കല്‍ക്കരിപ്പാടം ലേലം: ഇതുവരെ ലഭിച്ചത് 84,000 കോടി രൂപ

Saturday 21 February 2015 7:20 pm IST

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടങ്ങളുടെ ഇ-ലേലം വഴി കേന്ദ്രസര്‍ക്കാരിന് ഇതുവരെ ലഭിച്ചത് 84,000 കോടി രൂപ. 19 കല്‍ക്കരിബ്ലോക്കുകളുടെ ലേലത്തിലൂടെയാണ് ഈ തുക സമാഹരിച്ചിരിക്കുന്നത്. ഇ-ലേലം വലിയ സാമ്പത്തിക നേട്ടം നേടിത്തന്നതോടെ ഫെബ്രുവരി 25ന് രണ്ടാം ഘട്ട ലേല നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി 25 മുതല്‍ ഏപ്രില്‍ 2 വരെയാണ് അടുത്ത ഘട്ടത്തിലെ ലേലം നടക്കുകയെന്ന് കല്‍ക്കരി സെക്രട്ടറി അനില്‍ സ്വരൂപ് പറഞ്ഞു. പൊതുവായ ആവശ്യങ്ങള്‍ക്കുള്ള 27 കല്‍ക്കരി ബ്ലോക്കുകളും ഊര്‍ജ്ജ മേഖലയ്ക്കായുള്ള 56 ബ്ലോക്കുകളുമാണ് ലേലത്തിന് വെച്ചിരിക്കുന്നത്. മാര്‍ച്ച് 31ന് മുമ്പായി 83 കല്‍ക്കരി ബ്ലോക്കുകളും ലേലം ചെയ്തു നല്‍കുമെന്നും കല്‍ക്കരി സെക്രട്ടറി പറഞ്ഞു. കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്തതു വഴി ഇതുവരെ ലഭിച്ചത് 83,662 കോടി രൂപയാണ്. തുകയില്‍ ഭൂരിഭാഗവും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഒറീസയ്ക്ക് 607 കോടി രൂപയും മധ്യപ്രദേശിന് 39,900 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 18,900 കോടി രൂപയുമാണ് ലഭിക്കുന്നത്. പ്രകൃതി വിഭവങ്ങള്‍ വെറുതെ വിട്ടുനല്‍കിയെന്ന മുന്‍സര്‍ക്കാരിനെതിരായ സിഎജി വിമര്‍ശനം ശരിയാണെന്ന് ലേലം പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നതായി വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ലേലത്തിനായി സ്വീകരിച്ചിരിക്കുന്ന തികച്ചും സുതാര്യമായ നടപടിക്രമങ്ങളുടെ വിജയമാണ് ലേലത്തുക തെളിയിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ക്രമരഹിതമായി കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്തതു വഴി 1,86,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തിയിരുന്നു. മുന്‍സര്‍ക്കാരിന്റെ കാലത്ത് സ്‌ക്രീനിംഗ് കമ്മറ്റിയാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചിരുന്നത്. വലിയ അഴിമതി നടന്നതിനെ തുടര്‍ന്ന്  204 കല്‍ക്കരിപ്പാടങ്ങളുടെ അനുമതി സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ ലേലം നടത്താന്‍ തീരുമാനിച്ചത്. സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.