അവതാരവരിഷ്ഠനായ ശ്രീരാമകൃഷ്ണദേവന്‍

Friday 20 February 2015 8:34 am IST

ഈശ്വരാവതാരങ്ങള്‍ അസംഖ്യമാണെന്നല്ലാതെ ഇത്രയേ ആകാവൂ എന്ന് ഭാഗവത-ഗീതാദി ഗ്രന്ഥങ്ങളിലൊന്നും പറഞ്ഞുകാണുന്നില്ല. എങ്കിലും നമുക്ക് വിശ്വാസം മത്സ്യക്കൂര്‍മ്മാദി ദശാവതാരങ്ങളിലാണ്. അവയില്‍ത്തന്നെ, ശ്രീരാമനും ശ്രീകൃഷ്ണനുമാണ് നമ്മുടെ ഈശ്വരന്മാര്‍. അവര്‍ക്കുതാഴെ മാത്രമേ മറ്റേത് ഈശ്വരാവതാരത്തിനും ജനഹൃദയങ്ങളില്‍ സ്ഥാനമുള്ളൂ. ശ്രീരാമന്‍ രാജാരാമനാണ്, ധര്‍മ്മവിഗ്രഹനാണ്, ആദര്‍ശപുരുഷനാണ് എന്നതുകൊണ്ടു സര്‍വ്വസമാരാധ്യനായ ഈശ്വരാവതാരമായി പ്രശോഭിക്കുന്നു. ശ്രീകൃഷ്ണന്‍ രാജാധിരാജനാണ്, മനുഷ്യഭാവം വിടാത്ത ദിവ്യാത്ഭുതങ്ങള്‍ പ്രകടിപ്പിച്ച സര്‍വ്വാശ്ചര്യമയനാണ്. കുസൃതിയും കള്ളച്ചിരിയും നിറഞ്ഞ കൃഷ്ണന്‍ സര്‍വ്വരുടേയും സുഹൃത്തും ആശ്രയസ്ഥാനവുമാണ്. മറ്റു പല കാരണങ്ങളാലും ശ്രീകൃഷ്ണനെ പൂര്‍ണ്ണാവതാരമെന്നും പൂര്‍ണ്ണബ്രഹ്മമെന്നും വിശേഷിപ്പിച്ച് ആരാധിച്ചുവരുന്നു. ശ്രീകൃഷ്ണനില്‍ക്കവിഞ്ഞു ഒരീശ്വരാവതാരത്തെ നമുക്ക് സങ്കല്‍പിക്കാന്‍കൂടി കഴിയുകയില്ല. എന്നാല്‍ ഇതെല്ലാം അറിയുന്ന വിവേകാനന്ദസ്വാമികള്‍ ശ്രീരാമകൃഷ്ണദേവനെ വിശേഷിപ്പിച്ചിട്ടുള്ളത് 'അവതാരവരിഷ്ഠന്‍' എന്ന പദം ഉപയോഗിച്ചുകൊണ്ടാണ്. അവിടുത്തേയ്ക്ക് രാജകീയ പ്രൗഢീയോ അമാനുഷപ്രഭാവമോ ഒന്നും തന്നെയുണ്ടായിരുന്നില്ല. വിദ്യാവിഹീനനായിരുന്ന ആ പ്രാകൃതഗ്രാമീണന്‍ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ദരിദ്രബ്രാഹ്മണനായിരുന്നു. പരിഷ്‌കാരികളായ കല്‍ക്കത്തക്കാര്‍ അവിടുത്തെ അറിഞ്ഞിരുന്നത് 'ഭ്രാന്തന്‍ പൂജാരി'യായും 'ഞരമ്പുരോഗി'യായും ആയിരുന്നു! (ഈശ്വരദര്‍ശനത്തിനുവേണ്ടിയുള്ള വിഹ്വലതയെ ഭ്രാന്തായും സമാധ്യവസ്ഥയെ ഞരമ്പുരോഗമായും കാണാനേ ലൗകികര്‍ക്കു കഴിയൂ എന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ). എന്നാല്‍, ആദ്ധ്യാത്മിക കാര്യങ്ങളില്‍ അറിവുള്ള ചുരുക്കം ചിലര്‍ ശ്രീരാമകൃഷ്ണദേവനെ 'വേഷപ്രച്ഛന്നനായ രാജാ' വിനെപ്പോലുള്ള ഈശ്വരാവതാരം എന്നു വിശേഷിപ്പിച്ചിട്ടുമുണ്ട്. അവിടുത്തെ ഏറ്റവും