കീര്‍ത്തനം

Wednesday 18 February 2015 8:49 pm IST

രണ്ടാമത്തെ ഭക്തിസാധനം കീര്‍ത്തനമാണ്. കീര്‍ത്തനത്തില്‍ ഭഗവന്നാമകീര്‍ത്തനത്തിനാണ് പ്രാമാണ്യം. ഭഗവാന്റെ മാഹാത്മ്യം ശ്രവിച്ച് ഹൃദയത്തില്‍ ഭക്തി ഉറയ്ക്കുമ്പോള്‍ അവിടുത്തെ തിരുനാമം തനിയെ ഉച്ചരിച്ചുപോകും. കീര്‍ത്തനഭക്തികൊണ്ട് ശൂക ബ്രഹ്മര്‍ഷി കൈവല്യം പ്രാപിച്ചു എന്നാണ് പുരാണപണ്ഡിതന്മാര്‍ വിശ്വസിക്കുന്നത്. ശൂകമുഖത്തുനിന്നും കേട്ട ഭഗവത്കഥകൊണ്ടു പരീക്ഷിത്തു മഹാരാജാവ് മുക്തനായെങ്കില്‍ ശ്രീശൂകന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. അതുകൊണ്ടാണു കീര്‍ത്തനഭക്തിക്ക് ഉദാഹരണമായി ശ്രീശൂകനെ എടുത്തിരിക്കുന്നത്. ശ്രീശൂകന്‍ നേരത്തെ ബ്രഹ്മനിഷ്ഠനായിരുന്നെങ്കില്‍ത്തന്നെയും അഹൈതുകിയായ ഭക്തിയുടെ ആധിക്യം നിമിത്തം അദ്ദേഹം ഭഗവന്മാഹാത്മ്യകഥനം എപ്പോഴും ചെയ്തുകൊണ്ടിരുന്ന ഒരു മഹാത്മാവാണ്. ''ആത്മാരാമാശ്ച മുനയോ നിര്‍ഗ്രന്ഥാ അപ്യരുക്രമേ കുര്‍വ്വന്ത്യഹൈതുകീം ഭക്തിമിത്ഥംഭൂതഗുണോ ഹരിഃ'' മുനികള്‍ ആത്മാരാമന്മാരും അജ്ഞാനരഹിതന്മാരുമാണെങ്കിലും എപ്പോഴും അഹൈതുകമായ ഭക്തി ഭഗവദ്വിഷയകമായി അവരുടെ ഹൃദയത്തില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നു അത്ര ഗുണപൂര്‍ണ്ണനാണു ഭഗവാന്‍ എന്ന് ഈ പുരാണവാക്യം പ്രഖ്യാപിക്കുന്നുണ്ട്. കലിയുഗത്തില്‍ ഭഗവത്കീര്‍ത്തനത്തിനു മാഹാത്മ്യം കൂടുമെന്നാണ് ആസ്തികന്മാരുടെ വിശ്വാസം. കൃതം, ത്രേതാ, ദ്വാപരം, കലി ഇങ്ങനെ നാലു യുഗങ്ങളാണല്ലോ ഉള്ളത്. അവയില്‍ കൃതയുഗത്തില്‍ ഈശ്വരനെ ധ്യാനിച്ചാലും ത്രേതായുഗത്തില്‍ യാഗം ചെയ്താലും ദ്വാപരയുഗത്തില്‍ പൂജിച്ചാലും ഉണ്ടാകുന്ന ഫലം കലിയുഗത്തില്‍ ഭഗവന്നാമകീര്‍ത്തനംകൊണ്ടു മാത്രം ലഭിക്കുമെന്നു പുരാണങ്ങളെല്ലാം ഉദ്‌ഘോഷിക്കുന്നു. സ്‌തോത്രപാഠം, നാമജപം, പുരാണപാരായണം മുതലായവ കീര്‍ത്തനഭക്തിയിലുള്‍പ്പെടും. എന്നാല്‍ സദ്ഗുരുക്കന്മാരില്‍നിന്നു വിധയാവണ്ണം മന്ത്രോപദേശം ലഭിച്ചു ജപിക്കുന്നതാണു മുഖ്യമായ കീര്‍ത്തനം. ''യജ്ഞാനാം ജപയജ്ഞോസ്മി'' എന്നു ഭഗവാന്‍ ഗീതയില്‍ അരുളിചെയ്തിരിക്കുന്നത് ഇവിടെ സ്മരണീയമാണ്. യജ്ഞങ്ങളില്‍ ഞാന്‍ ജപയജ്ഞമാകുന്നു എന്നാണല്ലോ ഈ വാക്യത്തിന്റെ സാരം. ദേഹശുദ്ധി വരുത്തി സന്ധ്യാകാലങ്ങളില്‍ ഗൃഹങ്ങളിലോ ക്ഷേത്രങ്ങളിലോ മറ്റു പുണ്യസ്ഥലങ്ങളിലോ ഇരുന്ന് ഈശ്വരനാമം ജപിച്ചാല്‍ തീര്‍ച്ചയായും അതിന് ഫലമുണ്ട്. നമ്മുടെ ഗുരുജനങ്ങളായ മഹര്‍ഷിമാരും ആചാര്യന്മാരും മന്ത്രജപത്തില്‍ക്കൂടെയാണു ആദ്ധ്യാത്മികഭൂമികയിലേക്ക് ഉയര്‍ന്നിട്ടുള്ളത്. ഭഗവദകീര്‍ത്തനമാഹാത്മ്യത്തെ ശ്രീചൈതന്യദേവന്‍ പ്രകീര്‍ത്തിക്കുന്നത് നോക്കുക. ചേതോദര്‍പ്പണമാര്‍ജ്ജനം ഭവമഹാദാ വാഗ്നിനിര്‍വ്വാപണം, ശ്രേയഃകൈരവചന്ദ്രികാവിതരണം വിദ്യാവധൂജീവനം, ആനന്ദാംബുധിവര്‍ദ്ധനം, പ്രതിപദം പൂര്‍ണ്ണാമൃതാസ്വാദനം സര്‍വ്വാത്മസ്‌നപനം പരം വിജയതേ ശ്രീകൃഷ്ണസങ്കീര്‍ത്തനം.'' (ഭഗവാന്റെ സങ്കീര്‍ത്തനം മനസ്സാകുന്ന കണ്ണാടിയുടെ ശുദ്ധീകരണവും ജനനമരണരൂപമായ സംസാരമാകുന്ന കാട്ടുതീ കെടുത്തലും, മേന്മയാകുന്ന ആമ്പല്‍പൂവില്‍ പൂനിലാവൊളി വീശലും വിദ്യാവധുവിന്റെ ജീവനശക്തിയും ആനന്ദമാകുന്ന സമുദ്രത്തിലെ വേലിയേറ്റവും എപ്പോഴും നിറവുറ്റ അമൃതിന്റെ ആസ്വാദനവും സര്‍വ്വാത്മാവില്‍ മുഴുകലുമായി സര്‍വ്വോത്കര്‍ഷേണവര്‍ത്തിക്കുന്നു.) മനഃശുദ്ധിക്കു ഭഗവന്നാമസങ്കീര്‍ത്തനംപോലെ മറ്റൊരു സാധനയുമില്ല. സകലവിധ സംസാരദുഃഖത്തെയും അതില്ലാതാക്കുന്നു. നമ്മുടെ സകലവിധശ്രേയസ്സിനും അതു നിദാനമാണ്. സകലവിധജ്ഞാനവും അതുകൊണ്ടാകുന്നു. വാല്മീകിയും മറ്റും അതിനുദാഹരണമാണല്ലോ. ഭഗവത്കീര്‍ത്തനം ഹൃദയത്തില്‍ ആനന്ദത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. അതു നിത്യമായ മോക്ഷസുഖത്തെ നല്‍കുന്നു. നമ്മെ 'സര്‍വ്വഭൂതാത്മഭൂതാത്മാ' വായ ഈശ്വരനില്‍ ലയിപ്പിക്കുകയും ചെയ്യുന്നു എന്ന് ഈ ശ്ലോകം വ്യക്തമാക്കുന്നുണ്ട്. ചൈതന്യമഹാപ്രഭു തന്റെ അനുഭവത്തെയാണ് ഈ ശ്ലോകംവഴി പ്രകടിപ്പിക്കുന്നതെന്നുള്ള വസ്തുത കൂടി നാം ഓര്‍ക്കണം. നമ്മുടെ പുണ്യഭൂമിയില്‍ നാമസങ്കീര്‍ത്തനമാഹാത്മ്യത്തെ സ്ഥാപിച്ചത് അദ്ദേഹമാണ്. രാധാഭാവത്തില്‍ ശ്രീകൃഷ്ണവിരഹം സഹിക്കവയ്യാതെ ഭഗവദ്കീര്‍ത്തനവും പാടിക്കൊണ്ടു വൃന്ദാവനത്തില്‍ അദ്ദേഹം വളരെക്കാലം ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു. തര്‍ക്കശാസ്ത്രത്തിന്റെ മറുകര കണ്ട അദ്ദേഹം തന്റെ തര്‍ക്കപാടവമെല്ലാം ഭഗവന്നാമത്തിന്റെ മുമ്പില്‍ അടിയറവെച്ച്, ആ നാമമാഹാത്മ്യമുച്ചരിച്ചുകൊണ്ട് മദോന്മത്തനായി വിഹരിച്ചു. ആ നാമ കീര്‍ത്തനംകൊണ്ടുതന്നെ അദ്ദേഹത്തിനു അനേകലക്ഷമാളുകളുടെ ഹൃദയത്തില്‍ ഭക്തിഭാവം വളര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.