വിഎസിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി

Wednesday 25 February 2015 11:22 am IST

കൊച്ചി:വിഎസിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനിയില്‍ ലേഖനം. 'അടിതെറ്റിയ ആകാശക്കോട്ടകള്‍' എന്ന തലക്കെട്ടിലാണ് ലേഖനം. ശത്രുക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ആയുധമാണ് വി എസിന്റെ 'ബദല്‍രേഖ'യെന്ന് കെപിസിസി യോഗം ചൊവ്വാഴ്ച കൈക്കൊണ്ട തീരുമാനം വ്യക്തമാക്കുന്നുവെന്നും ലേഖനം അടിവരയിടുന്നു. സംഘടനാപരമായി മാത്രമല്ല രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് വി.എസ്സിന്റെ 'ബദല്‍രേഖ'യും അതേത്തുടര്‍ന്നുള്ള നിലപാടുകളുമെന്നും ദേശാഭിമാനി വ്യക്തമാക്കുന്നു. വി.എസ് പ്രമാണിത്തം ഉപേക്ഷിച്ച് തെറ്റുതിരുത്തണമെന്ന് ദേശാഭിമാനി വ്യക്തമാക്കുന്നു. വി എസ് അച്യുതാനന്ദന്റെ പരസ്യപ്പെടുത്തിയ 'ബദല്‍രേഖ' കെപിസിസിയോഗം ആയുധമാക്കിയതും പുതിയ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത് സ്ഥാനമൊഴിഞ്ഞ സെക്രട്ടറിയുടെ നിര്‍ദേശം അവഗണിച്ചാണെന്ന നുണവാര്‍ത്തയും കേരളരാഷ്ട്രീയത്തിലെ വര്‍ത്തമാനകാല പ്രവണതകളിലേക്കുള്ള വിരല്‍ചൂണ്ടലാണെന്നും ദേശാഭിമാനി അടിവരയിടുന്നു. വി എസ് അച്യുതാനന്ദന്‍ എത്തിയില്ലെങ്കില്‍ ആലപ്പുഴ ഇ എം എസ് സ്‌റ്റേഡിയത്തില്‍ ജനലക്ഷങ്ങള്‍ പോയിട്ട് പൂച്ചക്കുട്ടികള്‍പോലും എത്തില്ലെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയായിരുന്നു സമാപന റാലി.സമ്മേളനത്തിനും റാലിക്കും വി എസ് വരില്ലെന്ന് മാധ്യമങ്ങള്‍ നേരത്തെ അറിയിച്ചിട്ടും ജനലക്ഷങ്ങള്‍ ചെങ്കൊടിയേന്തി സ്‌റ്റേഡിയത്തിന് അകത്തും പുറത്തുമായി എത്തി. 25,000 ചുവപ്പ് വളന്റിയര്‍മാര്‍ നേതാക്കളുടെ സല്യൂട്ട് സ്വീകരിച്ചു. വ്യക്തി എത്ര മഹാനാണെങ്കിലും അല്ലെങ്കിലും ആ വ്യക്തിയുടെ പേരിലല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊള്ളുന്നതെന്ന് ആലപ്പുഴ റാലി വിളംബരംചെയ്തു. പിണറായി വിജയന്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ നിലയ്ക്കാത്ത മുഴങ്ങിയ സംഘടിത ആരവം പിണറായി സ്വീകരിച്ച പാര്‍ടി സംഘടനാരാഷ്ട്രീയ നിലപാടുകള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്. വി എസിന്റെ പേര് ഉപയോഗിച്ച് സിപിഎം തകരാന്‍ പോകുകയാണെന്ന് സ്വപ്നംകണ്ട കെപിസിസി പ്രസിഡന്റ് വി എം സുധീരനോട് ആലപ്പുഴ റാലി കണ്‍കുളിര്‍ക്കെ കാണാന്‍ വൃന്ദ കാരാട്ട് ഉപദേശിച്ചത് പ്രസക്തമാണ്. സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി വിജയന്‍ ഇ പി ജയരാജന്റെ പേര് നിര്‍ദേശിച്ചതായും അത് നിരാകരിച്ച് കോടിയേരിയെ സെക്രട്ടറിയാക്കാന്‍ പിബി നിര്‍ദേശിച്ചെന്നുമുള്ള വാര്‍ത്തകള്‍ കെട്ടുകഥയാണെന്നും ദേശാഭിമാനി പറയുന്നു.'വ്യക്തിമഹാത്മ്യ സിദ്ധാന്തം' നിരാകരിച്ച റാലിയിലെ നേതാക്കളുടെ പ്രസംഗമാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. രക്തസാക്ഷിത്വത്തേക്കാള്‍ വലുതായി ഒരു ത്യാഗവുമില്ലെന്ന് ചൂണ്ടിക്കാട്ടുകയും ജീവരക്തംകൊണ്ട് ലോക്കപ്പ് മുറിയിലെ ഭിത്തിയില്‍ ചുവപ്പുപരത്തിയ ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ ധീരസ്മരണ അയവിറക്കുകയും ചെയ്തത് വര്‍ത്തമാനകാല രാഷ്ട്രീയ അവസ്ഥകളോടുള്ള പ്രതികരണമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.