ചന്ദ്രബോസിന്റെ വീട് കുമ്മനം സന്ദര്‍ശിച്ചു

Monday 23 February 2015 10:14 pm IST

ചന്ദ്രബോസിന്റെ കുടുംബത്തെ ഹിന്ദു ഐക്യവേദി സംസ്ഥാന
ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആശ്വസിപ്പിക്കുന്നു

അന്തിക്കാട് (തൃശൂര്‍): വിവാദ വ്യവസായി മുഹമ്മദ് നിസാം കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ വീട് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു.

ചന്ദ്രബോസിന്റെ കുടുംബത്തെ അദ്ദേഹം ആശ്വസിപ്പിച്ചു. മുന്നോട്ടുള്ള വഴികളില്‍ ആശങ്കകള്‍ക്ക് വഴിയില്ലാത്തവിധം എല്ലാവിധ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഹമ്മദ് നിസ്സാമിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ലഭ്യമാക്കുന്നതിന് കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാപ്രസിഡണ്ട് ബാലന്‍ പണിക്കശ്ശേരി, ട്രഷറര്‍ മുരളി, താലൂക്ക് ജനറല്‍ സെക്രട്ടറി മണി വ്യാസപീഠം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ കരുവത്ത്, ജനറല്‍ സെക്രട്ടറി ജയപ്രസാദ്, ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് ബൈജു എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്നലെ വീട് സന്ദര്‍ശിച്ചു. വിവാദ വ്യവസായി മുഹമ്മദ് നിസാം പണം നല്‍കി ഒത്തുതീര്‍ത്ത മുഴുവന്‍ കേസുകളും വിജിലിന്‍സ് അന്വേഷിക്കുമെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് കമ്മീഷണര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരും. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാരായ വി.എസ്.സുനില്‍കുമാര്‍, പി.എ.മാധവന്‍ എന്നിവരും ഉണ്ടായിരുന്നു.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭ സുരേന്ദ്രനും ഇന്നലെ ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിച്ചു. നിസാമിനെതിരെയുള്ള അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് ഭരണതലത്തില്‍ നടക്കുന്നതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ചന്ദ്രബോസിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. അതോടൊപ്പം മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.