സ്മരണം

Tuesday 24 February 2015 9:29 pm IST

മ്രിയമാണെരഭിധേ്യയോ ഭഗവാന്‍ പരമേശ്വരഃ ആത്മഭാപം നയത്യംഗ, സര്‍വ്വാത്മാ സര്‍വ്വദര്‍ശനഃ എന്നു ശ്രീശുകന്‍ പരീക്ഷിത്തു മഹാരാജാവിനോട് പറയുന്നുണ്ട്. (ഈശ്വരന്‍ എല്ലാവരുടെയും ഹൃദയത്തില്‍ സാക്ഷിഭാവത്തില്‍ വര്‍ത്തിച്ച് എല്ലാം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. മരിക്കാന്‍ തുടങ്ങുന്നവര്‍ ആ അവസരത്തില്‍ ഈശ്വരനെ ധ്യാനിച്ചാലദ്ദേഹം അവര്‍ക്കു തന്റെ സ്വരൂപം വെളിപ്പെടുത്തി സായൂജ്യമുക്തി കൊടുക്കുന്നതാണ്) അദ്ദേഹം  വീണ്ടും ഇങ്ങനെ തുടരുന്നു. ''അല്ലയോ പരീക്ഷത്തു മഹാരാജാവേ, അങ്ങു മരിക്കാന്‍ പോകുന്നു, ഈശ്വരനെ സ്മരിച്ചുകൊള്ളുക!'' അതനുസരിച്ചു ധൈര്യസമേതം ഭയലേശംപോലുമില്ലാതെ, പരീക്ഷിത്തു രാജാവ് ഭഗവദ് സ്മരണയോടുകൂടി ദേഹമുപേക്ഷിച്ചു കൈവല്യം പ്രാപിച്ചതായി ഭാഗവതം ദ്വാദശസ്‌കന്ധത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതുപോലെ ഈശ്വരസ്മരണയോടുകൂടി ശാന്തമായി ദേഹം ഉപേക്ഷിച്ച ഒന്നുരണ്ടു വ്യക്തികളെകാണുവാനുള്ള ഭാഗ്യം എനിക്കും സിദ്ധിച്ചിട്ടുണ്ട്. പക്ഷേ അധികമാളുകളും അങ്ങിനെയല്ല മരിക്കുന്നത്, തങ്ങളുടെ ഉപബോധമനസ്സില്‍ തങ്ങിനില്‍ക്കുന്ന ദുര്‍വ്വാസനകള്‍ വിജൃംഭിച്ച ക്ലേശഭൂയിഷ്ഠമായ ചിന്തകളോടുകൂടിയാണ്. ഒരു പത്തുവര്‍ഷ്തിനുമുമ്പ്, ഒരു വൃദ്ധന്റെ മരണരംഗത്തു ഞാനുമുണ്ടായിരുന്നു. അദ്ദേഹത്തിനു എഴുപത്തിഅഞ്ചു വയസ്സോളം പ്രായം കാണും. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട് അന്നു നാല്‍പതുകൊല്ലം കഴിഞ്ഞിരുന്നു. പിന്നീട് അവിവാഹിതനായിട്ടാണു കാലം കഴിച്ചത്. എന്നാല്‍ മരിക്കുന്നതിനല്പം മുമ്പ് അദ്ദേഹം ഒന്നു മയങ്ങി. ആ മയക്കത്തില്‍ തന്നത്താന്‍ പറയുകയാണ്. ആരാ അത്? പാപ്പിയാണോ? പാപ്പി, പാപ്പി അല്പം കഴിഞ്ഞു മരിച്ചു. ഈ പാപ്പിയെക്കുറിച്ച് എനിക്കൊരറിവുമില്ലായിരുന്നു ഞാന്‍ തിരക്കി. അപ്പോഴാണു മനസ്സിലായത്. അദ്ദേഹത്തിന്റെ ഭാര്യ പാപ്പി ആയിരുന്നു എന്ന്. അവരെക്കുറിച്ചുള്ള സ്മരണ അന്ത്യകാലത്തുണര്‍ന്നു രൂപംകൊണ്ടിരിക്കും. അദ്ദേഹം ആസ്വപ്നത്തില്‍ അവരെക്കണ്ടിരിക്കാം. അവരുടെ രൂപലാവണ്യം കണ്ടുകൊണ്ടുതന്നെ മരിച്ചതുമായിരിക്കാം. തീര്‍ച്ചയായും അടുത്ത ജന്മത്തിലദ്ദേഹം അവരുടെ ഭര്‍ത്താവായിട്ടുതന്നെ ജനിക്കും. ''യം യം വാപി സ്മരന്‍ ഭാവം ത്യജത്യന്തേ കളേബരം തം തമേവൈതി കൗന്തേയ സദാ തദ്ഭാവഭാവിതഃ'' ''ഏതേതു