രാജലോചനത്തിന്റെ ഭാവശേഖരങ്ങള്‍!

Saturday 21 February 2015 5:33 pm IST

കലാമണ്ഡലം രാജശേഖരന്റെ ഷഷ്ഠിപൂര്‍ത്തി എന്നു കേട്ടാല്‍ അത്ഭുതരസം ഉളവാകും. യൗവനം വന്നുദിച്ചിട്ടും ചെറുതാകാത്ത ചെറുപ്പക്കാരികളെ മിനുക്കുവേഷങ്ങളില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് ഈ അത്ഭുതം. ഈ കലാകാരന്റെ അറുപതാം പിറന്നാള്‍ കലാമണ്ഡലം കൂത്തമ്പലത്തില്‍ വെച്ച് ഇന്ന് ആഘോഷിക്കപ്പെടുകയാണ്. ചടയമംഗലം പോരേടത്ത് പാറക്കല്‍ വീട്ടില്‍ മാധവക്കുറുപ്പിന്റെയും തങ്കമ്മ അമ്മയുടേയും മകനായി 1955 ഫെബ്രുവരി 26 നാണ് രാജശേഖരന്റെ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1967 ല്‍ കാര്‍ത്തികപ്പള്ളി കുട്ടപ്പപ്പണിക്കരുടെ ശിക്ഷണത്തില്‍ കഥകളി പഠനം തുടങ്ങി. 1969 ല്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്നു. തെക്കന്‍ ചിട്ടയുടെ തലവനായിരുന്ന മടവൂര്‍ വാസുദേവന്‍ നായരായിരുന്നു ഗുരു. കഥകളി വേഷത്തില്‍ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും ഒന്നാം റാങ്കില്‍ പാസ്സായി. കഥകളി പ്രിയനായിരുന്ന ബോളണ്ട് സായിപ്പ് ഏര്‍പ്പെടുത്തിയ സുവര്‍ണ മുദ്ര ലഭിച്ചു. 1979 മുതല്‍ കലാമണ്ഡലത്തില്‍ കഥകളി അധ്യാപകനായി. 2010 ല്‍ പ്രിന്‍സിപ്പലായി. അതോടെ വിരമിച്ചു. തെക്കന്‍ കളരിയുടെ വക്താവായ രാജശേഖരന് അനേകം ശിഷ്യരുണ്ട്. ചുവന്ന താടി ഒഴികെയുള്ള വേഷങ്ങളെല്ലാം രാജശേഖരന്‍ നിര്‍വഹിക്കും. പൊതുവേ സ്ത്രീവേഷക്കാരനായിട്ടാണ് അറിയപ്പെടുന്നത്. കുടമാളൂര്‍ കരുണാകരന്‍ നായര്‍ക്കുശേഷം മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയെ തുടര്‍ന്ന് രാജശേഖരനാണ് ഇപ്പോള്‍ സ്ത്രീ വേഷങ്ങളില്‍ അദ്വിതീയന്‍. വേഷഭംഗിയും അഭ്യസന ചാരുതയും അംഗപ്രത്യംഗചലനവും ഈ കലാകാരനെ സഹൃദയാകര്‍ഷകമാക്കുന്നു. 'സാമ്യമകന്ന ഉദ്യാനവും' (നളചരിതം 2-ദമയന്തി) ക്ഷോണീന്ദ്രപത്‌നിയുടെ വാക്കുകേട്ട് നടക്കുന്ന മാലിനിയും (കീചകവധം) 'കണ്ടാലതിമോദമാകുന്ന' കാടിനെ വര്‍ണിക്കുന്ന ലളിതയും (കിര്‍മീരവധം) അമ്പാടി വര്‍ണന ചെയ്യുന്ന പൂതനയും (പൂതനാമോക്ഷം) രാജശേഖരന്റെ ഭാവഹാവാദികളില്‍ വിരിയുന്ന സുവര്‍ണകമലങ്ങളാണ്. കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത' കഥകളി രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏകലവ്യ ചരിതം സംവിധാനം ചെയ്തു. അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, യുഎഇ തുടങ്ങിയ ദേശങ്ങളില്‍ 30ല്‍ പരം തവണ കഥകളി നടത്തി. ലണ്ടനിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ക്ലാസെടുത്തിട്ടുണ്ട്. കേന്ദ്രമാനവ വിഭവ വകുപ്പിന്റെ സീനില്‍ ഫെല്ലോഷിപ്പ്, ഗുരു ചെങ്ങന്നൂര്‍ അവാര്‍ഡ്, എംകെകെ അവാര്‍ഡ്, വീരശൃംഖല, നാട്യരത്‌ന തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടി. കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങള്‍, തെക്കന്‍ചിട്ട കഥകളി ആട്ടപ്രകാരം, രാജലോചനം എന്നിവയാണ് രാജശേഖരന്‍ രചിച്ച പുസ്തകങ്ങള്‍. കലാമണ്ഡലത്തിലെ സീനിയര്‍ അദ്ധ്യാപികയായ ശൈലജയാണ് പത്‌നി. ശരത്ചന്ദ്രന്‍, വൈശാഖന്‍ എന്നിവരാണ് മക്കള്‍. ലിനിയും ധന്യയുമാണ് മരുമക്കള്‍. ചെറുതുരുത്തിയില്‍ ശ്രീരാജ ശൈലത്തിലാണ് താമസം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.