പോലീസിനെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

Saturday 21 February 2015 10:47 pm IST

ആലുവ: ആലുവയില്‍  പോലീസിനെ  അക്രമിച്ച കേസിലെ പ്രതികളായ ഐഎന്‍ടിയുസി പ്രവര്‍ത്തകനേയും സിഐടിയു പ്രവര്‍ത്തകനേയും പോലീസ് പിടികൂടി. ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഷഫീക്കിനെയും സിഐടിയു പ്രവര്‍ത്തകനായ സുരേഷിനേയുമാണ് ചേര്‍ത്തലയിലും പുതുക്കാടുമായി ഒളിവില്‍ കഴിയവേ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രവര്‍ത്തകനും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ ഷിയാസ് ഒളിവിലാണ്. കഴിഞ്ഞ മാസം 29 നാണ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഓട്ടോ ഡ്രൈവറായ ഇബ്രാഹിമിനെ കൊലപ്പെടുത്താന്‍ ഗുണ്ടാസംഘങ്ങളുമായി ഇവരെത്തിയത്. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇത് കണ്ട് ഓടിയെത്തിയപ്പോഴാണ് പോലീസിനെ ക്രൂരമായി അക്രമിച്ചത്. പരിക്കേറ്റ രണ്ട് പോലീസുകാരും ആഴ്ചകളോളം ആശുപത്രിയില്‍ കഴിയുകയും ചെയ്തു. പ്രതികളെ പിടികൂടിയ ശേഷം ആലുവ സ്‌റ്റേഷനിലെത്തിക്കാതെ സമീപത്തെ മറ്റൊരു സ്‌റ്റേഷനില്‍ വച്ച് അറസ്റ്റ് രേഖപ്പെടുത്തി ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. ഈ നടപടിക്കെതിരെ പോലീസില്‍ നിന്നു തന്നെ ശക്തമായ അമര്‍ഷം ഉയര്‍ന്നുവന്നിരുന്നു. ഇതേ തുടര്‍ന്ന് കോടതിയില്‍ അപേക്ഷ നല്‍കി ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുകയാണ് ആലുവ പോലീസ് ചെയ്തത്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിലവിലുളള ഐഎന്‍ടിയുസി -സിഐടിയു യൂണിയനുകള്‍ക്ക് പുറമേ എസ്ഡിപിഐ പ്രവര്‍ത്തകരും യൂണിയനുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെ ചൊല്ലി  ഇവിടെ സംഘര്‍ഷം പതിവായിരിക്കുകയാണ്. ഈ സംഘര്‍ഷത്തില്‍ വിവിധ കക്ഷികള്‍ ഗുണ്ടകളുടെ സഹായവും തേടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.