കേരളത്തിന് ബ്രസീല്‍ നല്‍കുന്ന വരള്‍ച്ചാ പാഠം

Sunday 22 February 2015 9:55 pm IST

ബ്രസീലിലെ ഏറ്റവും സമ്പന്നമായ നഗരമാണ് സാവോപോളോ. അവിടെ ഈ വര്‍ഷം (2015 ല്‍) പല തുടര്‍ച്ചയായ ദിവസങ്ങളിലും പൈപ്പിലൂടെ ഒഴുകുവാന്‍ ജലമില്ലാത്ത അവസ്ഥയാണ്. ''ഞങ്ങളെ നായ്ക്കളെക്കാള്‍ മോശമായിട്ടാണ് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ കണക്കാക്കുന്നത്. വീട് വൃത്തിയാക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും കുളിക്കുന്നതിനുംവരെ ജലമില്ലാത്ത അവസ്ഥ. മൂന്നു ദിവസമായി പൈപ്പില്‍ ജലമില്ലാത്ത അവസ്ഥ ഒന്നു ഊഹിച്ചുനോക്കൂ. ഞങ്ങള്‍ ഇത് അനുഭവിക്കുകയാണ്'' ബ്രസീലിലെ ഒരു വീട്ടമ്മയുടെ വിലാപമാണിത്. ലോകത്തിലെ വലിയ നദികളില്‍ ഒന്നായ ആമസോണ്‍ അടക്കം നിരവധി നദികള്‍, നൂറുകണക്കിന് വന്‍കിട ഡാമുകള്‍ തുടങ്ങി ഭൂമിയിലെ ശുദ്ധജലത്തിന്റെ എട്ടില്‍ ഒന്ന് ഭാഗം സ്ഥിതിചെയ്യുന്ന ബ്രസീലിന്റെ സ്ഥിതിയാണിത്. ഒരുകാലത്ത് ബ്രസീലിനെ ജലത്തിന്റെ സൗദിഅറേബ്യ എന്നാണ് വിളിച്ചിരുന്നത്. സൗദി അറേബ്യയയിലെ എണ്ണപ്പാടംപോലെ സുഭിക്ഷമായ ശുദ്ധജല സ്രോതസ്സുകളുടെ ഉറവിടമായിട്ടാണ് ബ്രസീല്‍ അറിയപ്പെട്ടിരുന്നത്. ബ്രസീലിന്റെ തെക്ക് കിഴക്കെ ഭാഗം ഇന്ന് കൊടിയവരള്‍ച്ചയെ നേരിടുകയാണ്. നദികള്‍ മാലിന്യപൂരിതമായിരിക്കുന്നു. വനനശീകരണം പാരമ്യത്തിലെത്തിയിരിക്കുന്നു. ജനസംഖ്യ വര്‍ധന എക്കാലത്തേക്കാളും റെക്കോര്‍ഡിലാണ്. സാവോപോളോയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം വറ്റിയ നിലയിലാണ്. നഗരവാസികള്‍ക്ക് ശുദ്ധജലത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഒരാഴ്ചയില്‍ കുടിവെള്ള വിതരണം രണ്ട് ദിവസമാക്കി നിജപ്പെടുത്തിയിരിക്കുന്നു. ജനങ്ങള്‍ പലായനത്തിന്റെ വക്കിലാണ്. ബ്രസീലിലെ വ്യവസായ നഗരങ്ങളെല്ലാം ജലമില്ലാത്തതിനാല്‍ അടച്ചുപൂട്ടലിന്റെ നിഴലിലാണ്. സാവോ പോളോയിലെ 2015 ലെ വരള്‍ച്ചയില്‍ കഷ്ടപ്പെടുന്നത് 20 ദശലക്ഷം ആളുകളാണ്. നഗരത്തിലൂടെ ഒഴുകുന്ന ടിയസ്റ്റ, പിന്‍ഹീറോ എന്നീ നദികള്‍ രൂക്ഷമായ മലിനീകരണം നേരിടുന്നു. ആമസോണിന്റെ വൃഷ്ടിപ്രദേശത്തെ രൂക്ഷമായ വനനാശം നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള സാവോപോളോ നഗരത്തെ കഠിനമായി ബാധിച്ചിരിക്കുന്നുവെന്നാണ് ഇക്കോളജിസ്റ്റുകളുടെ വിലയിരുത്തല്‍. വനനാശം അന്തരീക്ഷ ഈര്‍പ്പം കുറയ്ക്കുകയും മഴയുടെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ആഗോളതലത്തിലുള്ള കാലാവസ്ഥാ വ്യതിയാനം സാവോപോളോ വരള്‍ച്ചയ്ക്ക് കാരണമാകുന്നതിനുപരി പ്രാദേശിക പരിസ്ഥിതി നാശമാണ്  ഈ നഗരത്തിന് ഭീഷണിയായത്. അതില്‍ ജല മലിനീകരണവും