മുഖം മാറിയാലും മനസ് മാറുമോ ?

Tuesday 24 February 2015 11:01 pm IST

ആലപ്പുഴയില്‍ സമാപിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം അവരുടെ സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തിരിക്കുന്നു. പാര്‍ട്ടിയുടെ മുഖച്ഛായ മാറിയെന്നും പാര്‍ട്ടിക്ക് ചിരിക്കുന്ന മാനസികാവസ്ഥയുള്ള ഒരു സെക്രട്ടറി വന്നുവെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ കൊടുമ്പിരികൊള്ളുന്നു. ഒരര്‍ത്ഥത്തില്‍ അത് ശരിയാണെന്ന് തോന്നിക്കുന്ന അവസ്ഥയാണുള്ളത്. ഒന്നരപ്പതിറ്റാണ്ടിലേറെ ഈ പാര്‍ട്ടിയെ നയിച്ച വ്യക്തിയുടെ ചെയ്തികളും സ്വഭാവരീതികളും എന്തൊക്കെയായിരുന്നു എന്നതിന്റെ ബാലന്‍സ്ഷീറ്റ് നോക്കിയാല്‍ അത്രമാത്രം അഭിമാനകരമായ ഒരു കാര്യവും ഇല്ലെന്ന് തുറന്ന് സമ്മതിക്കേണ്ടിവരും. എന്നാല്‍ അതിനൊക്കെ മറുമരുന്നാവുമോ പാര്‍ട്ടിയുടെ പുതിയ മുഖം എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടാന്‍ സമയമായിട്ടില്ലെങ്കിലും ഒന്ന് സമ്മതിച്ചേ തീരു, മുഖം മാറിയാലും മനസ് മാറില്ല. പാര്‍ട്ടിയുടെ ധാര്‍ഷ്ട്യവും ധിക്കാരവും അസഹിഷ്ണുതയും വളരെ വ്യക്തമായി മനസ്സിലാക്കാനാവുന്ന ശരീരഭാഷയായിരുന്നു പഴയ സെക്രട്ടറിക്കെങ്കില്‍ പുറത്ത് അതൊന്നും അറിയാത്ത വ്യക്തിത്വമായിത്തീരുന്നു പുതിയ സെക്രട്ടറി എന്ന വ്യത്യാസമേയുള്ളൂ. ആലപ്പുഴയിലെ സമ്മേളനത്തിന്റെ അജണ്ട എന്തൊക്കെയായിരുന്നെങ്കിലും ഒടുവില്‍ പെരുവഴിയില്‍ അകപ്പെട്ട നിസ്സഹായന്റെ അവസ്ഥയാണല്ലോ ഉണ്ടായത്. അഭിമാനത്തിന്റെ പേരില്‍ എന്തൊക്കെ കൊട്ടിഘോഷിച്ചാലും യാഥാര്‍ത്ഥ്യം പരിതാപകരമായ ഒരു വെട്ടിനിരത്തലിന്റെ കണ്ണീരു വീണു നനഞ്ഞതാണ്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ഗണനീയമായ ഒട്ടുവളരെ സംഭാവനകള്‍ പാര്‍ട്ടിയുടേതായിട്ടുണ്ട് എന്ന് അഭിമാനിക്കുന്നവരും അവരുടെ ധാര്‍ഷ്ട്യത്തിന്റെ കഠാരമുന നേര്‍ക്കുനേര്‍ കണ്ടതാണെന്ന വസ്തുത മറക്കാന്‍ കഴിയാത്തതാണ്. അസഹിഷ്ണുതയുടെ വൈറസുകളാല്‍ സമൃദ്ധമായ നേതൃത്വം ക്രൗര്യത്തിന്റെ വടിവാളുകള്‍ തലങ്ങും