പെരുന്തുരുത്ത് കരിയില്‍ 40 ഏക്കറിലെ കൃഷി ഉണങ്ങുന്നു

Monday 23 February 2015 9:39 pm IST

മുഹമ്മ: ഗ്രാമപഞ്ചായത്തിലെ നെല്ലറയായ പെരുന്തുരുത്ത് കരി പാടശേഖരത്തിലെ അറുപതില്‍ പരം കര്‍ഷകരുടെ 40 ഏക്കറിലെ കൃഷി വെള്ളം കിട്ടാതെ കരിയുന്നു. ഒരു കൃഷി മാത്രം ചെയ്തിരുന്ന പാടശേഖരത്തില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടുകൃഷി ഇറക്കിയത്. കാര്‍ഷികമേഖലയിലെ ആധുനികവത്കരണത്തെ കൂട്ടുപിടിച്ച് വര്‍ഷത്തില്‍ മൂന്നുകൃഷി എന്ന യുവകര്‍ഷക കൂട്ടായ്മയുടെ സ്വപ്‌നമാണ് കരിഞ്ഞുണങ്ങുന്നത്.കോടികള്‍ മുടക്കി തണ്ണീര്‍മുക്കത്ത് പുതിയ ബണ്ടു നിര്‍മിക്കാന്‍ കാണിക്കുന്ന ഉത്സാഹം നിലവിലുള്ള ഷട്ടറുകളും ബാര്‍ജുകള്‍ കടത്തിവിടുന്ന ലോക്കും റിപ്പയര്‍ ചെയ്ത് അടയ്ക്കുന്നതിനും കാണിച്ചിരുന്നെങ്കില്‍ കൃഷിക്കു ദോഷകരമാകാതെ ആവശ്യത്തിനു വെള്ളം ലഭിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വന്‍തോതില്‍ പണം മുടക്കി മോട്ടോറുകള്‍ എത്തിച്ച് പുറത്തു നിന്നും വെള്ളം പമ്പുചെയ്ത് കൃഷി സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. കൃഷി വകുപ്പിനെയും ഗ്രാമപഞ്ചായത്തിനെയും സമീപിച്ചെങ്കിലും കര്‍ഷകര്‍ക്ക് സഹായകരമായ നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ കാലവര്‍ഷത്തില്‍ കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടുമില്ല. സഹായം നല്‍കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ഏഴുമാസം പിന്നിട്ടിട്ടും ഒന്നും ലഭിക്കാത്തതില്‍ പാടശേഖരസമിതിക്ക് പ്രതിഷേധമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.