വനനാശവും ഒന്നാംസ്ഥാനത്താണ്. ഫെബ്രുവരിയിലെ കാര്‍ണിവെലുകള്‍ റിയോഡിജനീറോ, മിനാസ് ഗെറായിസ് തുടങ്ങിയ നിരവധി ബ്രസീലിയന്‍ നഗരങ്ങളില്‍ വരള്‍ച്ചമൂലം ഉപേക്ഷിക്കപ്പെട്ടു. സാവോപോളോയിലെ ജലക്ഷാമത്തിന് മറ്റൊരു പ്രധാനകാരണം ജലസംഭരണികളുടെ ചോര്‍ച്ചയാണ്. (40 ശതമാനം നഷ്ടം), ജലക്ഷാമം മൂലം പൊറുതിമുട്ടിയ ജനങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കുനേരെ തിരിഞ്ഞിരിക്കുകയാണ്. ലഭ്യമായ ജലം ശരിയായി സംരക്ഷിക്കുവാനുള്ള  ഉത്തരവാദിത്വത്തില്‍ നിന്നും മാറിനിന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രകോപിതരായ ജനങ്ങള്‍ തിരിയുമെന്ന അവസ്ഥയിലാണ് ബ്രസീലിലെ സ്ഥിതി. ബ്രസീലിന്റെ സാമ്പത്തിക തലസ്ഥാനമായ സാവോപോളോയിലെ കടുത്തവരള്‍ച്ചയ്ക്ക് കാരണം ഭരണകൂടത്തിന്റെ നിരുത്തരവാദപരമായ സമീപനവും വികലമായ വികസന കാഴ്ചപ്പാടുകളുമാണെന്ന് ജനത്തിനറിയാം. അഴിമതിയും പാഴ്‌ചെലവും അശാസ്ത്രീയ നിലപാടുകളുമാണ് സാവോപോളോയെ കടുത്ത വരള്‍ച്ചയിലേക്ക് നയിച്ചതെന്ന് നഗരവാസികള്‍ വിശ്വസിക്കുന്നു. ഒരു നഗരത്തെ മരുവല്‍ക്കരിച്ച് രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് തള്ളിവിട്ട ഭരണകൂടത്തിനെതിരെ ജനവികാരം തിരിഞ്ഞിരിക്കുന്നുവെന്നത്, മറ്റു രാജ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും നല്‍കുന്ന ആപല്‍സൂചനയാണ്. ആറ് ബ്രസീലിയന്‍ നഗരങ്ങളില്‍ ജലവൈദ്യുത പദ്ധതികള്‍ വെള്ളമില്ലാത്തതിനാല്‍ നിന്നുപോയതുകൊണ്ട് വൈദ്യുതി വിതരണം നിലച്ച മട്ടാണ്. അല്‍പ്പമെങ്കിലും വൈദ്യുതി വിതരണം നടത്തുവാന്‍ അര്‍ജന്റീനയില്‍നിന്നും അധികവൈദ്യുതി വിലയ്ക്ക് വാങ്ങുകയാണ്. ബ്രസീലില്‍ പലയിടങ്ങളിലും വൈദ്യുതിയില്‍ ഓടുന്ന ട്രെയിന്‍ ഗതാഗതം നിലച്ചിരിക്കുന്നു. വെളിച്ചവും ഇന്റര്‍നെറ്റ് സൗകര്യങ്ങളും തകരാറിലാണ്. ബിസിനസ് തകര്‍ച്ച, വ്യവസായ മേഖലയിലെ അടച്ചുപൂട്ടല്‍, തൊഴിലില്ലായ്മ എന്നിവയെല്ലാം വരള്‍ച്ചയുടെ ബാക്കിപത്രങ്ങളായി ബ്രസീലിനെ അലട്ടിക്കൊണ്ടിരിക്കുന്നു. ബ്രസീലിയന്‍ കാപ്പിക്കുരുവിന്റെ ഉല്‍പ്പാദനം വരള്‍ച്ചമൂലം വന്‍തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. കരിമ്പ് കൃഷി വന്‍ നഷ്ടത്തിലാണ്. ചൂരല്‍ ലഭ്യത കുറഞ്ഞതുമൂലം മില്ലുകള്‍ പലതും അടച്ചുപൂട്ടിക്കഴിഞ്ഞു. വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സാധാരണക്കാരെയാണ്. വസ്ത്രം കഴുകുന്നതിനും പാചകത്തിനും വരെ വെള്ളമില്ലാത്ത അവസ്ഥയാണ് ബ്രസീലില്‍. പൈപ്പ് ലൈനിലെ ലീക്കു മൂലം നഷ്ടമാകുന്നത് 39 ശതമാനത്തിലധികം ജലമാണ്. ഇത് കൂടാതെ സമ്പന്നര്‍ അനധികൃതമായി രാഷ്ട്രീയ സ്വാധീനവും പണവും വഴി ജലചൂഷണം ചെയ്യുന്നത് പാവപ്പെട്ടവര്‍ക്ക് ജലം ലഭിക്കുന്നതിന് തടസ്സമാകുകയാണ്. സാവോപോലോ ജല കമ്പനിക്ക് 64000 കി.