വിലങ്ങും വീശിയതിന്റെ ഫലമായി ഞെട്ടറ്റുവീണ നവയൗവനങ്ങള്‍ ഏറെയാണ്. കൊലപാതക രാഷ്ട്രീയത്തിന്റെ കൊമ്പും കുഴലൂത്തും നടത്തുന്ന ഒരു മാഫിയാ സംസ്‌കാരത്തിലേക്ക് കേരളത്തിന്റെ അന്തരീക്ഷത്തെ മാറ്റി മറിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഈ പാര്‍ട്ടിക്കാണെന്ന് നിഷ്പക്ഷമതികള്‍ പോലും തുറന്ന് സമ്മതിക്കുന്നതാണ്. അതെന്തുകൊണ്ടാണെന്ന് പാര്‍ട്ടിക്ക് ബീജാവാപം നടത്തിയ നേതാവിനുപോലും ചൂണ്ടിക്കാണിക്കേണ്ടിവന്നു. ആ ചോദ്യത്തിന്റെ മറുപടിയിലാണ് പുതിയ സെക്രട്ടറിയുടെ മുഖച്ഛായയുടെ പ്രസക്തി. കൊണ്ടും കൊടുത്തും ചോരപ്പുഴരാഷ്ട്രീയത്തിന് മാന്യത കൈവരുത്തുന്നതില്‍ പഴയ സെക്രട്ടറിയുടെ സംഭാവനയെന്ത് എന്ന ചോദ്യത്തിന്റെ തുടര്‍ച്ചയിലേക്ക് പുതിയ മുഖത്തിന്റെ പുറംചട്ടയുമായി മറ്റൊരാള്‍ വരുന്നു എന്നതിനപ്പുറം ഒരു മാറ്റവും ഉണ്ടാവില്ല. ആലപ്പുഴ സമ്മേളനം തന്നെ അതിന് തെളിവാണല്ലോ. 'പോയ്‌സനസ് ഡീലിന്റെ പോളിഷ്ഡ് വേര്‍ഷന്‍' എന്ന് പുതിയ സെക്രട്ടറിയുടെ സ്ഥാനാരോഹണത്തെ വിശേഷിപ്പിച്ചാല്‍ പോലും തെറ്റാവില്ലെന്ന് മാനുഷികമുഖമുള്ള രാഷ്ട്രീയത്തെ അറിഞ്ഞവര്‍ തുറന്ന് സമ്മതിക്കും. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ എങ്ങനെയൊക്കെ വെട്ടിനിരത്താം, പൂണ്ടടക്കം അറുത്തുമാറ്റാം എന്ന ഏകശിലാഖണ്ഡ അജണ്ടയാണ് ആ പാര്‍ട്ടിക്കുള്ളത്. അതിനെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ള ഒരാള്‍ കൈകാര്യകര്‍തൃ സ്ഥാനത്തെത്തുന്നു എന്നത് നിഷ്പക്ഷമതികളില്‍ ആശങ്ക പരത്തുന്നുണ്ട്. അച്ചടക്കത്തിന്റെ വാളുപയോഗിച്ച് അണികളെയും ധാര്‍ഷ്ട്യത്തിന്റെ വാളുപയോഗിച്ച് പ്രതിയോഗികളെയും അരിഞ്ഞുവീഴ്ത്താനുള്ള തന്ത്രത്തിന് പുതിയ വ്യാഖ്യാനങ്ങളും വ്യതിയാനങ്ങളും നല്‍കാന്‍ പുതിയ സെക്രട്ടറിക്കാവും എന്നിടത്താണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അഭിമാനിക്കുന്നതും പൊതുസമൂഹം ആശങ്കപ്പെടുന്നതും. വി.