നിലം നികത്തി സ്‌കൂള്‍ കെട്ടിടം; നടപടിയെടുക്കണമെന്ന് കളക്ടര്‍ക്ക് പരാതി നല്‍കി

Wednesday 25 February 2015 5:45 pm IST

ആലപ്പുഴ: നിലം നികത്തി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കി നിലം പുനഃസ്ഥാപിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കി. പറവൂര്‍ ബ്രൈറ്റ് ലാന്‍ഡ് സ്‌കൂള്‍ ഉടമ ഉഷാ വെങ്കിടേഷ് ഹൈക്കോടതി ഉത്തരവ് പാലിക്കാത്ത സാഹചര്യത്തില്‍ നിലം പുനഃസ്ഥാപിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലാണ് പരാതി നല്‍കിയത്. എന്നാല്‍ കളക്‌ട്രേറ്റിലെ ചില ഉദ്യോഗസ്ഥര്‍ കളക്ടറുടെ മുമ്പാകെ ഫയല്‍ എത്തിക്കാതെ ഒത്തുകളിക്കുന്നതായും ആക്ഷേപമുയരുന്നു. പറവൂര്‍ വില്ലേജിലെ 51.40 ആര്‍സ് നിലം നികത്തിയാണ് നെല്‍ വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് ഉഷാ വെങ്കിടേഷ് സ്വകാര്യ സ്‌കൂളിനായി ബഹുനില കെട്ടിടം നിര്‍മ്മിച്ചത്. സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചത് നിയമവിരുദ്ധമായതിനാല്‍ 15 ദിവസത്തിനുള്ളില്‍ നിലം പൂര്‍വസ്ഥിയിലാക്കണമെന്ന് ജില്ലാ കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സ്‌കൂള്‍ ഉടമ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം 28-ാം വകുപ്പ് പ്രകാരം കൃഷിവകുപ്പ് സെക്രട്ടറി മുമ്പാകെ റിവിഷന്‍ ഹര്‍ജി നല്‍കി പരിഹാരം തേടാനും കോടതിവിധിയുടെ പകര്‍പ്പ് കിട്ടി രണ്ടാഴ്ചയ്ക്കകം കൃഷി സെക്രട്ടറിക്ക് പരാതി നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൃഷി സെക്രട്ടറി മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നും ഇതുവരെ തത്‌സ്ഥിതി തുടരാനും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉഷാ വെങ്കിടേഷ് ഹൈക്കോടതി വിധി വന്ന് ഒരുമാസത്തിന് ശേഷമാണ് കൃഷി സെക്രട്ടറിക്ക് പരാതി നല്‍കാന്‍ തയാറായത്. ഈ സാഹചര്യത്തില്‍ തത്‌സ്ഥിതി തുടരണമെന്ന ഹൈക്കോടതി ഉത്തരവിന്റെ സംരക്ഷണം സ്‌കൂള്‍ ഉടമയ്ക്ക് ലഭിക്കില്ലെന്നും കളക്ടറുടെ നേരത്തെയുള്ള ഉത്തരവ് പ്രാബല്യത്തിലാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.