മീ. പൈപ്പാണ് ചോര്‍ച്ചമൂലം മാറ്റേണ്ടതായിട്ടുള്ളത്. ആമസോണ്‍ മഴക്കാടുകളിലെ വനം കൊള്ളക്കാര്‍ നടത്തിയ വനനശീകരണം ബ്രസീലിന്റെ വരള്‍ച്ചക്ക് ആക്കം കൂട്ടിയതായി ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നു. തടി ലഭിക്കുവാന്‍ വനം ചുട്ടുകരിക്കുന്ന പതിവ് ഇവിടെ വ്യാപകമായിരുന്നു. ഇത് പ്രാദേശിക കാലാവസ്ഥയില്‍ അനിയന്ത്രിതമായ മാറ്റം വരുത്തി. ഇതിനിടെ സാവോപോളോയിലെ വ്യാപകമായ നഗരവല്‍ക്കരണവും ജനസംഖ്യാ വര്‍ധനവും 'ഹീറ്റ് ഐലന്റ്' എന്ന പ്രതിഭാസത്തിന് ഇടയാക്കി. മേഘങ്ങള്‍ നഗരങ്ങള്‍ക്ക് തൊട്ടുമുകളില്‍ സ്ഥാനംപിടിച്ചതോടെ നഗരങ്ങളില്‍ താപതരംഗം സൃഷ്ടിക്കപ്പെട്ടു. ഇത് രൂക്ഷമായ വരള്‍ച്ചയിലേക്കും നിലവിലുള്ള ജലാശയങ്ങളിലെ ജലത്തിന്റെ ദ്രുതഗതിയിലുള്ള ബാഷ്പീകരണത്തിലുമെത്തിച്ചു. കെട്ടിക്കിടന്ന ജലാശയങ്ങളില്‍ കൊതുക് പെരുകി. ഡെങ്കിപ്പനി 57 ശതമാനം ജനങ്ങളെയും ബാധിച്ചു. രാജ്യത്തെ വിനോദസഞ്ചാര മേഖലയെ വരള്‍ച്ച ഏറെ ബാധിച്ചു കഴിഞ്ഞു. കാര്‍ഷിക വിളനാശം, വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങല്‍, വരണ്ടകാറ്റ്, മേല്‍മണ്ണ് കാറ്റ് മൂലം നഷ്ടപ്പെട്ടത്. പകര്‍ച്ചവ്യാധികള്‍, മരുവല്‍ക്കരണം, ദാരിദ്ര്യം, ജലജീവികളുടെ കൂട്ടമരണം, കൃഷിനാശം മൂലം പട്ടിണി, ജനങ്ങളുടെ പലായനം, ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിക്കല്‍, ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍, വ്യവസായശാലകളുടെ അടച്ചുപൂട്ടല്‍, പാമ്പുകളുടെ കൂടുമാറല്‍, തുടര്‍ന്ന് പാമ്പ് കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കല്‍, വിള നശിപ്പിക്കുന്ന പ്രാണികളുടെ പെരുകല്‍, ഭക്ഷണത്തിനുവേണ്ടി സംഘര്‍ഷം, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം, ജലത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള പ്രാദേശിക യുദ്ധങ്ങള്‍, വര്‍ധിച്ച കാട്ടുതീ, രോഗാണുക്കളുടെ വര്‍ധന പുതിയ പകര്‍ച്ചവ്യാധികളുടെ ക്രമാതീത വര്‍ധന, ജലമലിനീകരണ തോതിലുള്ള വര്‍ധന, അന്തരീക്ഷ മലിനീകരണം, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറവ് എന്നിവയെല്ലാം വരള്‍ച്ചമൂലമുള്ള പ്രശ്‌നങ്ങളാണ്. ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. കാലാവസ്ഥാ വ്യതിയാനം തടയുവാനുള്ള പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയാണ് രാജ്യങ്ങളെ കടുത്ത വരള്‍ച്ചയിലേക്ക് തള്ളിവിടുന്നത്. വികസനത്തിന്റെ പേരിലുള്ള പ്രകൃതിവിഭവ ചൂഷണവും മലിനീകരണവുമാണ് ഇതില്‍ പ്രധാനം. അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വരള്‍ച്ചയുടെ തോത് വര്‍ധിപ്പിക്കുകയാണ്. ഭരണകൂടത്തിന്റെ സങ്കുചിതവും അഴിമതിപൂണ്ടതുമായ പദ്ധതികള്‍ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. 