ഭാവത്തെ ഓര്‍ത്തുകൊണ്ടാണോ ദേഹം വെടിയുന്നത്. ജന്മാന്തരത്തില്‍ അതാതുഭാവത്തില്‍ എത്തും'' എന്നാണല്ലോ ഈ ഗീതാശ്ലോകത്തിന്റെ അര്‍ത്ഥം ആ നിലയില്‍ ആ വൃദ്ധന്‍ അടുത്ത ജന്മത്തില്‍ പാപ്പീ വല്ലഭനായിത്തീരുമെന്നൂഹിക്കുന്നതില്‍ തെറ്റില്ല പക്ഷേ, മനുഷ്യന്‍ ജനിക്കുന്നതു വീണ്ടും ജനിക്കുവാനല്ല ജനിക്കാതിരിക്കുവാനാണ്, നിത്യനായിത്തീരുവാനാണ്. അതിന് ഈശ്വരസ്മരണയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. അന്തകാലേ ച മാമേവ സ്മരന്‍ മുക്ത്വാ കളേബരം യഃപ്രയാതി സ മത്ഭാവം യാതി നാസ്ത്യത്ര സംശയഃ'' (ആരാണോ മരണകാലത്ത് എന്നെത്തന്നെ സ്മരിച്ചുകൊണ്ടു ദേഹം വിട്ടുപോകുന്നത്, അയാശ എന്നെത്തന്നെ പ്രാപിക്കും. ഇതില്‍ സംശയമില്ല) എന്ന ഗീതാവാക്യം നാം എപ്പോഴും ഓര്‍ത്തു അതനുസരിച്ചു പ്രവര്‍ത്തിക്കണം.) ചിലയാളുകള്‍ ചോദിച്ചേയ്ക്കാം ലൗകികകാര്യങ്ങളില്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈശ്വരനെ സ്മരിക്കാന്‍ എങ്ങനെ ഒക്കുമെന്ന് അവര്‍ക്ക് ലൗകികകാര്യങ്ങളെക്കുറിച്ചു സ്മരിക്കണമെങ്കില്‍ ഈശ്വരനെയും സ്മരിക്കാം. ഒരു കണ്ണാടിയില്‍ നിഴലിക്കുന്ന ചിത്രങ്ങള്‍ എന്നപോലെ ഈ പ്രപഞ്ചമെല്ലാം സച്ചിദാനന്ദസ്വരൂപനായ ഈശ്വരനിലാണ് നിഴലിച്ചുനില്‍ക്കുന്നത്. ചിത്രത്തോടൊപ്പം കണ്ണാടിയേയും ഗ്രഹിക്കുന്നതുപോലെ വിചാരശീലന്മാര്‍ക്കു ലൗകികവിഷയങ്ങളോടൊപ്പം ഈശ്വരനെയും ചിന്തിക്കാന്‍ സാധിക്കും. നമുക്ക്  ആനന്ദം നല്‍കുന്ന എല്ലാ വിഷയങ്ങളുടെയും ഉണ്മയും തിളക്കവും ഈശ്വരന്റെതാണെന്നറിഞ്ഞാല്‍മതി അതു രണ്ടുമില്ലാതായാല്‍ വിഷയങ്ങളെല്ലാം നീരസങ്ങളും ബീഭത്സങ്ങളുമായി തോന്നുമെന്നുള്ളതിനു അളിഞ്ഞ ശവങ്ങള്‍തന്നെ തെളിവാണല്ലോ. ലൗകികവിഷയങ്ങളില്‍ എത്ര മുഴുകിയിരുന്നാലും ഈശ്വരചിന്ത പുലര്‍ത്തിക്കൊണ്ടിരിക്കുന്ന കുറച്ചാളുകളെങ്കിലും ലോകത്തിലുണ്ടെന്നു നമുക്കറിയാം. ശ്രവണത്തിലും കീര്‍ത്തനത്തിലുമുള്ള അഭ്യാസംകൊണ്ടാണ് അവര്‍ ആ നിലയിലെത്തിയിട്ടുള്ളത്. അതുപോലെ നമ്മളും ശ്രവണത്തിലും കീര്‍ത്തനത്തിലും ശ്രദ്ധിച്ചു ഭഗവന്മാഹാത്മ്യം ഗ്രഹിച്ചാല്‍ ഭഗവാനെപ്പറ്റിയുള്ള സ്മരണ ഒരിക്കലും നമ്മെ വിട്ടുമാറുകയില്ല. അതെപ്പോഴും നമ്മുടെ ഹൃദയത്തെ കുളിപ്പിച്ചുകൊണ്ടിരിക്കും. അതുകൊണ്ടു ഭഗവത് സ്മരണയില്‍ എല്ലാവരും ശ്രദ്ധിക്കണമെന്നു ഒന്നുകൂടി ഉദ്‌ബോധിപ്പിച്ചുകൊള്ളുന്നു. .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.