ഇതു വെറും ഗ്രൂപ്പുപോരല്ല; വര്‍ഗ്ഗസമരമാണ്‌

Friday 20 February 2015 9:28 am IST

ആലപ്പുഴയില്‍ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് കൊടിയുയരുമ്പോള്‍ വിഭാഗീയതയുടെ കൊടിക്കൂറയാണോ കൂടുതല്‍ ഉയരത്തില്‍ പറക്കുക എന്നുള്ള സന്ദേഹത്തിലാണ് പാര്‍ട്ടി അണികളും സഹയാത്രികളും അനുഭാവികളും. സംസ്ഥാന സമ്മേളനത്തിന് മുന്‍പ് നടന്ന ജില്ല, ഏരിയാ, ലോക്കല്‍ സമ്മേളനങ്ങളില്‍ അച്യുതാനന്ദന്‍പക്ഷം നിലംപരിശായതൊടെ ഇനിയത്തെ പോരാട്ടം സംസ്ഥാന സമ്മേളന വേദിയിലായിരിക്കും. മിക്കവാറും ഒറ്റയാള്‍ പട്ടാളം ആയിക്കഴിഞ്ഞിരിക്കുന്ന അച്യുതാനന്ദന്‍, ബദല്‍ കുറിപ്പോടെ പോരാട്ടത്തിനുള്ള വെടി പൊട്ടിച്ചു കഴിഞ്ഞു. സംസ്ഥാന സമ്മേളനങ്ങള്‍ക്ക് ശേഷം നടത്തുവാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നായിരിക്കില്ല. കഴിഞ്ഞ ലോക് സഭാ തെരെഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ പാര്‍ട്ടിയ്ക്ക് ദേശീയ പാര്‍ട്ടി എന്ന പദവി പോലും നഷ്ടമാകുമെന്ന അവസ്ഥ സംജാതമായതോടെ അഖിലേന്ത്യാ നേതൃത്വത്തിലും വ്യക്തമായി രണ്ട് ചേരികള്‍ ഉണ്ടായിക്കഴിഞ്ഞു. പ്രകാശ് കാരാട്ടിനെ പിന്തുണയ്ക്കുന്നവരും കാരാട്ടിനെ എതിര്‍ക്കുന്ന യെച്ചൂരിയുടെ ചേരിയും പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാന്‍ ശക്തമായ നീക്കത്തിലാണെന്ന് അന്നേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ പ്രസ്‌ക്തി നഷ്ടപ്പെട്ടിരിക്കുന്നു എന്ന സത്യം അണികളിലും നേതാക്കളിലും പരിഭ്രാന്തി സൃഷ്ടിച്ച സാഹചര്യത്താലാണ് ലോകസഭാ തെരെഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം പോളിറ്റ് ബ്യൂറോ തന്നെ ഏറ്റെടുത്തത്. അപ്പോള്‍ പിന്നെ കീഴ്ഘടകങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളുടെ ശക്തി കുറയുമല്ലൊ എന്നുള്ള തന്ത്രമാണ് അന്നു പ്രയോഗിച്ചതെങ്കിലും സീതാറാം യെച്ചൂരിയും മറ്റും പൂര്‍ണ്ണമായും ആ വിലയിരുത്തലിന് വഴങ്ങിയിരുന്നില്ല. തെറ്റു സമ്മതിക്കുന്നു.’തെറ്റു തിരുത്തി മുന്നോട്ട് പോകുമെന്നുമൊക്കെയുള്ള സ്ഥിരം പല്ലവികള്‍ നടത്തി തത്കാലം തടിത്തപ്പുക എന്ന പഴയ തന്ത്രമാണ് നേതൃത്വം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് പാര്‍ട്ടി കീഴ് ഘടകങ്ങള്‍ക്കും മറ്റ് നേതാക്കള്‍ക്കും അണികള്‍ക്കും ബോദ്ധ്യമുളളതിനാല്‍, അവരെല്ലാം ഈ വിലയിരുത്തലിന് പുച്ഛത്തോടു മാത്രമാണ് നോക്കിക്കാണുന്നത്. കാരണം തെറ്റുചെയ്യുക പിന്നീട് അത് ഏററു പറയുക, തെറ്റു തിരുത്തല്‍ രേഖയിറക്കുക, ആ രേഖയ്ക്ക് പുല്ലുവില പോലും കല്പിക്കാതിരിക്കുക എന്ന സ്ഥിരം അടവുനയമാണ് നേതൃത്വം