2015 ലെ വരള്‍ച്ച മഹാരാഷ്ട്രയിലെ 90 ലക്ഷം കര്‍ഷകരെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതുവരെ 4000 കോടി രൂപയുടെ വരള്‍ച്ച ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ കര്‍ഷകരില്‍ (1.37 കോടി) മൂന്നില്‍ രണ്ടുഭാഗത്തെയും ഈ വര്‍ഷം വരള്‍ച്ച ബാധിച്ചിരിക്കയാണ്. 60 ശതമാനം ഗ്രാമങ്ങളും കൊടിയ വരള്‍ച്ചയുടെ പിടിയിലാണ്. ഓരോ വരള്‍ച്ചാ സീസണും കൂടുതല്‍ പ്രദേശങ്ങളെ മരുവല്‍ക്കരണത്തിന്റെ പിടിയിലാക്കുകയാണ്. ലോകത്ത് കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ വരള്‍ച്ചമൂലം നഷ്ടമായത് 16 ശതകോടി ഡോളറിന് സമാനമായ തുകയാണ്. 2004 ല്‍ സുനാമി മൂലം ഇന്തോനേഷ്യയില്‍ ദുരിതമനുഭവിച്ചത് രണ്ട് ദശലക്ഷം ആളുകളാണ്, 2010 ല്‍ ഹെയ്ത്തിയിലെ ഭൂചലനംമൂലം മൂന്ന് ദശലക്ഷം ആളുകളാണ് കഷ്ടതയനുഭവിച്ചത്. എന്നാല്‍ 2015 ല്‍ വരള്‍ച്ചയും പട്ടിണിയും ചെറിയ യുദ്ധങ്ങളും മൂലം ദുരിതമനുഭവിക്കുന്നത് 13 ദശലക്ഷം ആളുകളാണ്. മനുഷ്യന്‍ തന്നെ വരുത്തിത്തീര്‍ക്കുന്ന ദുരിതങ്ങളാണിവയെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. 2013 ല്‍ അമേരിക്കയിലെ വന്‍ നഗരമായ ടെക്‌സാസിലെ 95 ശതമാനം പ്രദേശങ്ങളും വരള്‍ച്ചയനുഭവിച്ചു. മറ്റ് നഗരങ്ങളിലും രാജ്യങ്ങളിലും ഇത്തരത്തില്‍ നടക്കുന്ന ദുരന്തങ്ങള്‍ കേരള സംസ്ഥാനത്തിന് മാതൃകയാകേണ്ടതാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ ''മറ്റ് പ്രശ്‌നങ്ങളുടെ'' നടുവില്‍ നില്‍ക്കുമ്പോള്‍ ജനങ്ങളുടെ കാതലായ പ്രശ്‌നമായ കുടിവെള്ള ക്ഷാമവും വരള്‍ച്ചയും കൂടി അഴിമതിയുടെ മാര്‍ഗ്ഗമായിട്ടാണ് കണക്കാക്കുന്നത്. സോളാര്‍ തട്ടിപ്പ്, ബാര്‍ കോഴ, പൊതുമരാമത്തിലെ അഴിമതികള്‍, പാറ്റൂര്‍ കേസ്, കളമശ്ശേരി ഭൂമി തട്ടിപ്പ്, നദീസംരക്ഷണ ഫണ്ട് വകമാറ്റല്‍, പാറമടകള്‍ക്ക് ലൈസന്‍സ്, വിദ്യാഭ്യാസ കച്ചവടം, പാടംനികത്തി കരഭൂമി സ്റ്റാറ്റസ് നല്‍കല്‍, ആറന്മുള വിമാനകമ്പനിയിലെ ഷെയര്‍ തുടങ്ങി ഒന്നിനുപുറകെ ഒന്നായി നടക്കുന്ന അഴിമതികളില്‍ വ്യക്തമായ പങ്ക് സര്‍ക്കാരിനുണ്ടെന്ന് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ജനങ്ങളെ ദുരിതത്തിലാക്കുന്ന വരള്‍ച്ചയെക്കുറിച്ച് ചിന്തിക്കുവാനും നടപടി സ്വീകരിക്കുവാനും സര്‍ക്കാരിനെവിടെയാ സമയം? കേരളം വരള്‍ച്ചയുടെ കടുത്ത പിടിയാലാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. ബ്രസീലിനെ വരള്‍ച്ചയിലേക്ക് നയിക്കുന്നതിന് സമാനമായ പ്രശ്‌നങ്ങള്‍ കേരളത്തിലും ഉടലെടുത്ത് കഴിഞ്ഞു. സര്‍ക്കാരിന്റെ ഒത്താശയോടെയും അല്ലാതെയും സംസ്ഥാനത്തെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ചു കഴിഞ്ഞു. നിയമങ്ങള്‍ ലംഘിച്ചുള്ള പുഴമണല്‍ ഖനനം, നിയമത്തില്‍ ഇളവു നല്‍കിയുള്ള കുന്നിടിക്കല്‍, കെട്ടിടനിര്‍മാണം, പാടം നികത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൗനാനുമതിയോടെയുള്ള കായല്‍ കയ്യേറ്റം, കണ്ടല്‍ക്കാട് നശീകരണം, വനനശീകരണം, വനകയ്യേറ്റം, അനധികൃത പാറ ഖനനം, കുടിവെള്ള കച്ചവടം, പുഴ മലിനീകരണം, 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് നടത്താത്ത ജല മാനേജ്‌മെന്റ്. പുതിയ വീടുകള്‍ക്ക് മഴവെള്ള സംഭരണ നിര്‍ബന്ധമാക്കുന്നതിലെ വീഴ്ച. ഹൈറേഞ്ചിലെ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍, നഗരവല്‍ക്കരണം നദികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലെ വീഴ്ച, ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണത്തിലെ ആത്മാര്‍ത്ഥതയില്ലായ്മ, കുളങ്ങളും നീര്‍ചാലുകളും സംരക്ഷിക്കുന്നതിലെ വീഴ്ച, പശ്ചിമഘട്ട മലമടക്കുകള്‍ തച്ചുതകര്‍ക്കുന്നത് തടയുവാന്‍ നടപടി സ്വീകരിക്കാതിരിക്കുക, പാടശേഖരങ്ങള്‍, കോള്‍നിലങ്ങള്‍, ചതപ്പുകള്‍ എന്നിവ സംരക്ഷിച്ച് കൃഷി നിലനിര്‍ത്തുന്നതിന് പകരം അവയെല്ലാം വ്യവസയത്തിനായി നികത്തി തീറെഴുതുവാന്‍ കൂട്ടുനില്‍ക്കുന്ന ഇളവുകള്‍ പ്രഖ്യാപിക്കുക, വ്യവസായവല്‍ക്കരണത്തിന്റെ പേരില്‍ ഏകജാലകം നടപ്പാക്കി തണ്ണീര്‍ത്തടങ്ങളുടെ നാശത്തിലെത്തിക്കുന്ന പദ്ധതികള്‍ക്ക് ഒത്താശ ചെയ്യുക,  വനവല്‍ക്കരണത്തിന്റെ പേരില്‍ നടക്കുന്ന അഴിമതികള്‍ തടയാതിരിക്കുക, നഗരവല്‍ക്കരണത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് കാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുക തുടങ്ങി കടുത്ത വരള്‍ച്ചയിലേക്ക് കേരളം വഴുതിമാറുവാനുള്ള നിരവധി അവസരങ്ങളാണ് ഈ സര്‍ക്കാര്‍ ഒരുക്കുന്നത്. അഴിമതിക്ക് അവസരം ഒരുക്കുന്ന കേന്ദ്ര വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടും ടാങ്കര്‍ ലോറി കുടിവെള്ള വിതരണത്തിലേക്ക് തദ്ദേശ ഭരണകൂടങ്ങളെ നയിക്കുന്ന അവസരങ്ങളും സൃഷ്ടിക്കുന്നതിലാണ് ഈ സര്‍ക്കാരിന് കൂടുതല്‍ താല്‍പ്പര്യമെന്ന് പല നടപടികളും കാണുമ്പോള്‍ തോന്നിപ്പോകും. വരള്‍ച്ച ഉണ്ടാക്കുന്ന കുടിവെള്ള ദൗര്‍ലഭ്യവും കാര്‍ഷിക നാശവും വൈദ്യതിക്ഷാമവും പകര്‍ച്ചവ്യാധികളും രൂക്ഷമായ ജലമലിനീകരണവും തടയുവാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.