വേണുഗോപാല്‍ വധം; സ്മിതയുമായി തെളിവെളുപ്പ് നടത്തി

Wednesday 25 February 2015 5:46 pm IST

മണ്ണഞ്ചേരി: കലവൂര്‍ ഐടിസി കോളനിയില്‍ വേണുഗോപാലി (46)നെ വധിച്ച കേസിലെ പ്രതിയും കെഎസ്ഇബി ജിവനക്കാരിയുമായ സ്മിതയെ കസ്റ്റഡിയില്‍ വാങ്ങി ഫെബ്രുവരി 24ന് രാവിലെ പതിനൊന്നോടെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് സ്മിതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കുറ്റകൃത്യം നടത്താന്‍ വന്‍തോതില്‍ പ്രതി പണം ചിലവഴിച്ചെന്നും മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും അനുവാദമില്ലാതെ നല്‍കി മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ് സ്വന്തമാക്കി ഉപയോഗിച്ചെന്നും സ്മിതയ്‌ക്കെതിരായ കുറ്റപത്ര രേഖയില്‍ സുചനയുണ്ട്. കലവൂര്‍, കൊമ്മാടി എന്നിവിടങ്ങളിലെ ബാങ്കുകള്‍, സിം വാങ്ങിയ കലവൂരിലെ മൊബൈല്‍ ഷോപ്പ്, കേസിലെ മറ്റൊരു പ്രതിയായ മാരാരിക്കുളം തെക്ക് 18-ാം വാര്‍ഡ് തണല്‍ വീട്ടില്‍ ഗിരിഷിന്റെ വീട് എന്നിവിടങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ജനുവരി 28ന് പുലര്‍ച്ചെ 6.30നായിരുന്നു കൊലപാതകം നടന്നത്. പ്രഭാത സവാരി കഴിഞ്ഞെത്തിയ വേണുഗോപാലിനെ ബൈക്കിലെത്തിയ ആറംഗ സംഘം കലവൂര്‍ ഐടിസി കോളനിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ നാല് സ്ത്രീകള്‍ ഉള്‍പെടെ പന്ത്രണ്ടോളം പ്രതികളെ ഇതുവരെ പോലീസ് അറസ്റ്റുചെയ്തു. ഇനിയും ഏഴോളം പേരെ പിടികൂടാനുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ ചിലര്‍ പോലീസ് പിടിയിലുണ്ടെന്നാണ് വിവരം, എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. വൈകാതെ തന്നെ പ്രതികളെല്ലാം പിടിയിലാകുമെന്ന് അന്വേഷണ ചുമതലയുള്ള മാരാരിക്കുളം സിഐ: കെ.ജി.അനീഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.