ചക്കരക്കല്ല് (കണ്ണൂര്‍): കണ്ണൂര്‍ ചക്കരക്കല്ലില്‍ ബിജെപി നേതാവിനെ സിപിഎം അക്രമിസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബിജെപി ചെമ്പിലോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും മുതുകുറ്റി ചാലില്‍ പൊയില്‍ രവീന്ദ്രന്റെ മകനുമായ സി.പി. രഞ്ജിത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
സ്ഥലം എംഎല്‍എ കെ.കെ. നാരായണന്റെ സഹോദരന്റെ മകന് കണയന്നൂരെ വിനുവിന്റെ നേതൃത്വത്തിലെ പത്തംഗ സംഘമാണ് രഞ്ചിത്തിനെ ആക്രമിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
നിര്‍മ്മാണത്തൊഴിലാളിയായ രഞ്ജിത്തും സഹോദരന് രജീഷും ബൈക്കില്‍ ജോലിക്ക് പോകവെ മുതുകുറ്റിയില്വെച്ച് തടഞ്ഞു നിര്‍ത്തി വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു.
രഞ്ജിത്തിന്റെ തലയ്ക്കും കൈകാലുകള്‍ക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രഞ്ചിത്തിനെ ആദ്യം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില മോശമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്തിന്റെ കൈകാലുകള്‍ അറ്റുതൂങ്ങിയ നിലയിലാണ്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ രഞ്ജിത്ത് അപകടനില തരണം ചെയ്തിട്ടില്ല. സഹോദരന് രജീഷിനും ആക്രമണത്തില്‍ പരിക്കേറ്റു. എന്നാല്‍ സമീപത്തെ വീട്ടില്‍ അഭയം പ്രാപിച്ചതിനാല്‍ രജീഷിന് സാരമായ മുറിവുകളേറ്റില്ല. ചക്കരക്കല്ല് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: