ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

Saturday 21 February 2015 11:00 pm IST

കഞ്ചിക്കോട്: ദേശീയപാത ചന്ദ്രനഗര്‍ കൂട്ടുപാതക്കു സമീപം പൊള്ളാച്ചി റോഡില്‍ ഗ്യാസ് കയറ്റിവന്ന  ടാങ്കര്‍ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു. ഇന്നലെ രാവിലെ ഏഴുമണിക്കാണ് അപകടം. പൊള്ളാച്ചിയില്‍ നിന്നും പലചരക്ക് കയറ്റി വന്ന ജീപ്പ്  കാറിനെ  മറികടക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റി ജീപ്പ് ടാങ്കര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ടാങ്കര്‍ ലോറിയുടെ ചക്രത്തിലേറ്റ  ഇടിയുടെ ആഘാതത്തില്‍ ലോറി സമീപത്തുണ്ടായിരുന്ന നാല് ഇലക്ട്രിക് പോസ്റ്റ് തകര്‍ത്താണ് മറിഞ്ഞത്. ചെറിയതോതില്‍ വാതകചോര്‍ച്ചയും ഉണ്ടായി. പൊള്ളാച്ചിയില്‍ നിന്നും പാലക്കാട്ടേക്കുള്ള വാഹന ഗതാഗതം  തടസ്സപ്പെട്ടു. പാലക്കാട്ടേക്കു പോകേണ്ട വാഹനങ്ങള്‍ എരട്ടയാല്‍ വഴി  പോളിടെക്‌നിക് ജംഗ്ഷനിലൂടെ വന്ന് കല്ലിങ്കല്‍ വഴി തിരിച്ചുവിട്ടു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സമീപത്തെ കടകള്‍ അടച്ചിട്ടു. കോയമ്പത്തൂരില്‍ നിന്നും ക്രെയിന്‍ കൊണ്ടുവന്നാണ് വാഹനം മാറ്റിയിട്ടത്. മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍.  കസബ പോലീസും, ഫയര്‍ഫോഴ്‌സും, ഹൈവെ പോലീസും സംയുക്തമായാണ്  ഗതാഗത നിയന്ത്രണം നടപ്പാക്കിയത്. രാവിലെ ഏഴു മണിക്കു സംഭവം നടന്നിട്ടും രാത്രിയോടെയാണ് ഗ്യാസ് മാറ്റല്‍ ആരംഭിക്കാനായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.