതനങ്ങളും പേറി ട്രാക്കില്‍ പിടിച്ചു നില്‍ക്കാന്‍ എത്തിയ ദ്യുതിചന്ദ് മികച്ച പ്രകടനം തന്നെ നടത്തി. പക്ഷെ, ദ്യുതിയുടെ ഭാവി തുലാസിലാണ്. കായിക തര്‍ക്ക പരിഹാര കോടതി കനിഞ്ഞാല്‍ മാത്രമേ ഇനി ദ്യുതിയെ മിന്നലായി ട്രാക്കില്‍ കാണാനാവൂ.  മുന്‍പ് മരുന്നടിയുടെ പേരില്‍ വിവാദത്തില്‍പ്പെട്ടയാളാണ് ഹരിയാനയുടെ ധരംബീര്‍. 400 മീറ്ററില്‍ അനില്‍ഡ തോമസും 200-ല്‍ വി.വി. ജിഷയും പ്രതീക്ഷകള്‍ നല്‍കുന്ന താരങ്ങളാണ്. എന്നാല്‍ ദീര്‍ഘ ദൂരത്തില്‍ പുതിയ താരങ്ങള്‍ പിറവിയെടുത്തില്ല. പ്രീജ ശ്രീധരനും ഒ.പി. ജെയ്ഷയ്ക്കും ശേഷം ആര് എന്ന ചോദ്യം ഇന്നും അവശേഷിച്ചുകിടക്കുകയാണ്. 10000 മീറ്ററില്‍ വെള്ളിയുമായി പ്രീജ ശ്രീധരന്‍ രാജകീയമായി വിടവാങ്ങല്‍ നടത്തി. 30 കഴിഞ്ഞ  ജെയ്ഷയാവട്ടെ പതിയെ മാരത്തണ്‍ കളത്തിലേക്ക് ട്രാക്കു മാറ്റി ചവിട്ടുകയാണ്. 800 മീറ്ററില്‍ വെങ്കലം നേടിയ സിനി എ. മാര്‍ക്കോസിന്റെയും അവസാന മീറ്റായിരുന്നു. ഈ ട്രാക്കില്‍ വിടവുനിതക്കത്താന്‍ ആരുണ്ടെന്ന ചോദ്യം അവശേഷിക്കുകയാണ്. 800 മീറ്ററില്‍ ടിന്റുവിന് എതിരുണ്ടായില്ല. മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചെങ്കിലും ദേശീയ റെക്കോര്‍ഡിനേക്കാള്‍ എത്രയോ അധികമായിരുന്നു ടിന്റുവിന്റെ സമയം. ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരിയും പോള്‍വോള്‍ട്ടില്‍ സഹധര്‍മിണി വി.എസ്. സുരേഖയും റെക്കോര്‍ഡ് കുറിച്ച പ്രകടനം തന്നെ നടത്തി. ബംഗാളിലെ ഇല്ലായ്മകളുടെ ട്രാക്കിലൂടെ കടന്നു വന്ന സപ്‌ന ബര്‍മന്‍ വീണ്ടും പ്രതീക്ഷകള്‍ നല്‍കി തന്നെയാണ് മടങ്ങുന്നത്. ഹെപ്റ്റാത്തലണിലും ഹൈജമ്പിലും സപ്‌ന ഇന്ത്യയുടെ പ്രതീക്ഷയേറ്റുന്നു. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗെയിംസ് റെക്കോര്‍ഡിനപ്പുറം പോയ മഹാരാഷ്ട്രക്കാരന്‍ സിദ്ധാന്ത് തിങ്കലായ പ്രതീക്ഷകളുടെ ചിറകടിയുയര്‍ത്തി ഗപുരുഷ 400 മീറ്ററില്‍ സര്‍വിസസിന്റെ ആരോക്യ രാജീവ് പ്രകടിപ്പിച്ച മികവ് പ്രതീക്ഷകളേറ്റുന്നതാണ്. മികവു പ്രതീക്ഷിച്ചിടത്ത് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങി ട്രാക്കുവിടേണ്ടി വന്ന കവിത റാവത്തും ശര്‍ബാനി നന്ദയും പ്രതീക്ഷകളെ തകിടം മറിച്ചു. ഇനി വേണ്ടത് സംസ്ഥാനത്തിനായി മെഡല്‍ നേടുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുകയാണ്. ഗെയിംസില്‍ മെഡല്‍നേടുന്നവര്‍ക്ക് ജോലിയും ക്യാഷ് അവാര്‍ഡുമാണ് കേരള സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചത്. ഈ വാഗ്ദാനങ്ങള്‍ ഉടനടി പാലിച്ച് സംസ്ഥാനത്തിന് മികച്ച നേട്ടം സമ്മാനിച്ച താരങ്ങളെ ഇവിടെത്തന്നെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം മുന്‍ വര്‍ഷങ്ങളിലെപ്പോലെ സംസ്ഥാനം രാജ്യത്തിന് സംഭാവന ചെയ്ത് കായികതാരങ്ങള്‍ ഇവിടംവിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും റെയില്‍വേ പോലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളിലേക്കും ചേക്കേറും. അങ്ങനെ സംഭവിച്ചാല്‍ കേരള കായികരംഗം ശുഷകമാകപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കവുമുണ്ടാവില്ല. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം. ഇനി ഏഷ്യന്‍-ലോക തലത്തില്‍ നിരവധി പോരാട്ടങ്ങളാണ് വരാനിരിക്കുന്നത്. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റും ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പും. ഇവരിലാരെല്ലാം ട്രാക്കിലും ഫീല്‍ഡിലുംരാജ്യത്തിന്റെ യശസ് ഉയര്‍ത്തുമെന്ന് കാത്തിരുന്ന് തന്നെ കാണാം. കാണികളും കായിക താരങ്ങളും മനം നിറഞ്ഞു തന്നെയാണ് കളം വിട്ടത്. എങ്കിലും കളത്തിന് പുറത്തെ കളികള്‍ അവസാനിക്കുകയില്ല. സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിലും കളിയുപകരണങ്ങള്‍ വാങ്ങുന്നതിലെയും ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണമായിരിക്കും ഇനിയുള്ള പ്രധാന കാര്യം. സിബിഐ അന്വേഷണം ശക്തമാവുക്കതോടെ 'റണ്‍ കേരള റണി'നു പകരം 'റണ്‍ ജയില്‍ റണി'നും തുടക്കമാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.