പ്രയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്. തെരെഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി അണികളും അനുഭാവികളും പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ വോട്ട് ചെയ്യുന്നത് സാധാരണ സംഭവമായിരിക്കുന്നു. കൂടാതെ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ ശോഷണവും, പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കും തടഞ്ഞു നിര്‍ത്താന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നുള്ള വിമര്‍ശനം വ്യാപകമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത് എന്നത് പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുതയാണ്. ഇതാവട്ടെ, ഒരു പ്രഭാതത്തില്‍ സംഭവിച്ചതല്ല. പാര്‍ട്ടിയ്ക്ക് ഭരണാധികാരം ലഭിച്ചുകൊണ്ടിരുന്ന ബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍, കേരളം ഒഴിച്ചുള്ള ബംഗാളിലോ ത്രിപുരയിലോ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് അവിടങ്ങളിലെ ഭരണത്തിലോ പാര്‍ട്ടി സംഘടനയിലോ വലിയ സ്വാധീനം ഒന്നും ചെലുത്താനായിട്ടില്ല. ബംഗാളില്‍ ജ്യോതി ബസുവിന്റെ വ്യക്തിപ്രഭാവത്തിനായിരുന്നു മുന്‍തൂക്കം അത് നഷ്ടമായപ്പോള്‍ പാര്‍ട്ടിയ്ക്ക് ഭരണവും നഷ്ടമായി. പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ മൂലമോ, സംഘടനാപരമായ സവിശേഷത കൊണ്ടോ അല്ല ബംഗാളില്‍ നിരന്തരം വിജയം നേടിയിരുന്നത്. ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരും പാര്‍ട്ടിയും തമ്മിലുള്ള അവിശുദ്ധവും അലിഖിതവുമായ ധാരണയുടെയടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇടതു മുന്നണിയെ തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കാന്‍  അണിയറ നീക്കങ്ങള്‍ നടത്തുമായിരുന്നുവെന്ന ചരിത്രം പരസ്യമായ രഹസ്യമാണ്. പ്രണബ് കുമാര്‍ മുഖര്‍ജി പോലും ഈ ധാരണയുടെയടിസ്ഥാനത്തില്‍ ലോക്‌സഭയിലേയ്ക്ക് വിജയിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ എപ്പോഴൊക്കെ കോണ്‍ഗ്രസ് പ്രതിസന്ധിയിലാവുന്നൊ, അപ്പോഴൊക്കെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ബംഗാള്‍ പാര്‍ട്ടി, പോളിറ്റ് ബ്യൂറോയില്‍ സമ്മര്‍ദ്ദം ചെലുത്തുമായിരുന്നു. കൂടാതെ ബംഗാള്‍ കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട നേതാക്കള്‍ക്ക് ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇടതുമുന്നണി തന്നെ കളമൊരുക്കിയിരുന്നു. 