ക്ഷേത്രങ്ങള്‍ ആഘോഷ നിറവില്‍: ഇന്ന് പതിനെട്ടരകാവ് വേല

Monday 23 February 2015 10:31 pm IST

പൈങ്കുളം: വാഴാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷിച്ചു. രാവിലെ നടതുറക്കലിനുശേഷം നടന്ന നിര്‍മാല്യദര്‍ശനം, അഭിഷേകം, പ്രഭാതഭേരി, 501 കതിന വെടിയും, വിശേഷാല്‍ പൂജകളും, ഗോളകചാര്‍ത്തലിനും തുടര്‍ന്ന് കലാനിലയം ഉണ്ണികൃഷ്ണന്‍, കലാനിലയം രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഇടയ്ക്ക, ഡബിള്‍ തായമ്പക ജനഹൃദയങ്ങളെ ഭക്തിനിര്‍ഭരമാക്കി. 12ന് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ തിരുവഞ്ചിക്കുഴി ക്ഷേത്രത്തില്‍ നിന്നും തൊഴുപാടം ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ നിന്നും വേല പുറപ്പെട്ടതോടെയാണ് പകല്‍ വേലക്ക് തുടക്കം കുറിച്ചത്. വേലയുടെ നാലു വിഭാഗക്കാരായ വാഴാലിക്കാവ് ദേവസ്വം, പൈങ്കുളം പടിഞ്ഞാറ്റുമുറി ദേശം, ഉന്നത്തൂര്‍, മുല്ലക്കാവ് എന്നിവയുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെ നടന്ന വേലയ്ക്ക് രണ്ടിനു വാഴാലിക്കാവില്‍ നടന്ന തിടമ്പ് എഴുന്നള്ളിപ്പിനെത്തുടര്‍ന്ന് കിള്ളിമംഗലം വേലയുടെയും പറവേലയുടെയും പാണ്ടിമേളങ്ങളുടെയും ചെറുവേലകളുടെയും മൂന്നുവിഭാഗക്കാരുടെയും വേലകള്‍ കാവുകയറിയതോടെയാണ് വൈകീട്ട് ആറിന് കൂട്ടിഎഴുന്നള്ളിപ്പ് നടന്നത്. പതിനെട്ട് ആനകള്‍ പങ്കെടുത്ത കൂട്ടിഎഴുന്നള്ളിപ്പിനെത്തുടര്‍ന്ന് വെടിക്കെട്ടും നടന്നു. അന്നമനട: മഹാദേവക്ഷേത്രത്തിലെ ഉത്സവാഘോഷത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 4.30ന് വിശേഷാല്‍ പൂജകള്‍, 9ന് ശീവേലി, 11ന് ഓട്ടന്‍തുള്ളല്‍, 12.30ന് ഉത്സവബലി, വൈകീട്ട് 6.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, 6.45ന് ദാസിയാട്ടം, രാത്രി 7ന് അന്നമനട ബാബുരാജിന്റെ സംഗീതകച്ചേരി, 9ന് വിളക്കിനെഴുന്നള്ളിപ്പ്, രാത്രി 10ന് ഗാനമേള എന്നിവ നടക്കും. വെള്ളാംങ്ങല്ലൂര്‍: പൈങ്ങോട് ഘണ്ടാകര്‍ണ്ണക്ഷേത്രത്തിലെ കളമെഴുത്ത് പാട്ട് സമാപനത്തോടനുബന്ധിച്ച് കൂട്ടിഎഴുന്നള്ളിപ്പ് ആഘോഷം ഇന്ന് ആഘോഷിക്കും. രാവിലെ 5ന് വിശേഷാല്‍ പൂജകള്‍, വൈകീട്ട് 6.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, വെളുപ്പിന് 1ന് പുതിയകാവ് ക്ഷേത്രം, പതിയാംകുളങ്ങര ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ നിന്നുള്ള ദേവിമാര്‍ ഘണ്ടാകര്‍ണനോടൊപ്പം നിലപാട്തറയില്‍ സംഗമിക്കുമ്പോള്‍ പാഞ്ചാരിമേളം അരങ്ങേറും. പൈങ്ങോട് ഘണ്ടാകര്‍ണ്ണക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ആഘോഷം ഇന്ന് ആഘോഷിക്കും. രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, വൈകീട്ട് 4ന് ദേവിക്ക് കളമെഴുത്ത്പാട്ട്, വൈകീട്ട് 5ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും താലംവരവ്, വൈകീട്ട് 6.45ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, രാത്രി 7.30ന് പ്രസാദഊട്ട്, തുടര്‍ന്ന് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കും. 9ന് നാടകം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.