ഗാന്ധി സ്റ്റാമ്പ് ശേഖരവുമായി അര്‍വിന്ദ് കുമാര്‍ പൈ റെക്കോഡ് ബുക്കുകളില്‍

Monday 23 February 2015 5:00 pm IST

ആലപ്പുഴ: മഹാത്മാഗാന്ധിയുടെ സ്റ്റാമ്പുകളുടെ ശേഖരണത്തിലും പിറന്നാള്‍ ആശംസാ കാര്‍ഡില്‍ ഏറ്റവും കൂടുതല്‍ സ്റ്റാമ്പുകള്‍ പതിപ്പിച്ചതിനുമുള്ള റെക്കോര്‍ഡ് ചേര്‍ത്തല സ്വദേശിയായ യുവാവിന്. ചേര്‍ത്തല ശാന്തി നിവാസില്‍ അര്‍വിന്ദ് കുമാര്‍ പൈ (29)യാണ് സ്റ്റാമ്പ് ശേഖരണത്തിലെ വ്യത്യസ്തതയില്‍ 2015ലെ ലിംക ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ് എന്നിവയില്‍ ഇടം നേടിയത്. 1948ല്‍ പുറത്തിറങ്ങിയ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് മുതല്‍ സമീപകാലത്ത് പുറത്തിറക്കിയ സ്റ്റാമ്പ് അടക്കം എണ്ണായിരത്തില്‍ പരം ഗാന്ധി സ്റ്റാമ്പുകളാണ് അര്‍വിന്ദിന്റെ ശേഖരത്തിലുള്ളത്. ഇന്ത്യയെകൂടാതെ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ പുറത്തിറക്കിയ ഗാന്ധി സ്റ്റാമ്പുകളും ഇക്കൂട്ടത്തിലുണ്ട്. ഒരാളിന്റെ സ്റ്റാമ്പുകള്‍ കൂടുതല്‍ ശേഖരിച്ചതിനാണ് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡിലും ഇന്ത്യാബുക്ക് ഓഫ് റെക്കോഡിലും അര്‍വിന്ദ് ഇടം നേടിയത്. അമ്മ രഞ്ജിത ഭായിയുടെ ജന്മദിനത്തിന് മുന്നൂറ്റി ഇരുപത്തി രണ്ടു സ്റ്റാമ്പുകള്‍ പതിപ്പിച്ച പിറന്നാള്‍ ആശംസാ കാര്‍ഡ് അയച്ചതിനാണ് ലിംക ബുക്ക് ഓഫ് റെക്കോഡില്‍ അര്‍വിന്ദ് അംഗമായത്. ചെറുപ്പം മുതല്‍ സ്റ്റാമ്പ് ശേഖരണം ഹരമാക്കിയ അര്‍വിന്ദ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.