1989 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് മാത്രമാണ് ഇതിനൊരു അപവാദമായത്. ത്രിപുരയില്‍ ഗോത്രവര്‍ഗ്ഗ പ്രീണനവും ബംഗ്ലാദേശ് മുസ്ലിങ്ങളുടെ അനധികൃത കടന്നുകയറ്റവും ഇപ്പോഴും പാര്‍ട്ടിയെ തെരെഞ്ഞെടുപ്പുകളില്‍ സഹായിക്കുന്ന ഘടകമാണ്. കേരളത്തിലാവട്ടെ, 1964 മുതല്‍ ഇഎംഎസ് എന്ന മൂന്ന് അക്ഷരത്തില്‍ ചുറ്റിക്കറങ്ങുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരുന്നു. അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇഎംഎസ് സിപിഎംന്റെ കൂടെ ആദ്യമെ തന്നെ ഉണ്ടായിരുന്നില്ലെന്ന്, സുന്ദരയ്യ 'വിപ്ലവ പാതകള്‍' എന്ന ആത്മകഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇഎംഎസിനെ പാര്‍ട്ടിയിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നത് സുന്ദരയ്യ തന്നെയായിരുന്നവെന്നത് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പ്രധാന നേതാക്കള്‍ എല്ലാം ഇന്നത്തെ സിപിഐയിലായിരുന്നതിനാല്‍, സിപിഎമ്മില്‍ തന്റെ ഉഗ്രശാസനകളും സ്വന്തം പരിപാടികളും കേരള ഘടകത്തില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ഇഎംഎസിന് കഴിഞ്ഞിരുന്നു. ഇത് മൂലം ക്രമേണ അറുപതുകളുടെ അവസാനം പാര്‍ട്ടിയില്‍ ഇഎംഎസ് വിരുദ്ധരും വിമര്‍ശകരും കേന്ദ്രീകരിക്കുവാന്‍ ആരംഭിച്ചു. ഇഎംഎസ് എത്ര പ്രത്യയശാസ്ത്ര വിശകലന വിദഗ്ധനാണെങ്കിലും എത്ര ഉന്നതായ നേതാവാണെങ്കിലും ആരും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരു സത്യം ഉണ്ട്. തനിക്കെതിരായി ആരു വിമര്‍ശനം ഉന്നയിച്ചാലും, തന്റെ പരിപാടികള്‍ പ്രത്യയശാസ്ത്രപരമായിത്തന്നെ ആരെങ്കിലും എതിര്‍ത്താലും, എതിര്‍ക്കുന്നയാള്‍ ബൗദ്ധിക നിലവാരത്തില്‍ എത്ര ഉന്നതാണെങ്കിലും ത്യാഗത്തിന്റെ മറക്കാനാവാത്തയാളാണെങ്കിലും, ആ വ്യക്തിയെ അച്ചടക്കലംഘനത്തിന്റെയും ആശയപരമായ ഭിന്നതകളുടേയും പേരില്‍ ആസൂത്രിതമായി പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കുന്ന കലയില്‍ അദ്ദേഹം അഗ്രഗണ്യനായിരുന്നു. കെ. പി. ആര്‍. ഗോപാലന്‍, എ.വി. ആര്യന്‍, എം. വി. രാഘവന്‍, ചാത്തുണ്ണി മാസ്റ്റര്‍, കോസല രാമദാസ് തുടങ്ങിയവരൊക്കെ അങ്ങനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരാകുന്നു. അവരെയെല്ലാം പാര്‍ട്ടിയ്ക്ക് പുറത്താക്കി പടിയടച്ച് പിണ്ഡം വെച്ചത് ഓരോ വ്യത്യസ്ത കാലഘട്ടത്തിലാണെന്ന് മാത്രം. പ്രത്യയശാസ്ത്ര ഭിന്നതയുടെ മേലങ്കി ധരിപ്പിച്ച് ഇവരെയൊക്കെ പാര്‍ട്ടിയ്ക്ക് പുറത്താക്കുമ്പോള്‍ സത്യത്തില്‍ ഇ.എം.എസ് സ്വയം ഗ്രൂപ്പ് സൃഷ്ടിക്കുകയായിരുന്നു. അതില്‍പ്പെടാത്തവരാരും തന്നെ സി.പി.എം. രാഷ്ട്രീയത്തില്‍ ഉന്നതങ്ങളിലേയ്ക്ക് എത്തപ്പെട്ടിട്ടില്ല. അതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണമായിരുന്നു പി.