അടുത്തറിഞ്ഞിട്ടുള്ളത് വിവേകാനന്ദസ്വാമികളാണ്. സ്വാമിജി അവിടുത്തെ അവതാരമാഹാത്മ്യത്തെ ആവുന്നത്ര വ്യക്തമാക്കിയില്ലായിരുന്നെങ്കില്‍, അവിടുത്തെ വരവും പോക്കും ആരും ശ്രദ്ധിക്കുക പോലുമില്ലായിരുന്നു! ഭാരതത്തിന്റെ മുഴുവന്‍ ആത്മീയതയേയും ഉള്‍ക്കൊണ്ടുകൊണ്ട് ദിവ്യത ഘനീഭവിച്ച സര്‍വ്വാവതാരസാരനും സര്‍വ്വധര്‍മ്മസമന്വയമൂര്‍ത്തിയുമായിരുന്നു ശ്രീരാമകൃഷ്ണദേവന്‍ എന്നാണ് സ്വാമിജി സ്വഗുരുവിനെപ്പറ്റി നല്‍കിയിട്ടുള്ള വിവരണം. ശ്രീബുദ്ധന്റെ കാരുണ്യവും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും ചൈതന്യമഹാപ്രഭുവിന്റെ ഭക്ത്യുന്മാദവും അവയുടെ പൂര്‍ണ്ണവും പരിശുദ്ധവുമായ രൂപത്തില്‍ പ്രകാശിപ്പിച്ചവനും ശ്രീകൃഷ്ണന്‍ ഗീതയിലൂടെ താത്വികമായി സാധിച്ച ധര്‍മ്മസമന്വയത്തെ അതിശയിപ്പിക്കുന്നതും സര്‍വ്വാശ്ലേഷകമായ വിശ്വമതമായി അംഗീകരിക്കപ്പെടാന്‍ യോഗ്യതയുമുള്ള ധര്‍മ്മ സമന്വയത്തെ സ്വജീവിതത്തില്‍ സാധനയിലൂടെയും സാക്ഷാല്‍ക്കാരത്തിലൂടെയും വാര്‍ത്തെടുത്തവനുമായി അവിടുത്തേക്ക് തുല്യനായ ഒരീശ്വരാവതാരത്തെ എവിടെയാണ് കണ്ടുകിട്ടുകയെന്നാണ് സ്വാമിജി ചോദിച്ചിട്ടുള്ളത്. അതുകൊണ്ടാണ് അപ്രമേയ പ്രഭാവനായ രാമകൃഷ്ണദേവനെ 'അവതാരവരിഷ്ഠന്‍' എന്നു വര്‍ണ്ണിച്ചത്. ഭൗതികതയുടെ വേലിയേറ്റം കാരണമായി, മനുഷ്യന്‍ തന്റെ ദിവ്യതയെ മറന്ന്, ഉണ്ടും ഉറങ്ങിയും മൃഗതുല്യം ജീവിതത്തെ പാഴാക്കാന്‍ തുടങ്ങിയപ്പോള്‍ പാശ്ചാത്യപരിഷ്‌ക്കാരം ആത്മീയസംസ്‌കാരത്തെ വിഴുങ്ങുമെന്ന നിലവന്നപ്പോള്‍, ഒരവതാരത്തിന്റെ സമയമെത്തി. യുഗങ്ങളായി ഋഷീശ്വരന്മാര്‍ നമ്മെ പഠിപ്പിച്ച മതബോധവും ആത്മീയതയും നമ്മുടെ അമൂല്യപൈതൃകമായ തത്ത്വചിന്തയും ഈശ്വരാന്വേഷണവും വെറും കെട്ടുകഥകളോ കവിഭാവനയോ ആണെന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച നമ്മുടെ യുവാക്കള്‍ വിശ്വസിച്ച് അവയെ അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന വിധം തിരസ്‌കരിച്ച്, പാശ്ചാത്യജീവിതരീതികളെ അന്ധമായി അനുകരിക്കാന്‍ തുടങ്ങിയപ്പോള്‍, ഒരീശ്വരാവതാരം അനിവാര്യമായിത്തീര്‍ന്നു. താളം തെറ്റിയ ജീവിതക്രമത്തിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കുകയെന്ന അവതാരദൗത്യം ആരുമറിയാതെ, കാലൊച്ച കേള്‍ക്കാതെ, വിജയകരമായി നിര്‍വ്വഹിച്ച യുഗപുരുഷനായിരുന്നു ശ്രീരാമകൃഷ്ണദേവന്‍ എന്നാണ് സ്വാമിജി പ്രഖ്യാപിച്ചത്.