സാംസ്‌കാരിക തീര്‍ത്ഥാടനത്തിനൊരുങ്ങി തപസ്യ

Tuesday 17 February 2015 10:50 pm IST

തിരുവല്ല: സാംസ്‌കാരികകേരളത്തിന്റെ ഈടുവെയ്പുകള്‍ തേടിയുള്ള തപസ്യ കലാസാഹിത്യവേദിയുടെ സാംസ്‌കാരിക തീര്‍ത്ഥയാത്രയ്ക്ക് അന്തിമരൂപമാകുന്നു. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ തീരദേശജില്ലകള്‍ കേന്ദ്രീകരിച്ചും ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ മലയോരജില്ലകള്‍ കേന്ദ്രീകരിച്ചുമാണ് തീര്‍ത്ഥാടനം. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ സമാപിച്ച തപസ്യയുടെ മുപ്പത്തൊമ്പതാമത് വാര്‍ഷികോത്സവമാണ് പരിപാടികള്‍ക്ക് രൂപരേഖ തയ്യാറാക്കിയത്. അടിയന്തരാവസ്ഥയില്‍ ആരംഭിച്ച തപസ്യ അതിന്റെ നാല്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായാണ് പരിപാടികള്‍. 1991 നവംബറില്‍ മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നടന്ന സാംസ്‌കാരിക തീര്‍ത്ഥയാത്രയുടെ രജതജൂബിലി വര്‍ഷം കൂടിയാണിത്. 'എന്റെ ഭാഷ. എന്റെ ഭൂമി, എന്റെ സംസ്‌കാരം' എന്ന സന്ദേസമുയര്‍ത്തിയാണ് തപസ്യ സമുദ്രതീര, സഹ്യാദ്രിതീര തീര്‍ത്ഥാടനങ്ങള്‍ക്കൊരുങ്ങുന്നത്. കേരളത്തിന്റെ സാംസ്‌കാരിക ഭൂപടം തേടിയുള്ള ഈ യാത്രയില്‍ കലാസാഹിത്യ രംഗത്തെ പ്രമുഖരുടെ പിന്തുണയും ആശീര്‍വാദവും തേടും. തമസ്‌കരിക്കപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്ത കേരളത്തനിമയുടെ അടയാളങ്ങള്‍ ഓര്‍മ്മിക്കാനും പുനരാവിഷ്‌ക്കരിക്കാനും യാത്ര ലക്ഷ്യമിടുന്നു. ഭാഷയും ഭൂമിയും സംസ്‌കാരവും നേരിടുന്ന അധിനിവേശങ്ങള്‍ ചെറുക്കാന്‍ പൂര്‍വികപാരമ്പര്യത്തിന്റെ  ഉയിര്‍ത്തെഴുന്നേല്‍പ്പാണ് തീര്‍ത്ഥാടനം ലക്ഷ്യമിടുന്നത്. സമുദ്രതീര തീര്‍ത്ഥാടനം നവംബറിലും സഹ്യാദ്രിതീര തീര്‍ത്ഥാടനം 2016 ഫെബ്രുവരിയിലും നടത്താനാണ് പ്രതിനിധി സമ്മേളനം തീരുമാനിച്ചത്. തീര്‍ത്ഥാടനത്തിന് മുന്നോടിയായി 'എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്‌കാരം' എന്ന വിഷയത്തെ ആധാരമാക്കി സംസ്ഥാനത്തുടനീളം സെമിനാറുകളും കലാപരിപാടികളും സംഘടിപ്പിക്കും. തീര്‍ത്ഥാടനത്തിന്റെ ജില്ലാതല സംഘാടന സമിതികള്‍ ഏപ്രില്‍ 15ന് മുമ്പായി രൂപീകരിക്കും. സംസ്ഥാനസംഘാടന സമിതി ഏപ്രില്‍ അവസാനത്തോടെ എറണാകുളത്ത് രൂപീകരിക്കും. പ്രതിനിധി സമ്മേളനം സംസ്‌കാര്‍ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി വിശ്രാം രാമചന്ദ്ര ജാംധര്‍ ഉദ്ഘാടനം ചെയ്തു. തപസ്യ പ്രസിഡന്റ് എസ്. രമേശന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് കെ. വേണു. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, രക്ഷാധികാരി പി. നാരായണക്കുറുപ്പ്, ജനറല്‍സെക്രട്ടറി പി.കെ. രാമചന്ദ്രന്‍, സംഘടനാസെക്രട്ടറി പി. ഉണ്ണിക്കൃഷ്ണന്‍, സംസ്‌കാര്‍ഭാരതി ദക്ഷിണമേഖലാ സെക്രട്ടറി കെ. ലക്ഷ്മിനാരായണന്‍, സി.സി. സുരേഷ്, കെ.പി. വേണുഗോപാല്‍, കെ, നരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തപസ്യ സംസ്ഥാന സമിതിയംഗം ആര്‍. സഞ്ജയന്‍ സമാപന പ്രഭാഷണം നടത്തി.  സമ്മേളനത്തില്‍ പതിനാല് ജില്ലകളില്‍നിന്നായി 185 പ്രതിനിധികള്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.