ഗോവിന്ദപിള്ള. പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറി സുന്ദരയ്യയുടെ വിപ്ലവ പാതയെന്ന ആത്മകഥ ആദ്യം പ്രസിദ്ധീകരിച്ചത് ചിന്താ പബ്ലിഷേഴ്‌സ് ആയിരുന്നുവെങ്കിലും പിന്നീടത് മറ്റൊരു പ്രസാധകരാണ് പ്രസിദ്ധീകരിച്ചത്. ചിന്ത അതില്‍ നിന്ന് പിന്മാറി. അവിഭക്ത പാര്‍ട്ടി പിളര്‍ന്ന് സിപിഎം രൂപം കൊണ്ട സമയത്ത് ഇഎംഎസിന്റെ ചാഞ്ചാട്ടത്തെപ്പറ്റി സുന്ദരയ്യ പരാമര്‍ശിക്കുന്നതുരകൊണ്ടാവാം വിപ്ലവപാത പിന്നീട് ചിന്ത പ്രസിദ്ധീകരിക്കാതിരുന്നത്. ബുദ്ധിമാനായ ഇഎംഎസ് ഒരിക്കലും തനിക്കെതിരെ ഗ്രൂപ്പുണ്ടെന്ന് പറഞ്ഞിട്ടില്ല. തന്റെ വിമര്‍ശകരുടെ മേല്‍ അദ്ദേഹം പ്രത്യയശാസ്ത്ര ഭിന്നതയും, വ്യതിയാനവും അച്ചടക്ക ലംഘനവുമൊക്കയാണ് ആരോപിച്ചിരുന്നത്. തന്റെ തീരുമാനം പാര്‍ട്ടിയുടെ തീരുമാനമാക്കി മാറ്റുന്നതില്‍ വിജയിച്ചിരുന്ന അദ്ദേഹം തനിക്കെതിരെ തിരിയുന്നവരെല്ലാം പാര്‍ട്ടിക്കെതിരെയാണ് തിരിയുന്നതെന്ന് വരുത്തിത്തീര്‍ത്ത് അവരെ പുറത്താക്കുവാന്‍ നേതൃത്വത്തെക്കൊണ്ട് നടപടിയെടുപ്പിക്കുന്നതില്‍ എന്നും വിജയിച്ചിരുന്നു. മുഖ്യ ശത്രു കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുവാന്‍ കേരളാ കോണ്‍ഗ്രസിനേയും മുസ്ലിം ലീഗിനെയും കൂട്ടുപിടിക്കണമെന്ന് വാദിച്ച് 1985 ല്‍ കൊല്ലം സമ്മേളനത്തില്‍ ബദല്‍ രേഖ അവതരിപ്പിച്ച എം. വി. രാഘവനേയും കൂട്ടരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഇഎംഎസ് കൂട്ടുപിടിച്ചത് പ്രത്യയശാസ്ത്ര വ്യതിയാനമെന്ന സിദ്ധാന്തമായിരുന്നു. എന്നാല്‍ അതേ ഇഎംഎസ് തന്നെ 1989 ല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ പൂച്ചെണ്ടും പൂമാലയും നല്‍കി മാര്‍കിസ്റ്റ് മാമോദിസായും മുക്കി ഇടതു മുന്നണിയില്‍ ഘടകകക്ഷിയാക്കി എകെജി സെന്ററില്‍ കുടിയിരുത്തുകയും ചെയ്തു. 1992 ല്‍ മദ്‌നിയെ മഹാത്മാഗാന്ധിയ്ക്ക് തുല്യനാക്കി ലേഖനം എഴുതാനും മടികാണിച്ചില്ല. 1980 ല്‍ സിപിഎം നേതൃത്തില്‍ ഇടതുപക്ഷ ജനാതിപത്യ മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ടി.കെ. രാമകൃഷ്ണന്റെ പേര് ഇഎംഎസ് നിര്‍ദ്ദേശിച്ചപ്പോള്‍, നായനാരുടെ പേര് എം.വി. രാഘവന്‍ നിര്‍ദ്ദേശിക്കുകയും ഭൂരിപക്ഷം അത് അംഗീകരിക്കുകയും നായനാര്‍ മുഖ്യമന്ത്രിയാവുകയും ചെയ്യുകയും ചെയ്തു. അന്നു തന്നെ ഇഎംഎസ് തന്റെ മേല്‍ ചുണ്ണാമ്പ് കല്ലുകൊണ്ടുവരച്ചുവെന്ന് രാഘവന്‍ 'ഒരു ജന്മം'’എന്ന തന്റെ ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്. അന്നു തുടങ്ങിയ വ്യക്തി വിദ്വേഷമാണ് ബദല്‍ രേഖയുടെ പേരിലുണ്ടായ പ്രശ്‌നങ്ങളും പിന്നീടുണ്ടായ പുറത്താക്കലുമെന്ന് എം.