അലനല്ലൂരില്‍ എച്ച് 1 എന്‍ 1; മുന്‍കരുതല്‍ നിര്‍ദ്ദേശം

Friday 20 February 2015 10:00 am IST

മണ്ണാര്‍ക്കാട്: അലനല്ലൂരില്‍ യുവതിക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതോടെ മുന്‍ കരുതലിന് നിര്‍ദ്ദേശം നലകി. ഇരുപത്തിയേഴുകാരി അധ്യാപികക്കാണ് രോഗം ബാധിച്ചത്. പനിബാധിച്ച യുവതിയെ ആദ്യം മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപതിയിലും ചികില്‍സിച്ച ശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പാലക്കാട് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഗര്‍ഭിണികള്‍, നവജാത ശിശുക്കളുള്ള അമ്മമാര്‍, കുട്ടികള്‍, അറുപത്തിയഞ്ച് വയസ്സു കഴിഞ്ഞവര്‍ എന്നിവരാണു റിസ് ഗ്രൂപ്പില്‍പ്പെട്ടവരെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇവരെ കണ്ടെത്തി പ്രത്യേകം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ജലദോഷം, ചുമ, തൊണ്ട വേദന, ചിലര്‍ക്ക് ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണു ലക്ഷണങ്ങള്‍. റിസ്‌ക് ഗ്രൂപ്പില്‍പ്പെട്ടവരില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. എച്ച് 1 എന്‍ 1  സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പനി, ചുമ, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനടി ചികില്‍സ തേടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.