വിഎസ് 'വധ'ത്തിനും പിണറായി സ്തുതിക്കും

Thursday 19 February 2015 1:26 am IST

ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊടിയുയരുന്നത് പതിവുപോലെ വി.എസ്. അച്യുതാനന്ദനെ ശരശയ്യയില്‍ കിടത്തുക ലക്ഷ്യമിട്ട്. പാര്‍ട്ടി ആവര്‍ത്തിച്ച് പറയുന്ന സ്വയം വിമര്‍ശനം ഇത്തവണയുമുണ്ടാകില്ല. ഒന്നര ദശാബ്ദത്തിലേറെ പാര്‍ട്ടിയെ നയിച്ച സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സ്തുതി പാടി പടിയിറക്കും. കോടികള്‍ ചെലവിട്ട് വിപ്ലവഭൂമിയില്‍ നടത്തുന്ന സമ്മേളനത്തിന്റെ ആകെത്തുകയാണിത്. മറ്റു പ്രഖ്യാപനങ്ങളും കൊട്ടിഘോഷിക്കലുമെല്ലാം വെറും മേമ്പൊടി മാത്രം. വിഎസിനെ കേന്ദ്രീകരിച്ചാണ് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് വിഎസിനെ മാറ്റണമെന്ന് സംസ്ഥാന കമ്മറ്റി നേരത്തെ തീരുമാനമെടുത്തെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയില്‍ അദ്ദേഹം കസേര ഉറപ്പിക്കുകയായിരുന്നു. വിഎസിനെതിരായ കുറ്റപത്രം എന്ന നിലയില്‍ തയാറാക്കിയ പി. കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന സംഘടനാ രേഖയില്‍ ഉള്‍പ്പെടുത്തിയത് പ്രശ്‌നം വീണ്ടും ചര്‍ച്ചയാകണമെന്ന ലക്ഷ്യത്തോടെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പിണറായിക്ക് ഡാങ്കെയുടെ ഗതി വരുമെന്ന മുന്‍ പ്രസ്താവന വരെ ഉയര്‍ത്തി പ്രതിനിധികള്‍ വിഎസിനെതിരെ ആഞ്ഞടിക്കും. സമ്മേളനത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കുന്നവരെ നിശ്ചയിക്കുന്നത് പോലും ഇതേ ലക്ഷ്യത്തോടെയാണ്. പാര്‍ട്ടിയുടെ സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ ഒരു പ്രതിനിധി പോലും ഉണ്ടാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനുമെതിരെ കേന്ദ്രകമ്മറ്റിക്ക് നല്‍കിയ പരാതി പരസ്യപ്പെടുത്താന്‍ വിഎസ് തയ്യാറായത്. സമ്മേളനത്തില്‍ ചര്‍ച്ചയായില്ലെങ്കിലും മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അനുഭാവികള്‍ക്കിടയിലും തന്റെ നിലപാട് വ്യക്തമാക്കാന്‍ വിഎസിന് ഇതിലൂടെ സാധിച്ചു. ടിപി വധം, പിഡിപി സഖ്യം, എല്‍ഡിഎഫിനെ തകര്‍ത്ത അഡ്ജസ്റ്റ്‌മെന്റ് സമരം, എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു തുടങ്ങി കാലങ്ങളായി പ്രയോഗിച്ച ആയുധങ്ങള്‍ തന്നെയാണ് വിഎസ് വീണ്ടും തേച്ചുമിനുക്കിവച്ചിരിക്കുന്നത്. പാര്‍ട്ടി ഇന്നു നേരിടുന്ന മുഴുവന്‍ പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും കാരണം സ്ഥാപക നേതാവ് കൂടിയായ തൊണ്ണൂറു പിന്നിട്ട അച്യുതാനന്ദനാണെന്ന പതിവു പല്ലവി സമ്മേളനത്തില്‍ യുവസഖാക്കള്‍ മുതല്‍ തലമുതിര്‍ന്നവര്‍ വരെ ആവര്‍ത്തിക്കും. അവസാനം വിഎസിന്റെ മുന്‍ സംഭാവനകള്‍ കണക്കിലെടുത്ത് പ്രത്യേക ഇളവുകള്‍ അനുവദിച്ച് നിലനിര്‍ത്തുന്നതായി  ഔദ്യോഗികപക്ഷം പ്രഖ്യാപിക്കും. പിന്നെ ദേശീയ, അന്തര്‍ദേശീയ, തദ്ദേശിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് നരേന്ദ്ര മോദിയെയും അമേരിക്കയെയും ഫാസിസത്തെയും വിമര്‍ശിച്ച് സാര്‍വദേശീയ ഗാനം ആലപിച്ച് സമ്മേളനം അവസാനിക്കും. ഇത്തരം പതിവു രീതികള്‍ക്ക് ഇക്കുറിയും മാറ്റമുണ്ടാകില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതിനാല്‍ 'വിഎസ് വധ'ത്തിനു ശേഷം പിണറായിയെ വാഴ്ത്തുന്ന ചടങ്ങുമുണ്ടാകും. ഇതു മാത്രമായിരിക്കും ആലപ്പുഴ സമ്മേളനത്തിലെ പ്രത്യേകത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.