ലോക്കോപൈലറ്റ്‌സ് പറഞ്ഞതാണ് ശരി

Wednesday 25 February 2015 1:15 am IST

തീവണ്ടികള്‍ വൈകുന്നതിന് തങ്ങളല്ല ഉത്തരവാദികള്‍ എന്നു പറഞ്ഞ ലോക്കോപൈലറ്റ്‌സാണ് ശരി. പാത ഇരട്ടിപ്പിക്കല്‍ പോലുള്ള അടിസ്ഥാന സൗകര്യവികസനം ഒച്ചിഴയുന്നതുപോലെ. ട്രെയിനുകളുടെ എണ്ണം കൂടുന്നു. സ്‌റ്റോപ്പുകളുടെ എണ്ണവും. പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും സൂപ്പര്‍ഫാസ്റ്റുകള്‍ക്കുപോലും തങ്ങളുടെ മണ്ഡലത്തില്‍ സ്‌റ്റോപ്പിനായി സമ്മര്‍ദ്ദം ചെലുത്തുന്നു. ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും ചെങ്ങന്നൂരും മാവേലിക്കരയിലും സ്‌റ്റോപ്പ് വേണം ചിലര്‍ക്ക്. മറ്റുചിലര്‍ക്ക് ആലുവയിലും അങ്കമാലിയിലും ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വേണം സ്‌റ്റോപ്പ്. വേറെചിലര്‍ക്ക് പട്ടാമ്പിയിലും കുറ്റിപ്പുറത്തും തിരൂരും താനൂരും പരപ്പനങ്ങാടിയിലും വേണം.  വന്നുവന്ന് വേണാട് എക്‌സ്പ്രസ് ലോക്കല്‍ട്രെയിന്‍പോലായി. പല സൂപ്പര്‍ഫാസ്റ്റുകള്‍ക്കും ഇനിയും സ്‌റ്റോപ്പ് വേണമെന്ന സമ്മര്‍ദ്ദം തുടരുന്നു. ഈ സമ്മര്‍ദ്ദം അടിസ്ഥാനസൗകര്യ വികസനത്തിന്, സ്ഥലമെടുത്തുനല്‍കുന്നതിന് എന്തുകൊണ്ട് ഉണ്ടാകുന്നില്ല. ജനങ്ങളുടെ ആവശ്യം നിറവേറ്റണം; എന്നാല്‍ റെയില്‍വേയുടെ ആവശ്യം നിറവേറ്റാന്‍ നടപടിയില്ല. റെയില്‍വേമന്ത്രിയും ഉപരിതലഗതാഗതമന്ത്രിയും കേരളത്തില്‍ വന്ന് പരസ്യമായി പറഞ്ഞു: ആവശ്യത്തിന് സ്ഥലം നല്‍കൂ, പദ്ധതി നല്‍കാം, പണം നല്‍കാം. പക്ഷെ ആരുണ്ട് കേള്‍ക്കാന്‍? നമ്മുടെ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും വേറെ എന്തൊക്കെ പണി കിടക്കുന്നുവല്ലേ!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.