വി. രാഘവന്‍ വിശ്വസിച്ചിരുന്നു. ഈ അര്‍ത്ഥത്തില്‍, സിപിഎമ്മില്‍ ആദ്യം മുതലെ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമായിരുന്നു. പക്ഷേ അത് അണികളുടെയിടയിലേയ്ക്ക് വ്യാപിക്കാതെ നേതാക്കളില്‍ മാത്രം ഒതുക്കിനിര്‍ത്തുവാന്‍ അന്നത്തെ നേതാക്കള്‍ ശ്രദ്ധിച്ചിരിന്നു. ഇന്നത്തെപ്പോലെ വ്യാപകമായരീതിയില്‍ ദൃശ്യമാദ്ധ്യമങ്ങളും മറ്റും ഇല്ലാതിരുന്നതും ഇത്രയും വിപുലമായ ജനാധിപത്യ പ്രക്രിയകളോ സംവിധാനങ്ങളോ ഇല്ലാതിരുന്നതും മൂലം പാര്‍ട്ടി അണികളോ പൊതുസമൂഹമോ അതിനെപ്പറ്റി അറിഞ്ഞിരുന്നില്ലായെന്നതാണ് സത്യം. ഇപ്പോള്‍ പാര്‍ട്ടിയില്‍ കാണപ്പെടുന്ന വിഭാഗീയതയ്ക്ക് ഒട്ടേറ പരിണാമദിശകളുണ്ട്. ഇന്നു കാണുന്ന ഗ്രൂപ്പ് സമവാക്യങ്ങളായിരുന്നില്ല 1990 കളുടെ ആരംഭത്തില്‍ പാര്‍ട്ടി കേരള ഘടകത്തിലുണ്ടായിരുന്നത്. വി.എസ്. അച്യൂതാനന്ദന്‍ നയിക്കുന്ന വി എസ് ഗ്രൂപ്പും, ബാലാനന്ദന്‍, എം.എം. ലോറന്‍സ് എന്നിവര്‍ നയിച്ചിരുന്ന സിഐറ്റിയു ഗ്രൂപ്പുമായിരുന്നു അന്ന് പാര്‍ട്ടിയെ പോരാട്ട വേദിയാക്കിയത്. ഇഎംഎസ്സാകട്ടെ തന്ത്രപരമായി സിഐറ്റിയു ലോബിയെ പിന്‍തുണച്ചിരുന്നു. 1980 തൊട്ട് ഒരേ പക്ഷത്തു നിന്ന ഇഎംഎസ്സും, വിഎസ്സും പരസ്പരം ചേരിതിരിഞ്ഞ് ശത്രുക്കളായി പടവെട്ടുന്ന കാഴ്ചയാണ് 90 കളില്‍ പാര്‍ട്ടിയില്‍ ദൃശ്യമായത്. കൊല്ലുന്ന രാജാവിന്റെ  തിന്നുന്ന മന്ത്രിയായി അഭിനയിച്ചു നടന്ന അച്യുതാനന്ദന്‍ 1980 കളില്‍ ബദല്‍ രേഖയുടെ പേരില്‍ രാഘവനേയും കൂട്ടരേയും പിന്നീട് ചാത്തുണ്ണി മാസ്റ്ററേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമ്പോള്‍, ഇങ്ങനെയൊരു പരിണാമദിശയുണ്ടാകുമെന്ന് വിചാരിച്ചു കാണില്ല. 1996 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് അച്യൂതാനന്ദന്‍ തോറ്റപ്പോള്‍ സിഐറ്റിയു ലോബിയുടെ കണക്കുക്കൂട്ടലുകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ പോകുമെന്ന് കണക്കുകൂട്ടിയവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തകളായിരുന്നു പിന്നീട് വന്നത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിഞ്ഞു. മുഖ്യമന്ത്രിയായി സുശീലാ ഗോപാലനെ സിഐറ്റിയു ലോബി അവതരിപ്പിച്ചപ്പോള്‍ വനിതാ മുഖ്യമന്ത്രിയെന്ന പരിഗണനയാണ് വേണ്ടതെന്നുപറഞ്ഞ് ഇഎംഎസ്സും സുശീലയെ പിന്‍തുണച്ചിരുന്നു. എന്നാല്‍ നായനാരും കൂട്ടരും സിഐറ്റിയു പക്ഷത്തുനിന്ന് മാറി വിഎസ് ഗ്രൂപ്പുമായി കൈകോര്‍ത്ത് സുലീശയെ അട്ടിമറിക്കുകയും നായനാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. അതോടു കൂടി വിഎസ്ഗ്രൂപ്പിന് മേധാവിത്വമായി. ചടയം ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കുകയും ചെയ്തതോടു