മുത്തപ്പന്‍ തെയ്യക്കാഴ്ചകളെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി

Thursday 19 February 2015 10:52 pm IST

കൊച്ചി: എറണാകുളം മുത്തപ്പഭക്തസമിതിയുടെ ആഭിമുഖ്യത്തില്‍ 21, 22 തീയതികളില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മുത്തപ്പ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്ണൂര്‍ ജില്ലയിലെ വിവിധ മടപ്പുരകളില്‍ മുത്തപ്പന്‍ കെട്ടിയാടുന്ന കോലധാരികളും ആചാരക്കാരും അടങ്ങുന്ന 20 അംഗസംഘം ഗംഗാധരന്‍ മടയന്റെ കാര്‍മ്മികത്വത്തില്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇത്തവണത്തെ തിരുവപ്പന കെട്ടിയാടാനുള്ള നിയോഗം സുഗുണന്‍ പെരുവണ്ണാനാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി പ്രത്യേക വ്രതശുദ്ധി പാലിച്ച് ഒരുക്കം തുടങ്ങിയ മടയച്ഛന്മാരും മറ്റു പരികര്‍മ്മികളും തെയ്യം കെട്ടിയാടുന്നവരും വാദ്യമേളക്കാരും കലശക്കാരും നാളെ കൊച്ചിയിലെത്തും. ചടങ്ങുകള്‍ക്കായുള്ള താത്ക്കാലിക മടപ്പുരയുടെ നിര്‍മ്മാണം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ പൂര്‍ത്തിയായി. ഉത്സവത്തിന് മുന്നോടിയായുള്ള വിളംബരയാത്ര എറണാകുളം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ പര്യടനം നടത്തുന്നുണ്ട്. 21ന് രാവിലെ ഗണപതിഹോമം, ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പന്‍ മലയിറക്കല്‍, വൈകിട്ട് 5 മണിക്ക് ഡോ. ആര്‍.സി. കരിപ്പത്തിന്റെ ആധ്യാത്മികപ്രഭാഷണം, 6 മണിക്ക് കാസര്‍ഗോഡ് ജില്ലയില്‍നിന്നുള്ള 30 കലാകാരന്മാര്‍ പൂരക്കളി അവതരിപ്പിക്കും. 7 മണിക്ക് അരങ്ങിലെത്തുന്ന വെള്ളാട്ടം കളിക്കപ്പാട്ട്, കലശംവരവ് ചടങ്ങുകള്‍ക്ക്‌ശേഷം രാത്രി മുടിയഴിക്കും. 22ന് ഞായറാഴ്ച പുലര്‍ച്ചെ 6 മണിക്ക് തിരുവപ്പനയും വെള്ളാട്ടവും അരങ്ങിലെത്തും. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്കായി മുത്തപ്പ ദര്‍ശനവും പ്രസാദ വിതരണവും നടക്കും. വൈവിധ്യമാര്‍ന്ന മലബാറിലെ തെയ്യങ്ങള്‍ക്കിടയില്‍ പ്രമുഖസ്ഥാനമാണ് മുത്തപ്പനുള്ളത്.അഡ്വ. ഗോവിന്ദ് കെ. ഭരത്, ബാലകൃഷ്ണന്‍പെരിയ, രമേഷ് പൊതുവാള്‍, കെ.ടി. ഗംഗാധരന്‍, പി.വി. അതികായന്‍, അശോക് കണ്ണന്‍, ശ്യാം മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പി.ജി. ഗിരിജാദേവി, കാശി ഗണേശന്‍, ശ്രീജാ ബാലകൃഷ്ണന്‍, സീനാ അശോകന്‍, ജയാ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വനിതാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.