(1) (1) My master Pg1þ5 1-5 നോക്കുക. സ്വാമിജി ഗുരുഭായിമാര്‍ക്ക് അയച്ചകത്തുകള്‍, വിശേഷിച്ച് ശിവാനന്ദസ്വാമികള്‍ക്ക് അയച്ച കത്ത് നോക്കുക.  Letters of Sw. Viv.,Pg  180-þ181 ശ്രീരാമകൃഷ്ണദേവന്റെ അവതാരലീലകളിലെ പ്രത്യേകതകളെന്തെല്ലാമെന്നു കുറഞ്ഞൊന്നു നോക്കിക്കാണാന്‍ ശ്രമിക്കാം. ഒന്നാമതായി, ബഹുജന്മദുര്‍ലഭമായ ദിവ്യാനുഭൂതി, അലൗകികവും ഇന്ദ്രീയാതീതവുമായ സമാധ്യവസ്ഥ അവിടുത്തെ സ്വഭാവമായിരുന്നു. അത് സ്വതസ്സിദ്ധമായിരുന്നു, സാധനയുടെ ഫലമായി നേടേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബാല്യകാലത്ത് ഈ അനുഭവം മൂന്നു തവണയെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് ജീവചരിത്രത്തില്‍ കാണാം. മാത്രമല്ല, ഈശ്വരനും ദിവ്യതയുമായി ബന്ധപ്പെടുത്താവുന്ന കാഴ്ചകണ്ടാലോ, വാക്കു കേട്ടാലോ അവിടുന്നു സമാധിയില്‍ ലയിക്കാറുണ്ടായിരുന്നു, ''യത്രയത്രമനോയതി തത്ര തത്രസമാധയ:'' ഇതുചൂണ്ടിക്കാണിക്കുന്നത് അവിടുന്ന് സാധകനോ സിദ്ധനോ അല്ലായിരുന്നു, സാധ്യവസ്തുതന്നെയായിരുന്നു എന്നാണ്. രാമകൃഷ്ണദേവന്‍ ദിവ്യതയുടെ ഘനീഭൂതരൂപമായിരുന്നുവെന്നു സാരം. സാധ്യസ്വരൂപനായിരുന്നെങ്കിലും അവിടുന്ന് അതിദുഷ്‌കരമായ ആദ്ധ്യാത്മികസാധനകള്‍ പന്ത്രണ്ടുവര്‍ഷം നടത്തി, ആധുനികശാസ്ത്രരീത്യാ സനാതനധര്‍മ്മം സത്യവും, ശാസ്ത്രീയവും, പ്രായോഗികവുമാണെന്ന് സ്വാനുഭവത്തിലൂടെ തെളിയിച്ചു. ദക്ഷിണേശ്വരത്തിലെ അരയാല്‍ ചുവട്ടില്‍വെച്ച് അവിടുന്ന് എല്ലാ സാധനാസമ്പ്രദായങ്ങളിലൂടേയും സഞ്ചരിച്ച്, എല്ലാദേവീദേവന്മാരേയും, ക്രിസ്തുവിനേയും നബിയേയും കൂടി സാക്ഷാല്‍ക്കരിച്ച്, വിഗ്രഹാരാധന മുതല്‍ നിര്‍ഗുണോപാസനവരേയുള്ള എല്ലാ മാര്‍ഗ്ഗങ്ങളും മതങ്ങളും സത്യവും സ്വീകാര്യവുമാണെന്നു തെളിയിച്ചു കാണിച്ചു. വിവേകാനന്ദസ്വാമികള്‍ പാശ്ചാത്യ ദേശങ്ങളില്‍ ഉല്‍ഘോഷിച്ച വിശ്വമതാദര്‍ശത്തിനും ധര്‍മ്മസമന്വയത്തിനും പരമ പ്രമാണമായത് ശ്രീരാമകൃഷ്ണദേവന്റെ സാധനകളും സാക്ഷാല്‍ക്കാരവുമായിരുന്നു. തുളസിമഹരാജ് നിര്‍മ്മലാനന്ദസ്വാമികളുടെ വാക്കുകളില്‍, ''.... ഈ ആശയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാന്‍ ലോകത്തിലെ ഏതെങ്കിലും രാജ്യം ചിന്തിക്കാന്‍ പോലും തുടങ്ങുന്നതിനു എത്രയോ മുമ്പ്, തന്റെ ജീവിതത്തെത്തന്നെ ഒരു മതമഹാസമ്മേളനമാക്കിത്തീര്‍ത്ത ഒരു മഹാത്മാവ് ഇവിടെ ജീവിച്ചിരുന്നു.''(2) (2) Swami Nirmalananda on Sri Ramakrishna  Niranjan Ashrama, Ottapalam. page 37. ഗൃഹസ്ഥനായി കാണപ്പെട്ട രാമകൃഷ്ണദേവന്‍ ത്യാഗികള്‍ക്കും സന്യാസിമാര്‍ക്കും ആദര്‍ശപുരുഷനും ആരാധ്യദേവതയുമായിരുന്നു. ബ്രഹ്മചര്യം അപരിഗ്രഹം എന്നീ വ്രതങ്ങള്‍ പൂര്‍ണ്ണമായി പരിപാലിച്ചിരുന്നു. കാമിനീകാഞ്ചനത്യാഗത്തിന്റെ ജീവല്‍സ്വരൂപമായ് അവിടുന്ന് മായാതീതനെന്ന ഈശ്വരനാമത്തിനു തികച്ചും യോഗ്യനായിരുന്നു. ഒരു പദാര്‍ത്ഥത്തെ തന്റെ ഉപയോഗത്തിനായി മാറ്റിവെച്ചാല്‍ അന്ധത ബാധിച്ചിരുന്നു. നാണയത്തിനടുത്ത് കൈപോയാല്‍, അത് മരവിച്ച് മടങ്ങിയിരുന്നു. തന്റെ ധര്‍മ്മ പത്‌നിയായ ശ്രീശാരദാദേവിയടക്കം ഏതു സ്ത്രീയേയും അവിടുന്നു നോക്കിക്കണ്ടത് സാക്ഷാല്‍ ജഗദംബയായിട്ടായിരുന്നു. കാമിനീകാഞ്ചനങ്ങളെ സ്വപ്നത്തില്‍ കൂടി സ്പര്‍ശിക്കാനാവാത്ത ദൃഢവൈരാഗ്യം രാമകൃഷ്ണാവതാരത്തിന്റെ വൈശിഷ്ട്യമാണെന്നുകൂടി പറയാം. ശ്രീരാമകൃഷ്ണദേവന്‍ വേദാന്തത്തെപ്പറ്റി പണ്ഡിതോചിതമായി പ്രസംഗിച്ചില്ല, പുസ്തകമെഴുതിയില്ല. എന്നാല്‍, വേദാന്തം സ്വാനുഭവമാക്കിയ അവിടുത്തെ ലളിതമായ വിവരണം കേട്ട പണ്ഡിതന്മാര്‍ അവിടുത്തെ സ്വയം ഒരീശ്വരനായിട്ടാണ് ആരാധിച്ചുപോന്നത്. ഈശ്വരനെപ്പറ്റിയല്ലാതെ അവിടുന്ന് അധികമൊന്നും സംസാരിച്ചിട്ടുമില്ല. ഈശ്വരാനന്ദത്തില്‍ ആറാടിയിരുന്ന അവിടുത്തേയ്ക്ക് പണ്ഡിതനും, പാമരനും, പതിതനുമെല്ലാം ഒരുപോലെ സ്വന്തമായിരുന്നു. ഒരു നോക്ക്, വാക്ക്, സ്പര്‍ശം, അല്ലെങ്കില്‍ സങ്കല്‍പംകൊണ്ട് തന്നെ ശരണം പ്രാപിച്ചവര്‍ക്കെല്ലാം ഒരു പദാര്‍ത്ഥത്തെയെന്നപോലെ ഈശ്വരാനുഭവം നല്‍കിയനുഗ്രഹിച്ച ആദ്ധ്യാത്മിക കല്പതരുവായിരുന്നു ശ്രീരാമകൃഷ്ണദേവന്‍. ഇത്രയും കാരുണ്യപൂര്‍ണ്ണനായ ഒരവതാരത്തെ പുരാണങ്ങള്‍കൂടി വര്‍ണ്ണിച്ചുകാണുന്നില്ല. ഭാരതീയരെ മാനസികമായി അടിമകളാക്കാനും, അവരുടെ ഹൃദയത്തെ സംസ്‌കാരശൂന്യമാക്കാനും ബ്രിട്ടീഷ് ഭരണകൂടം അതിസമര്‍ത്ഥമായി ഉപയോഗിച്ച തന്ത്രമാണല്ലോ ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായം. മെക്കാളെ പ്രഭു അതു നടപ്പാക്കാന്‍ തുടങ്ങിയ 1836ല്‍ തന്നെയാണ് അതിന്റെ സ്വാധീനമില്ലാതാക്കാന്‍ വേണ്ടി ശ്രീരാമകൃഷ്ണദേവന്‍ ഭൂജാതനായതും. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ഒരു പിടിയുവാക്കളെ ഉപകരണമാക്കിയാണ് അവിടുന്ന് അത് ഭാരതത്തില്‍ നിന്നു ആട്ടിയകറ്റിയത്. മാത്രമല്ല, അവരില്‍ക്കൂടി ലോകത്തെ മുഴുവന്‍ താന്‍ ജീവന്‍ നല്‍കിയ നവവേദാന്ത ചിന്തകളില്‍ ആറാടിക്കാനും അവിടുത്തേക്കു കഴിഞ്ഞു. ലോകത്തിന്റെ പരിഷ്‌കാരത്തിനു മാത്രമല്ല സംസ്‌കാരത്തിനു കൂടി പരമപ്രമാണം പാശ്ചാത്യ ജീവിതരീതിയാണെന്ന അലിഖിതനിയമത്തെ മാറ്റിയെഴുതിയതിന്റെ പിന്നിലെ പ്രേരകശക്തി ശ്രീരാമകൃഷ്ണദേവനായിരുന്നു. കല, സാഹിത്യം, തത്ത്വചിന്ത, മതം, ആദ്ധ്യാത്മികത എന്നിവയുടെ പ്രഭവസ്ഥാനം ഭാരതമാണെന്നും, ലോകനാഗരികത നിലനില്‍ക്കണമെങ്കില്‍  അതിന് ഭാരതത്തിന്റെ തത്ത്വചിന്തയും ജീവിതരീതിയും അനിവാര്യമാണെന്നും ചിന്തിക്കുന്ന ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കാനായതും ശ്രീരാമകൃഷ്ണ പ്രഭാവം തന്നെയാണ്. ഭാരതം ലോകത്തിന്റെ പുണ്യഭൂമിയാണെന്നും അതിനെ സമീപിക്കേണ്ടത് അത്യാദരപൂര്‍വ്വമാണെന്നും, അതിനു നല്‍കേണ്ടത് ലോകാചാര്യന്റെ ഉന്നതസ്ഥാനമാണെന്നും ലോകത്തെ ബോധ്യപ്പെടുത്താനായതും അവിടുത്തെ അനന്തവും അപ്രമേയവുമായ ആത്മീയപ്രഭാവം തന്നെയാണ്. ''ശ്രുത്വാപ്യേനം വേദന ചൈവ കശ്ചിത്'' - എത്ര തന്നെ കേട്ടാലും പറഞ്ഞാലും അത്യാശ്ചര്യകരമായ ഈ ആദ്ധ്യാത്മിക പ്രതിഭാസത്തെക്കുറിച്ച് നമുക്ക് എന്തറിയാനാവും? അവിടുത്തെ കൃപതന്നെ നമുക്ക് പരമാശ്രയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.