രാമരാജ്യം ഇന്നും പ്രസക്തം: പ്രധാനമന്ത്രി

Monday 23 February 2015 10:38 pm IST

ന്യൂദല്‍ഹിയിലെ ഫിക്കി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര രാമായണ മേളയിലെ നൃത്തശില്‍പ്പാവതരണം വീക്ഷിക്കുന്നപ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ സുഷമാ സ്വരാജ്, നജ്മ ഹെപ്തുള്ള തുടങ്ങിയവര്‍

ന്യൂദല്‍ഹി: രാമരാജ്യം ഒരു ദര്‍ശനമാണെന്നും അതിന് ഇക്കാലത്തും പ്രസക്തിയേറെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. പ്രഥമ അന്താരാഷ്ട്ര രാമായണ മേളയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാമനും രാമായണവും ഗൗതമ ബുദ്ധനും സംസ്‌കാരത്തിന്റെ ഭാഗമായുള്ള രാജ്യങ്ങള്‍ക്കെല്ലാം ഭാരതവുമായി മികച്ച നയതന്ത്ര ബന്ധമാണുള്ളതെന്ന് മോദി പറഞ്ഞു. സൗമ്യമായ ശക്തിവിശേഷം ആഗോളതലത്തില്‍ നിര്‍ണ്ണായകമായിക്കൊണ്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ മോദി, ഭാരതം അതിന്റെ പൈതൃകവും സംസ്‌കാരവും വിദേശബന്ധത്തിന്റെ രംഗത്തു വിനിയോഗിച്ച് കുടുതല്‍ ശക്തിപ്രാപിക്കുമെന്നു വിശദീകരിച്ചു.

രാമായണം ടെലിവിഷന്‍ സീരിയല്‍ വന്നകാലത്ത് അത് രാജ്യത്തെ ജനങ്ങളെ പ്രായത്തിന്റെയും ഭൂപരമായ അതിര്‍ത്തികളുടെയും അപ്പുറം ഒന്നിപ്പിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. രാമായണത്തിലെ ജടായുവിന്റെ കഥാപാത്രം സ്ത്രീകളുടെ മാന്യതാസംരക്ഷണത്തിന്റെ പ്രതീകമാണ്. രാമായണ സന്ദേശം ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നത് അതുകൊണ്ടാണ്.
രാമരാജ്യം ഒരു ദര്‍ശനമാണ്, ഇന്നും പ്രസക്തമാണ്.

അവിടെ അകാലമൃത്യുവില്ല, എല്ലാവര്‍ക്കും ആരോഗ്യവും സൗഖ്യവുമുണ്ടായിരിക്കും. അവിടെ പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും വിശ്വാസവും ഉണ്ടായിരിക്കും, അവരവരുടെ ധര്‍മ്മം പാലിക്കപ്പെടും, കര്‍ത്തവ്യം നിറവേറ്റും. സ്ത്രീകളും പുരുഷന്മാരും സേവനസന്നദ്ധരായിരിക്കും. ഉദാരമതികളായിരിക്കും. ശ്രീരാമ ഭരണത്തില്‍ എല്ലാ ഭിന്നതകളും ഇല്ലാതായി ശത്രുതയില്ലാത്ത ജീവിതം ജനങ്ങള്‍ നയിക്കും. ഇത്തരത്തില്‍ രാമായണം വിഭാവനം ചെയ്യുന്നത് ആദര്‍ശാത്മക സമൂഹത്തെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങില്‍ വിദേശകാര്യവകുപ്പു മന്ത്രി സുഷമാ സ്വരാജും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.