249. മഹാപുരാണേതിഹാസപ്രാസാദമണിദീപികാ: – മഹാപുരാണങ്ങളും ഇതിഹാസങ്ങളുമാകുന്ന പ്രാസാദത്തിനു മണിദീപമായവള്. ശ്രേഷ്ഠങ്ങളായ പുരാണങ്ങളെയും ഇതിഹാസങ്ങളെയും പ്രാസാദമായും മൂകാംബികാദേവിയെ ആ പ്രാസാദത്തെ പ്രകാശിപ്പിക്കുന്ന മണിദീപമായും അവതരിപ്പിക്കുന്ന ആലങ്കാരികപ്രയോഗം. പ്രാസാദം എന്ന പദത്തിന് മാളിക എന്നും ദേവാലയം എന്നും അര്‍ത്ഥം. രത്നം പതിച്ച വിളക്കാണ് മണിദീപിക. ദീപനാളം രത്നങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍ നയനാനന്ദകരമായ പ്രകാശം മാളികയെ ആകര്ഷകമാക്കിത്തീര്ക്കും. പുരാണേതിഹാസങ്ങളുടെ ദിവ്യപ്രകാശം ദേവീചൈതന്യമാണ്.
250. ശ്രീരാമപൂജ്യപാദാബ്ജാ: – ശ്രീരാമനാല്‍ പൂജിക്കപ്പെട്ട പാദകമലങ്ങളുള്ളവള്. രാമരാവണയുദ്ധത്തില്‍ ദേവിയുടെ സംരക്ഷണയുള്ളതുകൊണ്ട് രാമന്റെ അസ്ത്രങ്ങള്‍ രാവണനെ പ്രാപിക്കാനാകാതെ വന്നുവെന്നും. രാമന്ദേവിയെ ആരാധിച്ചു പ്രീതിപ്പെടുത്തിയതിനുശേഷമേ രാവണനെ വധിക്കാന്‍ കഴിഞ്ഞുള്ളൂ എന്നും ചില രാമായണങ്ങളില്‍ കഥയുണ്ട്.
251. രാവണപ്രാണഹാരിണീ: – രാവണന്റെ പ്രാണങ്ങളെ ഹരിച്ചവള്. മൂന്നാമവുമായി ചേര്‍ത്തു വ്യാഖ്യാനിച്ചാല്‍ രാവണനു കൊടുത്തിരുന്ന സംരക്ഷണം പിന്‍വലിച്ച് രാവണവധത്തിനു കാരണക്കാരിയായവള്‍ എന്നര്‍ത്ഥം.
ശ്രീരാമന് ദേവിയുടെ ഒരു മൂര്ത്തിയാണെന്നും ദേവി രാമന്റെ രൂപത്തില്‍ അവതരിച്ചു രാവണനെ വധിച്ചു എന്നും കഥയുണ്ട്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: