വിഭാഗീയതയുടെ കൊടി ഉയര്‍ന്നു; ഒറ്റപ്പെട്ട് വിഎസ്

Friday 20 February 2015 11:20 pm IST

ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തലേന്ന് പാര്‍ട്ടി സെക്രട്ടറിയുമായി നേരിട്ട് ഏറ്റുമുട്ടിയ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ സമ്മേളന വേദിയില്‍ തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു. പിണറായി വിജയനെ സ്വാഗത പ്രസംഗകന്‍ പ്രശംസ കൊണ്ടുമൂടി. നേതാക്കളുടെ അവഗണനയിലും അക്ഷോഭ്യനായിരുന്നു വിഎസ്. രാവിലെ ഒമ്പതിന് തന്നെ സമ്മേളന വേദിയിലെത്തി രക്തസാക്ഷി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ വിഎസിനെ പത്ത് മണിയോടെ പതാക ഉയര്‍ത്തുന്നതിനായി പിണറായി വിജയന്‍ ക്ഷണിച്ചു. അങ്ങനെ പാര്‍ട്ടി വിരുദ്ധനെന്ന് സംസ്ഥാന സെക്രട്ടറിയേറ്റും സെക്രട്ടറിയും പരസ്യമായി മുദ്രകുത്തിയ വിഎസ് കൊടി ഉയര്‍ത്തിയതോടെ വിപ്ലവഭൂമിയില്‍ സമ്മേളനത്തിന് തുടക്കം. വേദിയില്‍ വച്ച് വിഎസിനെ അഭിവാദ്യം ചെയ്യാനോ സംസാരിക്കാനോ ആരും തന്നെ തയാറായില്ല. വിഎസ് ആകട്ടെ മുന്‍നിരയിലെ കസേരയില്‍ ഒറ്റയ്ക്ക് ഇരിപ്പുറപ്പിച്ചു. പിണറായിയും വിഎസും പലതവണ മുഖാമുഖം വന്നെങ്കിലും പരിചയഭാവം നടിച്ചില്ല. വിഎസിനോട് ചിരിച്ചാല്‍ പോലും ഔദ്യോഗിക പക്ഷം നോട്ടമിടുമോയെന്ന ആശങ്കയിലായിരുന്നു സമ്മേളന പ്രതിനിധികളും നേതാക്കളും. ഇതിനിടെ, സ്വാഗത പ്രസംഗകന്‍ ജി. സുധാകരന്‍ വിഎസിന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ചില പ്രവര്‍ത്തകര്‍ മാത്രം കൈയടിച്ചു. സ്വന്തം നാട്ടില്‍ സ്വന്തം അണികളുടെ മുന്നില്‍ തീര്‍ത്തും ഒറ്റപ്പെട്ട് തനിക്ക് ഈ പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന മുഖഭാവവുമായാണ് അച്യുതാനന്ദന്‍ ഇരുന്നത്. പാര്‍ട്ടി സെക്രട്ടറിയെ അയാള്‍ എന്നുവരെ വിളിച്ച് നേതൃത്വത്തോട് കലഹിച്ച വിഎസ് പതാക ഉയര്‍ത്താനെത്തുമോയെന്ന ആശങ്ക അണികളിലും നേതാക്കളിലുമുണ്ടായിരുന്നു. ഒടുവില്‍ വിഎസ് തന്നെ വിഭാഗീയതയുടെ കൊടിക്കൂറ ഉയര്‍ത്തി. ഇനി മൂന്നു നാളുകള്‍ അച്യുതാനന്ദനെ പ്രതിനിധികള്‍ 'കൊത്തിക്കീറും', ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ആക്രോശിക്കും. വിഭാഗീയതയുടെ ആശാനെന്ന് അധിക്ഷേപിക്കും. എട്ട് മണിക്കൂര്‍ ചര്‍ച്ചയുടെ സിംഹഭാഗവും വിഎസ് വധത്തിന് വിനിയോഗിക്കും. സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഇത്തവണ വിഎസിനെ ഒഴിവാക്കണമെന്ന കടുത്ത വാശിയിലാണ് നേതൃത്വം. ഇക്കാര്യത്തില്‍ കേന്ദ്രകമ്മറ്റിയുടെ നിലപാടായിരിക്കും നിര്‍ണായകം. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും വിഎസിനെതിരെയുള്ള നടപടി നീട്ടിക്കൊണ്ടുപോകുകയായിരിക്കും തന്ത്രം. വിഎസിന്റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ പിബി കമ്മീഷന്‍ നിലവിലുണ്ട്. 2016 മേയ്ക്കുശേഷം കമ്മീഷന്റെ കണ്ടെത്തലുകള്‍ പുറത്തുവരുകയും വിഎസിനെ 'വെട്ടിനിരത്തു'കയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.