സ്മരണം

Saturday 21 February 2015 8:40 pm IST

ഭക്തിയുടെ മൂന്നാമത്തെ സാധനമാണ് സ്മരണം. ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി ലോകത്തിലവതരിക്കുന്ന ഭഗവാന്റെ ലീലാവിഗ്രഹത്തെയും അവിടുത്തെ അപദാനങ്ങളെയും എപ്പോഴും ഹൃദയത്തിലോര്‍ത്തിരിക്കുക എന്നതാണ് സ്മരണഭക്തി. അത് ശ്രവണംകൊണ്ടും കീര്‍ത്തനംകൊണ്ടും പരിശുദ്ധമായിത്തീര്‍ന്ന ഹൃദയത്തില്‍ എപ്പോഴും ജാജ്വല്യമാനമായി പ്രകാശിച്ചുകൊണ്ടിരിക്കും. ''അവിസ്മൃതിഃ കൃഷ്ണപദാരവിന്ദയോഃ ക്ഷിണോത്യഭദ്രാണി ച സന്തനോതി സത്വസ്യ ശുദ്ധീം പരമാത്മഭക്തിം ജ്ഞാനം ച വിജ്ഞാനവിരാഗയുക്തം'' ഇതു ഭാഗവതം ദ്വാദശത്തില്‍ 'സ്മരണഭക്തി'യെ കുറിച്ചു സൂതന്‍ പറയുന്ന ഭാഗമാണ്. 'ഭഗവത്പാദാരവിന്ദങ്ങളെ മറക്കാതെ എപ്പോഴും ഓര്‍ത്തിരുന്നാല്‍ സകല വിധത്തിലുള്ള തിന്മകളും നശിച്ച് നന്മയും മേന്മയും വര്‍ദ്ധിക്കും. അന്തഃകരണശുദ്ധിയും ജ്ഞാനവും വിജ്ഞാനവും വൈരാഗ്യവും പരമാത്മഭക്തിയും ഉണ്ടാകും എന്നാണിതിന്റെ സാരം. അതിനു ദൃഷ്ടാന്തം പ്രഹ്‌ളാദനാണ്. തന്റെ പിതാവായ ഹിരണ്യകശിപുവില്‍ നിന്ന് നേരിട്ട ഭയങ്കരമായ ആപത്തുകളില്‍നിന്നെല്ലാം പ്രഹ്‌ളാദന്‍ രക്ഷപ്പെട്ടത് ഭഗവത് സ്മരണ ഒന്നുകൊണ്ടുമാത്രമാണ്. ഒരിക്കല്‍ ഹിരണ്യകശിപുവിന്റെ ഭടന്മാര്‍ പ്രഹ്‌ളാദനെ എടുത്ത് കത്തുന്ന തീയിലിട്ടു. പക്ഷേ അദ്ദേഹത്തിന്റെ ഒരു രോമംപോലും കരിഞ്ഞില്ലെന്നു മാത്രമല്ല; ആ അഗ്നി ശീതളമായിട്ടു തോന്നുകകൂടി ചെയ്തു. അതു കണ്ട് അത്ഭുതസ്തബ്ധനായിത്തീര്‍ന്ന ഹിരണ്യകശിപു പ്രഹ്‌ളാദനോട് ചോദിച്ച്, ''ഈ അഗ്നിയെ സ്തംഭിപ്പിക്കുവാനുള്ള വിദ്യകള്‍ നിന്നെ ആരാണഭ്യസിപ്പിച്ചത്'' എന്നായിരുന്നു. അപ്പോള്‍ പ്രഹ്‌ളാദന്‍ പറഞ്ഞത് ''അഭിവന്ദ്യനായ പിതാവേ, ഞാന്‍ അഗ്നിസ്തംഭനവിദ്യ ഒന്നും പഠിച്ചിട്ടില്ല.  ഭഗവാനെ സ്മരിക്കാന്‍ മാത്രം ഞാന്‍ പഠിച്ചിട്ടുണ്ട്. അവിടുത്തെക്കുറിച്ചുള്ള ഓര്‍മ്മ എന്നെ തീയിലേക്കെടുത്തിട്ടപ്പോള്‍ കാറ്റടിച്ചു തീയ് നല്ലതുപോലെ കത്തിക്കാളിയെങ്കിലും ആ തീയ് എനിക്കല്പംപോലും പൊള്ളലുണ്ടാക്കിയില്ല. താമരപ്പൂ കൊണ്ടു മെത്തയുണ്ടാക്കി അതിലിരിക്കുന്നതുപോലെയുള്ള കുളിര്‍മ്മയാണ് അപ്പോള്‍ അനുഭവപ്പെട്ടത്'' എന്നാണ് . നോക്കുക! ഈശ്വര സ്മരണ ഹൃദയത്തില്‍ സദൃഢമായാല്‍ സകലവിധ ക്ലേശങ്ങളും പിന്മാറിക്കൊള്ളുമെന്നല്ലേ പ്രഹ്‌ളാദന്റെ വാക്കുകളില്‍നിന്നും നാം മനസ്സിലാക്കേണ്ടത്? നമുക്കു പ്രിയതമമായി തോന്നുന്ന വസ്തുക്കള്‍ നാം ഒരിക്കലും വിസ്മരിക്കുന്നില്ല. അവയുടെ ഗുണമാഹാത്മ്യങ്ങള്‍ പറഞ്ഞും അവയെക്കുറിച്ചു ചിന്തിച്ചും ആ സ്മരണ വര്‍ദ്ധിപ്പിക്കാനേ നാം ശ്രമിക്കാറുള്ളൂ. അതുപോലെ ഈശ്വരനാണ് നമുക്കേറ്റവും പ്രിയപ്പെട്ട നിത്യവസ്തു എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അവിടുത്തെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചും അവയെക്കുറിച്ചു ചിന്തിച്ചും അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണ നാം അനുദിനം പുഷ്ടിപ്പെടുത്തിക്കൊണ്ടിരിക്കും. ഒരിക്കലും ആ സ്മരണ മങ്ങിപ്പോകുകയില്ല. .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.