അറസ്റ്റ് ചെയ്യേണ്ടതില്ല; അന്വേഷണത്തില്‍ ടീസ്റ്റ സഹകരിക്കണം : സുപ്രീം കോടതി

Thursday 19 February 2015 9:40 pm IST

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ മറവില്‍ പിരിച്ചെടുത്ത കോടികള്‍ തട്ടിച്ച കേസില്‍ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട കേസല്ല. അതിനാല്‍ അവരെ അറസ്റ്റ് ചെയ്യേണ്ട. കോടതി ഗുജറാത്ത്  പോലീസിനോട് നിര്‍ദ്ദേശിച്ചു. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റീസുമാരായ ദീപക് മിശ്ര, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവര്‍ ഇങ്ങനെ നിര്‍ദ്ദേശിച്ചത്.ഹര്‍ജി വിധി പറയാന്‍ മാറ്റിവച്ചു. എന്നാല്‍ പോലീസ് ആവശ്യപ്പെടുന്ന സകല രേഖകളും നല്‍കാനും അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കാനും കോടതി ടീസ്റ്റയോടും ഭര്‍ത്താവിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരിച്ചില്ലെങ്കില്‍  അവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കും. കോടതി വ്യക്തമാക്കി. തങ്ങളുടെ കൈവശമുള്ള സകല രേഖകളും പണം നല്‍കിയതിന്റെയും കൈപ്പറ്റിയതിന്റെയും വൗച്ചറുകളും തങ്ങളുടെ അധീനതയിലുളള് സബ്‌രംഗ് ട്രസ്റ്റ്, സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ് എന്നിവയ്ക്ക് സംഭാവന നല്‍കിയവരുടെ പട്ടികയും പോലീസിന് നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് പോലീസില്‍ ഹാജരാകുമ്പോള്‍ അഭിഭാഷകനെ കൂടെ കൂട്ടാന്‍ കോടതി ടീസ്റ്റയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഇരുവരും അന്വേഷണവുമായി സഹകരിക്കില്ലെന്ന ആശങ്ക ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി ഹാജരായ മഹേഷ് ജത്മലാനി കോടതിയില്‍ പ്രകടിപ്പിച്ചു. അവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ നിങ്ങള്‍ക്ക് അപേക്ഷ നല്‍കാം. കോടതി വ്യക്തമാക്കി. അന്വേഷണം 2007നു ശേഷം രണ്ടു ട്രസ്റ്റുകള്‍ക്കുമായി ലഭിച്ച സംഭവനകളുടെ കാര്യത്തില്‍ മാത്രം മതിയെന്ന് പോലീസിനോട് പറയണമെന്ന ടീസ്റ്റയുടെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ അഭ്യര്‍ഥന കോടതി പരിഗണിച്ചില്ല. അങ്ങനെ പറയാന്‍ നിങ്ങളാരാണ്, നിങ്ങള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയയാള്‍ മാത്രമാണ്. കോടതി വ്യക്തമാക്കി. നേരത്തെ ഫെബ്രുവരി 13 മുതല്‍ ആറു ദിവസം ഇവരെ അറസ്റ്റ് ചെയ്യുന്നതുവിലക്കി  ജസ്റ്റീസുമാരായ എസ്‌ജെ മുഖോപാദ്ധ്യായ, എന്‍വി രമണ എന്നിവര്‍ ഉത്തരവിട്ടിരുന്നു. ഇന്നലെ മറ്റൊരു ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബെഞ്ചുമാറ്റത്തിന്റെ കാരണം വ്യക്തമല്ല. ആദ്യം കേസ് പരിഗണിച്ച ബെഞ്ച് ടീസ്റ്റക്കും ഭര്‍ത്താവിനും എതിരായ ആരോപണം വളരെ ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. കലാപത്തിന് ഇരയായവരുടെ മറവില്‍, മതത്തിന്റെ പേരില്‍ പണം ശേഖരിച്ചെന്ന ആരോപണം ഗുരുതരമായതിനാല്‍ ടീസ്റ്റയും ഭര്‍ത്താവും പോലീസിനു കീഴടങ്ങിയ ശേഷം ജാമ്യത്തിന് അപേക്ഷിക്കുകയാണ് വേണ്ടതെന്നും ആദ്യ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതേ ബെഞ്ചു തന്നെയാണ് ആറു ദിവസം അറസ്റ്റ് വിലക്കിയതും. വിചാരണയില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെയും ആദ്യ ബെഞ്ച് വിമര്‍ശിച്ചിരുന്നു.കപില്‍ സിബല്‍ വാദത്തിനിടെ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയപ്പോള്‍ ഞങ്ങള്‍ പ്രഥമ വിവര റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നതെന്നും വ്യക്തിയുടെ പേരു നോക്കിയല്ല, മറ്റേതൊരു കേസും പോലെയാണ് ഇതും പരിഗണിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. കലാപത്തിന് ഇരയായവരുടെ പേരില്‍ മ്യൂസിയം നിര്‍മ്മിക്കാനും അവരെ സഹായിക്കാനുമെന്ന പേരില്‍ ഭാരതത്തില്‍ നിന്നും പുറത്തു നിന്നും  ഇവരുടെ ഉടമസ്ഥതയിലുള്ള രണ്ട് ട്രസ്റ്റുകള്‍ 9.75 കോടി പിരിച്ചെന്നും ഇതില്‍ 3.75 കോടി ഇവര്‍ വിദേശ യാത്രകള്‍ക്കും ആര്‍ഭാട ജീവിതത്തിനുമായി തട്ടിയെടുത്തുവെന്നുമാണ് കേസ്. ഗുല്‍ബര്‍ഗ ഹൗസിംഗ് സൊസൈറ്റയില്‍ താമസക്കാരായ 12 പേരാണ് പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.