സുബ്രതാ റോയിയ്ക്ക് ആനുവദിച്ചിട്ടുള്ള പ്രത്യേക സൗകര്യങ്ങള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

Tuesday 17 February 2015 10:59 pm IST

ന്യൂദല്‍ഹി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സഹാറഗ്രൂപ്പ് മേധാവി സുബ്രതാ റായിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക സൗകര്യങ്ങള്‍ ആറ് ആഴ്ചത്തേയ്ക്കു കൂടി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. സ്വത്തുവകകള്‍ വിറ്റഴിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനായി വീഡിയോ കോണ്‍ഫറന്‍സിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള കാലാവധി ഈ മാസം 20ന് അവസാനിക്കാനിരിക്കെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, ജാമ്യത്തുകയായ 10000 കോടി രൂപതന്നെ കെട്ടിവെയ്ക്കാന്‍ സുബ്രതാ റോയി ബുദ്ധിമുട്ടുകയാണ്. അങ്ങനെയെങ്കില്‍ കെട്ടിവെയ്ക്കാനാവശ്യപ്പെട്ടിട്ടുള്ള മുഴുവന്‍ തുകയായ 30000 കോടി രൂപ കണ്ടെത്തുന്നതെങ്ങിനെയെന്നും കോടതി ചോദിച്ചു. സുപ്രീംകോടതി ജഡ്ജി ടി. എസ്.ഠാക്കൂറിന്റ നേതൃത്വത്തില്‍ കേസ് പരിഗണിച്ച ബെഞ്ച് നടപടിക്രമങ്ങള്‍ പരിശോധിച്ചശേഷം അപേക്ഷ സമര്‍പ്പിക്കാന്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണങ്ങള്‍ക്കായി നിയോഗിച്ച അമിക്കസ്‌ക്യൂറി ശേഖര്‍ നഫേഡെ റിപ്പോര്‍ട്ടും സുപ്രീംകോടതി ഇന്നലെ പരിശോധിച്ചു. നിലവില്‍ തീഹാര്‍ കോടതിവളപ്പിനു സമീപത്തായുള്ള കോണ്‍ഫറന്‍സ് റൂമിലാണ് സുബ്രതാ റോയി കഴിഞ്ഞുവരുന്നത്. ബി. എന്‍. അഗര്‍വാളിന്റെ മേല്‍നോട്ടത്തിലാണ് സഹാറ ഗ്രൂപ്പ് സ്വത്തുവകകള്‍ വില്‍ക്കുന്നത്. വന്‍കിട വ്യവസായ ഗ്രൂപ്പായ സഹാറ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകര്‍ക്കു തിരിച്ചുനല്‍കണമെന്നാണു സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (സെബി) സഹാറയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് മടക്കിനല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ്് സുബ്രതാ റോയി അറസ്റ്റിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.