തൊഴിലാളി വര്‍ഗ പ്രസ്ഥാനം സമ്മേളനങ്ങള്‍ക്ക് പൊടിച്ചത് 75 കോടി

Wednesday 25 February 2015 12:54 am IST

മാവേലിക്കര: തൊഴിലാളി വര്‍ഗ പ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തിയപ്പോള്‍ പൊടിച്ചത് 75 കോടിയോളം രൂപ. കരിമീന്‍ പൊള്ളിച്ചതും ചപ്പാത്തിയും ചിക്കന്‍കറിയുടെയും കണക്കുകള്‍ വരുമ്പോള്‍ ഇതിലും അധികമാകാം ചിലവ്. ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ സംസ്ഥാന സമ്മേളനം വരെ പൂര്‍ത്തീകരിക്കുമ്പോഴുള്ള ഏറ്റവും ചെറിയ കണക്കുകള്‍ വച്ചുള്ള തുകയാണ് ഇത്. സംസ്ഥാനത്ത് സിപിഎമ്മിന് 29,841 ബ്രഞ്ചുകളാണുള്ളത്. ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന തരത്തിലാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചത്. കൊടിതോരണങ്ങള്‍, പ്രചാരണ ബോര്‍ഡുകള്‍, ഭക്ഷണം എന്നിവയാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കായി ചെലവായത്. ഭൂരിപക്ഷം ബ്രാഞ്ചുകളിലും 50 പേര്‍ക്കുള്ള ഉച്ചഭക്ഷണമാണ് കരുതിയിരുന്നത്. ശരാശരി 7,500 രൂപാ മുതല്‍ 10,000 രൂപ വരെ ഒരു ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കായി ചെലവായിട്ടുണ്ട്. രണ്ട് ദിവസമായി നടന്ന ലോക്കല്‍ സമ്മേളനങ്ങളില്‍ 50,000 രൂപ മുതല്‍ 60,000 രൂപാ വരെയാണ് ചിലവായത്. 2025 ലോക്കല്‍ കമ്മറ്റികളാണ് സംസ്ഥാനത്തുള്ളത്. ശരാശരി 50,000 രൂപ ചെലവായാല്‍ പോലും എല്ലാ ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തീകരിച്ചപ്പോള്‍ 10,12,50,000 രൂപ ചെലവായി. ഏരിയ സമ്മേളനങ്ങള്‍ മൂന്ന് ദിവസങ്ങളിലായാണ് സംഘടിപ്പിച്ചത്. സമ്മേളനങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കൂറ്റന്‍ കമാനങ്ങള്‍,കൊടി തോരണങ്ങള്‍, രണ്ട് തരത്തിലുള്ള പോസ്റ്ററുകള്‍, പതാക, കൊടിമര ജാഥകള്‍, രണ്ട് ദിവസത്തെ ഭക്ഷണം, പ്രതിനിധികള്‍ക്ക് സഞ്ചി, റൈറ്റിങ് പാഡ്, പേന, ബാഡ്ജ്, സ്‌റ്റേജ്, മൈക്ക്, റെഡ് വോളന്റിയേഴ്‌സിനുള്ള ഡ്രസ്, പ്രകടനത്തിന് ആളുകളെ കൊണ്ടുവരുവാനുള്ള ചെലവ് തുടങ്ങി വന്‍ തുക തന്നെയാണ് ഏരിയ സമ്മേളനങ്ങള്‍ക്കായി വേണ്ടി വന്നത്. 206 ഏരിയ കമ്മറ്റികളാണ് നിലവിലുളളത്. 7.5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ് സമ്മേളനങ്ങള്‍ക്കായി ചെലവായത്. എട്ട് ലക്ഷം രൂപ വച്ചാണെങ്കിലും 16,48,00,000 രൂപയാണ് ചിലവ്. ജില്ലാ സമ്മേളനങ്ങള്‍ക്കും ചെലവ് കുറവല്ല. 50 ലക്ഷം രൂപാ വരെയാണ് വിവിധ കാര്യങ്ങള്‍ക്കായി ചിലവിട്ടത്. ജില്ലാ സമ്മേളന സ്വാഗതസംഘങ്ങളുടെ വരവ് ചെലവ് കണക്കുകളില്‍ പ്രകടനത്തിന് വാഹനങ്ങളില്‍ ആളെ കൊണ്ടുവന്നതിന്റെയും റെഡ് വോളന്റിയേഴ്‌സിന്റെ ഡ്രസും, ഇതിന്റെ മറ്റ് ചിലവുകളൊന്നും വരാറില്ല. ആയതിനാല്‍ സമ്മേളനത്തിന് പലപ്പോഴും കേന്ദ്രങ്ങളില്‍ മാത്രം ചെലവഴിക്കുന്ന തുകയാണ് കണക്കാക്കപ്പെടുന്നത്. ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിനും കൊടിതോരണങ്ങള്‍, ജില്ലയിലാകെ അനൗണ്‍സ്‌മെന്റുകള്‍, സെമിനാറുകള്‍, വിവിധ കലാ-കായിക മത്സരങ്ങള്‍, ചരിത്ര പ്രദര്‍ശനം, 25,000 പേരുടെ റെഡ് വോളന്റിയേഴ്‌സ് ഡ്രസ്, ഇതിന്റെ പരിശീലത്തിന്റെ ചെലവ്, പൊതു സമ്മേളന ദിവസത്തെ മൈക്കും സ്‌റ്റേജും, പ്രതിനിധികള്‍ക്ക് നാല് ദിവസത്തെ ഭക്ഷണം, സമാപന ദിവസം ജില്ലയില്‍ നിന്നും പുറത്തും നിന്നും എത്തുന്നവരുടെ വാഹനക്കൂലി തുടങ്ങി മറ്റ് ചെലവുകള്‍ എല്ലാം കൂടി ആലപ്പുഴയില്‍ മാത്രം 10 കോടിയോളം വരും.  സംസ്ഥാനത്ത് ബ്രാഞ്ച് മുതല്‍ സംസ്ഥാന സമ്മേളനത്തിന് വരെ ഏകദേശം 75 കോടിയോളം രൂപയാണ് ചെലവാക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.