എസ് എന്ന പരിണിതപ്രജ്ഞനായ നേതാവിന്റെ ഇന്നത്തെ പതനം വാസ്തവത്തില്‍ പാര്‍ട്ടിയെ നല്ല വഴിക്ക് നയിക്കുന്നതില്‍ പറ്റിയ അബദ്ധമൊന്നുമല്ല. സ്വന്തം താല്‍പ്പര്യങ്ങളുടെ ഉമ്മറക്കോലായയില്‍ കാറ്റുകൊണ്ടിരിക്കാനുള്ള അവസരം നഷ്ടമാവുന്നു എന്ന തിരിച്ചറിവില്‍ നിന്ന് ഉരുവം കൊണ്ടതാണത്. ഈ പാര്‍ട്ടിക്ക് മാനുഷിക മുഖം നല്‍കുന്നതില്‍ എന്ത് പങ്കാണ് വി.എസ് വഹിച്ചതെന്നതിനെക്കുറിച്ച് അദ്ദേഹം തന്നെ പരിചിന്തനം ചെയ്താല്‍ ഉത്തരം ലഭിക്കും. തനിക്കുശേഷം പ്രളയം എന്ന അസംബന്ധരാഷ്ട്രീയത്തിന്റെ പരിണതിയാണ് വി. എസിനുണ്ടായിരിക്കുന്നത്. അത് സഹതാപമര്‍ഹിക്കുന്നതല്ല. ആയ കാലത്ത് മാനുഷികതയുടെ തരിമ്പു പോലും പാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ കഴിയാത്ത വ്യക്തി നേതൃത്വം ഫാസിസ്റ്റ് ചിന്താഗതിയിലാണെന്ന് ഇപ്പോള്‍ പരിതപിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. തന്റെ വിശ്വസ്തരെ പോലും കൈവിട്ട പാരമ്പര്യമുള്ളയാള്‍ നടുക്കടലില്‍ കൈകാല്‍ ഇട്ടടിക്കുന്ന അവസ്ഥ നിയതിയുടെ നീതിയായി കരുതുകയേ നിവൃത്തിയുള്ളു. പുതിയ സെക്രട്ടറിക്ക് മുമ്പില്‍ ഒരുപാട് വെല്ലുവിളികളല്ല, ഒരൂപാട് കണക്കുതീര്‍ക്കലുകളാണുണ്ടാവുക എന്നാണ് തോന്നുന്നത്. പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്ക് കിട്ടുന്ന അപ്രമാദിത്വത്തിന്റെ ബലത്തില്‍ കൂടുതല്‍ വീര്യവാനായി മുന്നേറാന്‍ അദ്ദേഹം ശ്രമിക്കുന്നത് സ്വാഭാവികം. അതേസമയം വെല്ലുവിളികളും മറ്റും അതതിന്റെ രീതിയില്‍ ഉയര്‍ന്നുവരികയും ചെയ്യും. കണ്ണൂരിന്റെ വ്യത്യസ്തതയുള്ള രാഷ്ട്രീയത്തിന്റെ ചൂരും ചൂടും ആവോളം അറിഞ്ഞാസ്വദിക്കുകയും പ്രതിരോധിക്കുകയും ചെയ്തയാള്‍ എന്ന നിലക്ക് അതൊന്നും പ്രവര്‍ത്തനത്തിന് തടസ്സമായേക്കില്ല. എന്നാല്‍ രാഷ്ട്രീയ കുടിപ്പകയുടെ വൈറസുകള്‍ സമൃദ്ധമായി നുളയ്ക്കുന്ന വി.എസിനെപ്പോലുള്ളവര്‍ ഏതൊക്കെ ആയുധങ്ങളുമായാണ് അങ്കത്തട്ടിലേക്ക് വരുന്നത് എന്നറിയാനാവില്ല. അതിനൊക്കെ മറുപടിയായി പഴയ ആയുധങ്ങള്‍ തന്നെ രാകിമിനുക്കി ചിരിച്ചു നില്‍ക്കാന്‍ തന്നെയാണ് തിരുമാനിക്കുന്നതെങ്കില്‍ കാത്തിരുന്നു കാണുകയത്രെ കരണീയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.