കൂടി വിഎസ്ഗ്രൂപ്പിന്റെ മേധാവിത്വം പൂര്‍ണ്ണമായി. പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ വെച്ച് സിഐറ്റിയു ലോബിയെ അപ്പാടെ വെട്ടിനിരത്തുവാന്‍ വിഎസ് ഗ്രൂപ്പിനായി കേരളത്തിലെ പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തെപ്പറ്റി ഉത്കണ്ഠ രേഖപ്പെടുത്തി പ്രമേയം പാസാക്കിയതല്ലാതെ പോളിറ്റ് ബ്യൂറോയ്ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിനുശേഷം പാലക്കാട് സമ്മേളനത്തില്‍ വെച്ച് വെട്ടിനിരത്തപ്പെട്ട സിഐറ്റിയു നേതാക്കക്കള്‍ക്ക് അവരുടെ പഴയ സ്ഥാനങ്ങള്‍ തിരിച്ച് നല്‍കണമെന്ന് പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും പാര്‍ട്ടി കേരള ഘടകം നേതാക്കള്‍ കണ്‍ട്രോള്‍ കമ്മീഷന്റെ തീരുമാനം നിര്‍ദ്ദാഷിണ്യം തള്ളിക്കളയുകയാണുണ്ടായത്. അപ്പോഴേയ്ക്കും ചടയം ഗോവിന്ദന്‍ മരിച്ച ഒഴിവില്‍ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായിക്കഴിഞ്ഞിരുന്നു. ഇക്കാലയളവില്‍ നടന്ന സംഭവങ്ങളോടു കൂടി പാര്‍ട്ടിയില്‍ അന്നേവരെ അനുവര്‍ത്തിച്ചുവന്നിരുന്ന നിയമങ്ങളും ചട്ടങ്ങളും തീരുമാനങ്ങളുമെല്ലാം കാറ്റില്‍ പറത്തപ്പെട്ടു. സംഘടനാ ചട്ടക്കൂട് അതേപടി നിലനിന്നിരുന്നുവെങ്കിലും എല്ലാ നേതാക്കള്‍ക്കും പരസ്പരം എല്ലാക്കളികളും അറിയാമായിരുന്നു. പുറമേ ആദര്‍ശവും പ്രത്യയശാസ്ത്രവുമെല്ലാം വിളമ്പിക്കൊണ്ടിരുന്ന നേതാക്കള്‍ക്കെല്ലാം പാര്‍ട്ടിയ്ക്കുള്ളില്‍ നടക്കുന്ന ഗ്രൂപ്പ്‌യുദ്ധങ്ങളെപ്പററിയും, അധികാര വടം വലിയെപ്പറ്റിയുമൊക്കെ ഇന്നത്തെപ്പോലെ തന്നെ അന്നും നല്ല ബോദ്ധ്യമുണ്ടായിരുന്നു. പക്ഷേ പാര്‍ട്ടി അണികളില്‍ ബഹുഭൂരിപക്ഷം പേരും 'ബൂര്‍ഷ്വാ മാദ്ധ്യമങ്ങളുടെ കുപ്രചാരണം'’എന്ന പാര്‍ട്ടി വേദവാക്യത്തില്‍ വിശ്വസിച്ച്, ജോര്‍ജ്ജ് ഓര്‍വല്‍ എഴുതിയ 'ആനിമല്‍ ഫാം' എന്ന കഥയിലെ കഥാപാത്രങ്ങളെപ്പോലെ, നേതാക്കളുടെ വാക്കുകളെ മാത്രം വിശ്വസിച്ച്,വിഡ്ഢികളായി. 1996 നു ശേഷം ഇഎംഎസ്സും ഒതുക്കപ്പെട്ടു. ചിന്തയിലും ദേശാഭിമാനിയിലും ലേഖനങ്ങെളെഴുതുകയെന്ന ജോലി മാത്രം ഏല്പ്പിച്ച് ഇഎംഎസിനെ നിരായുധനാക്കി. 1996 ല്‍ പ്രധാനമന്ത്രിയാവാന്‍ കഴിയാഞ്ഞതിന്റെ നിരാശയില്‍ ജ്യോതി ബസു സോഷ്യലിസത്തിന്റെ ഭാവിയെപ്പറ്റിപ്പോലും ഉത്കണ്ഠ പ്രകടിപ്പിച്ചു. ചരിത്രപരമായ വിഡ്ഢിത്തത്തിന്റെ പാതയിലാണ് പാര്‍ട്ടിയെന്ന് തുറന്നടിച്ചു. 'ആനിമല്‍ ഫാം' എന്ന നോവലിലെ ‘'ബോക്‌സര്‍' എന്ന കുതിരയെപ്പോലെ ഇഎംഎസ്സും, ജ്യോതി ബസുവും പാര്‍ട്ടിയില്‍ പഴയപടക്കുതിരകളായി ഒതുക്കപ്പെട്ടു. നാളെ: പരിപാടിമാറ്റിയപ്പോള്‍പ്രതിവിപ്ലവം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.