കോഴഞ്ചേരി: ഉന്നത വിദ്യാഭ്യാസത്തിനൊപ്പം ആത്മീയതയിലും അറിവുനേടണമെന്ന് ഗവര്‍ണര്‍ പി.സദാശിവം അഭിപ്രായപ്പെട്ടു. കോഴഞ്ചേരി സെന്റ് തോമസ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിയുടെ ഉള്ളിലെ ആത്മീയത കണ്ടെത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
നല്ല സമൂഹത്തെ സൃഷ്ടിക്കുവാന്‍ കെല്പുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുവാന്‍ കലാലയങ്ങള്‍ക്ക് കഴിയണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭരണഘടന, നിയമം, ദേശീയത, ചരിത്രം, പൈതൃകം എന്നിവയെയും നാം ബഹുമാനിക്കണം.
വിദ്യപകര്ന്നുതരുന്ന അദ്ധ്യാപകര്‍ ശ്രേഷ്ഠരാണ്. അവര്‍ക്ക് ആദരവ് നല്കുന്നതില് നാം പിഴവ് വരുത്തിക്കൂടായെന്ന് സ്വന്തം അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.
മാര്‍ത്തോമ്മാ സഭാപരമാദ്ധ്യക്ഷന് ഡോ. ജോസഫ് ഐറേനിയസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി. ജെ. കുര്യന് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി ഷിബു ബേബി ജോണ്‍, ആന്റോ ആന്റണി എംപി, അഡ്വ. കെ. ശിവദാസന്‍ നായര്‍ എംഎല്‍എ, എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, പ്രിന്‍സിപ്പല്‍ ഡോ. റോയ്സ് മല്ലശേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: